IndiaPolitical

കേന്ദ്ര സര്‍ക്കാരിന്റെ വേട്ടയാടല്‍; ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുന്നതായി ആംനസ്റ്റി

കേന്ദ്രസര്‍ക്കാര്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് വേട്ടയാടുന്നുവെന്ന് ആരോപിച്ച് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷനല്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു. ഈ മാസം ആദ്യം സംഘടനയുടെ അക്കൗണ്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു.

സംഘടനയ്ക്കു നിയമവിരുദ്ധമായി വിദേശ ഫണ്ടുകള്‍ ലഭിക്കുന്നുണ്ടെന്നും വിദേശ സംഭാവന (റെഗുലേഷന്‍) നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. സെപ്റ്റംബര്‍ 10നാണ് മോദി സര്‍ക്കാര്‍ ആംനസ്റ്റി ഇന്റര്‍നാഷനല്‍ ഇന്ത്യയുടെ ബാങ്ക് അക്കൗണ്ടുകള്‍ പൂര്‍ണമായും മരവിപ്പിച്ചത്.

ഇതോടെയാണ്, സംഘടന ഇന്ത്യയില്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തലാക്കുന്നതായി ആംനസ്റ്റി വാര്‍ത്താകുറിപ്പില്‍ അറിയിച്ചത്. കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്നും ഇതു കാരണം ജീവനക്കാരെ പിരിച്ചുവിടാന്‍ തങ്ങള്‍ നിര്‍ബന്ധിതരായെന്നും ആനംസ്റ്റി ചൂണ്ടിക്കാട്ടുന്നു. ഇതുമൂലം സംഘടനയുടെ രാജ്യത്തെ എല്ലാ പ്രവര്‍ത്തനങ്ങളും ക്യാംമ്പയിനുകളും നിര്‍ത്തിവെച്ചതായും ഇന്ത്യയിലെ എല്ലാ ജീവനക്കാരെയും പിരിച്ചുവിടാനും പ്രചാരണവും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്താനും നിര്‍ബന്ധിതരായെന്നും സംഘടന അറിയിച്ചു.

സംഘടന എല്ലാ ഇന്ത്യന്‍, അന്തര്‍ദേശീയ നിയമങ്ങളും പാലിച്ചിട്ടുണ്ടെന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങളുയര്‍ത്തി ഇന്ത്യന്‍ സര്‍ക്കാര്‍ മനുഷ്യാവകാശ സംഘടനകളെ നിരന്തരം വേട്ടയാടുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിതെന്നും ആംനസ്റ്റി ഇന്ത്യ വിമര്‍ശിച്ചു.

കശ്മീരിനു പ്രത്യേകാവകാശം നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെയും ഫെബ്രുവരിയില്‍ വടക്കു കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ മുസ്ലിം വിരുദ്ധ കലാപത്തിലും ജമ്മു കശ്മീരിലും നടന്ന അവകാശ ലംഘനങ്ങളെക്കുറിച്ചും ആംനസ്റ്റി സമീപകാലത്ത് വിമര്‍ശനമുയര്‍ത്തിയിരുന്നു.

കഴിഞ്ഞ രണ്ടു വര്‍ഷമായി ആംനസ്റ്റി ഇന്റര്‍നാഷനല്‍ ഇന്ത്യയ്‌ക്കെതിരായ തുടര്‍ച്ചയായ അടിച്ചമര്‍ത്തലുകളും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കലും ആകസ്മികമല്ല. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ നിരന്തരം ഉപദ്രവിക്കുകയാണ്.

സര്‍ക്കാരില്‍ സുതാര്യത വേണമെന്ന ഞങ്ങളുടെ ആഹ്വാനത്തിന്റെ ഫലമാണിത്. അടുത്തിടെ ഡല്‍ഹി കലാപത്തിലും ജമ്മു കശ്മീരിലുമുള്ള ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ഡല്‍ഹി പോലിസിന്റെയും ഇന്ത്യന്‍ സര്‍ക്കാരിന്റെയും ഉത്തരവാദിത്തത്തെ കുറിച്ച് ശബ്ദമുയര്‍ത്തിയിരുന്നു. അനീതിക്കെതിരേ ശബ്ദമുയര്‍ത്തുന്ന ഒരു പ്രസ്ഥാനത്തെ വേട്ടയാടുന്നത് വിയോജിപ്പുകളെ ഇല്ലാതാക്കുന്നതിനു തുല്യമാണെന്നും ആംനസ്റ്റി ഇന്റര്‍നാഷനല്‍ ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അവിനാഷ് കുമാര്‍ പറഞ്ഞു.

ആംനസ്റ്റിയുടെ വിദേശ ഫണ്ട് സ്വീകരിക്കുന്നതിലെ ക്രമക്കേടുകളെ കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിച്ചുവരികയാണെന്ന് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.

2017 ല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആംനസ്റ്റി ഇന്ത്യയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു. തുടര്‍ന്ന് ആംനസ്റ്റി കോടതിയെ സമീപിക്കുകയും പൂര്‍വസ്ഥിതിയിലാക്കുകയും ചെയ്തു. പക്ഷേ, അക്കൗണ്ടുകള്‍ സീല്‍ ചെയ്തു. പിന്നീട് മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ആംനസ്റ്റി ഇന്റര്‍നാഷനല്‍ യുകെ 10 കോടി രൂപ ആംനസ്റ്റി ഇന്ത്യയ്ക്കു എഫ്ഡിഐയായി കൈമാറിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം സിബിഐ കേസെടുത്തിരുന്നു.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x