Sports

ഇന്ത്യാ-പാക്ക് ക്രിക്കറ്റ്; സ്പോർട്സ് മനുഷ്യരെ ഒന്നിപ്പിക്കാനാണ്, ഭിന്നിപ്പിക്കാനുള്ളതല്ല

സന്ദീപ് ദാസ്

സ്പോർട്സ് മനുഷ്യരെ ഒന്നിപ്പിക്കാനുള്ളതാണ്; ഭിന്നിപ്പിക്കാനുള്ളതല്ല. സ്നേഹമാണ് കളിയുടെ അടിസ്ഥാനം.

ഈ വസ്തുത തിരിച്ചറിയാൻ നമുക്ക് സാധിക്കണം. പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് സംഭവിച്ച തോൽവിയുടെ നിരാശ അപ്പോൾ മാറും.

ഏതാണ്ട് 30 വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് പാക്കിസ്ഥാൻ ഇന്ത്യയെ ലോകകപ്പിൽ പരാജയപ്പെടുത്തിയത്.

വിജയശിൽപികളായ ബാബർ അസമിനും മുഹമ്മദ് റിസ്വാനും വേണമെങ്കിൽ പുരപ്പുറത്ത് കയറി ആഘോഷിക്കാമായിരുന്നു. പക്ഷേ കളി കഴിഞ്ഞപ്പോൾ അവർ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ പുണരുകയാണ് ചെയ്തത്.

വിരാടും മോശമാക്കിയില്ല. അയാൾ ചിരിച്ചുകൊണ്ട് പാക് ഓപ്പണർമാരെ അഭിനന്ദിച്ചു.

കളിയിലെ ജയപരാജയങ്ങളേക്കാൾ വലുതാണ് മനുഷ്യസ്നേഹം.

പാക്കിസ്ഥാനിൽ ഒരു വൃദ്ധനായ ക്രിക്കറ്റ് ആരാധകൻ ജീവിക്കുന്നുണ്ട്. ചാച്ച എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന മുഹമ്മദ് ബഷീർ. ധോനി വിരമിച്ച സമയത്ത് ചാച്ച പറഞ്ഞത് ഇങ്ങനെയാണ്-

”ഒരുപാട് കളിക്കാർ വിരമിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ ധോനിയുടെ വിടവാങ്ങലാണ് ഏറ്റവും ഹൃദയഭേദകം. ഞാൻ കളി കാണൽ അവസാനിപ്പിക്കുകയാണ്…!”

ചാച്ചയ്ക്ക് കളി കാണാനുള്ള ടിക്കറ്റുകൾ ധോനിയാണ് സംഘടിപ്പിച്ചു നൽകാറുള്ളത്. തീവ്രമായ സ്നേഹത്തിൻ്റെ പ്രതീകമാണ് ചാച്ച. അതുകൊണ്ടാണ് ‘ശത്രു’ ആയ ധോനിയെ അദ്ദേഹം ഇത്രമേൽ നെഞ്ചോടുചേർക്കുന്നത്.

ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും സാധാരണക്കാരായ ജനങ്ങൾക്ക് പരസ്പരം സ്നേഹം മാത്രമേയുള്ളൂ. അവരെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്നത് മാദ്ധ്യമങ്ങളാണ്.

മണിക്കൂറിൽ 140 കിലോമീറ്ററിനുമുകളിൽ വേഗതയിൽ സ്വിംഗിങ്ങ് ഡെലിവെറികൾ എറിഞ്ഞ ഷഹീൻ അഫ്രീദിയുടെ ബോളിങ്ങ് ഒരു വിരുന്ന് തന്നെയായിരുന്നു. അയാൾക്ക് ആകെ 21 വയസ്സേയുള്ളൂ. ഒരുപാട് ക്രിക്കറ്റ് ഇനിയും അവശേഷിക്കുന്നു.

സിംബാബ്വേ മർദ്ദകൻ എന്ന പരിഹാസം കേട്ട ആളാണ് ബാബർ അസം. പക്ഷേ ഈ തലമുറയിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളാണ് താൻ എന്ന് അയാൾ ദുബായിൽ തെളിയിച്ചു.

പണ്ട് നാം വസീം അക്രത്തിൻ്റെ ബോളിങ്ങും ഇൻസമാം ഉൾ ഹഖിൻ്റെ ബാറ്റിങ്ങും ആസ്വദിച്ചിട്ടില്ലേ? അതുപോലെ ഷഹീനെയും ബാബറിനെയും നെഞ്ചിലേറ്റുന്നതിൽ എന്താണ് തെറ്റ്?

ഒന്ന് പിന്തിരിഞ്ഞുനോക്കിയാൽ ഇന്ത്യ-പാക്കിസ്ഥാൻ ലോകകപ്പ് മത്സരങ്ങൾ ഇന്ത്യൻ ആരാധകർക്ക് ആഘോഷിക്കാനുള്ള ഒത്തിരി കാര്യങ്ങൾ തന്നിട്ടില്ലേ?

നമ്മുടെ ഓർമ്മകളിൽ ഷോയബ് അക്തറിനെ നിർദ്ദയം പ്രഹരിക്കുന്ന സച്ചിൻ തെൻഡുൽക്കറുണ്ട്.
വിരാട് കോഹ്ലിയുടെ ഒറ്റയാൾ പോരാട്ടങ്ങളുണ്ട്.

വഖാർ യുനീസിനെ ചിന്നസ്വാമി സ്റ്റേഡിയത്തിൻ്റെ എല്ലാ മൂലകളിലേയ്ക്കും അടിച്ചുപറത്തിയ അജയ് ജഡേജയുണ്ട്.

2007ലെ ടി20 ലോകകപ്പ് ഇന്ത്യയിലെത്തിച്ച ശ്രീശാന്തിൻ്റെ ക്യാച്ചുണ്ട്.

2019 ലോകകപ്പിൽ രോഹിത് ശർമ്മ നേടിയ ക്ലാസിക് സെഞ്ച്വറിയുണ്ട്.

അങ്ങനെ എത്രയെത്ര മറക്കാനാവാത്ത നിമിഷങ്ങൾ! ആ നിലയ്ക്ക് ഈ തോൽവി നമുക്ക് ക്ഷമിക്കാം. ഇന്ത്യൻ ടീമിനുവേണ്ടി തുടർന്നും ആർപ്പുവിളിക്കാം. പാക്കിസ്ഥാനെ മനസ്സുതുറന്ന് അഭിനന്ദിക്കാം.

കയ്യൊപ്പ് എന്ന സിനിമയിൽ മമ്മൂട്ടി ജാഫർ ഇടുക്കിയോട് പറയുന്ന ഒരു വാചകമുണ്ട്-

”ആരിൽ നിന്നെല്ലാമോ എനിക്ക് കിട്ടിയ സ്നേഹമാണ് ഞാൻ നിനക്ക് തന്നത്. അത് നിന്നിൽ നിന്ന് മറ്റൊരാളിലേയ്ക്ക്. അങ്ങനെ പകർന്നുനൽകുന്ന സ്നേഹമാണ് ഈ ലോകത്തെ നിലനിർത്തുന്നത്…!”

2 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x