ഗുലാം നബി ആസാദ് കോൺഗ്രസ്സ് വിട്ടു; സ്വയം നവീകരിക്കാൻ കഴിയാതെ നേതൃത്വം
ശവപ്പെട്ടിയിൽ കയറിക്കിടന്ന് അവസാനത്തെ ആണി അടിക്കാൻ വരുന്നവരെ കാത്തിരിക്കുന്ന നേതൃത്വമായി കോൺഗ്രസ് മാറുന്നു എന്നത് ഗുലാം നബി ആസാദിന്റെ രാജി കൂടി സംഭവിച്ചതോടെ കൂടുതൽ വ്യക്തമാകുന്നു.
രാജ്യത്തിന് കോൺഗ്രസിനെ ആവശ്യമുള്ള നേരത്താണ് ആ പാർട്ടി സ്വാഭാവിക മരണത്തിന് വേണ്ടി തയ്യാറെടുക്കുന്നത്. സോണിയ ഗാന്ധിക്ക് അയച്ച കത്തിൽ രാഹുലിന്റെ നേതൃത്വം കോൺഗ്രസിനെ എങ്ങിനെയൊക്കെയാണ് നശിപ്പിച്ചത് എന്ന് ഗുലാം നബി ആസാദ് കൃത്യമായി വിവരിക്കുന്നുണ്ട്.
കഴിഞ്ഞ മൂന്നുവർഷമായി കോൺഗ്രസിന് ഒരു മുഴുസമയ ദേശീയ പ്രസിഡന്റില്ല. ദേശീയ തെരഞ്ഞെടുപ്പിലേക്ക് ഇനി ബാക്കിയുള്ളത് രണ്ടു വർഷത്തോളം മാത്രം. ഒരു ദേശീയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള ശേഷി പോലുമില്ലാത്ത പാർട്ടിക്ക് എങ്ങിനെയാണ് രാജ്യത്തെ നയിക്കാനുള്ള നേതൃത്വത്തെ കണ്ടെത്തുന്നത്.
കോൺഗ്രസിൽനിന്ന് 2014 മുതൽ കൊഴിഞ്ഞുപോയ നേതാക്കളുടെ നിരയെ നോക്കുക. അധികാര മോഹത്താൽ പാർട്ടി വിട്ടവരുണ്ടാകും. നേതൃത്വത്തിന്റെ കൊള്ളരുതായ്മകളിൽ മനം മടുത്ത് പോയവർ അതിലുമേറെ. കോൺഗ്രസ് എന്നത് നെഹ്‌റു കുടുംബത്തിന് പാരമ്പര്യാവകാശമുള്ള സ്വത്താണ് എന്ന് വിചാരിക്കുന്ന നേതാക്കളുണ്ട്. അവർ പക്ഷെ, പാർട്ടി നിലനിൽക്കുന്ന കാലത്തോളം അതിൽ നിന്ന് എന്തെങ്കിലുമൊക്കെ കിട്ടി ജീവിക്കണം എന്ന് വിചാരിക്കുന്നവരാണ്.
കോൺഗ്രസിൽ നിന്ന് ചുരുങ്ങിയ കാലം കൊണ്ട് പടിയിറങ്ങിയവർ ഒത്തുചേർന്നാൽ പോലും ഇപ്പോഴുള്ള കോൺഗ്രസിനേക്കാൾ ശക്തിയുള്ള ഒരു നിരയെ സൃഷ്ടിക്കാനാകും. പാർട്ടിയെ രാഹുലിന് ആവശ്യമില്ല. കെ.സി വേണുഗോപാൽ അടക്കമുള്ള ചുരുക്കം നേതാക്കൾ മാത്രമാണ് രാഹുലിന്റെ കോൺഗ്രസ്.
2014 മുതൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടനം ശ്രദ്ധിക്കുക. രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ അപമാനകരമായ രീതിയിൽ തോറ്റു. 2014 മുതൽ 2022 വരെ നടന്ന 49 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ 39 എണ്ണത്തിലും പരാജയപ്പെട്ടു. നാല് സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ മാത്രമാണ് വിജയിച്ചത്. നിലവിൽ രണ്ട് സംസ്ഥാനങ്ങളിൽ മാത്രമാണ് കോൺഗ്രസ് ഭരണം. മറ്റ് രണ്ട് സംസ്ഥാനങ്ങളിൽ വളരെ നാമമാത്രമായ സഖ്യകക്ഷിയും. ഇന്ത്യയെ വർഷങ്ങളായി ഭരിച്ച ഒരു പാർട്ടിയുടെ അവസ്ഥയാണിത്.
കോൺഗ്രസിന് ഇപ്പോഴും തിരിച്ചുവരാനുള്ള ശേഷിയുണ്ട്. പക്ഷെ, തിരിച്ചുവരണം എന്ന ചെറിയൊരു മോഹമെങ്കിലും അതിന്റെ നേതാക്കൾക്കുണ്ടാകണം.
വഹീദ് സമാൻ
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS