എഫ്എ കപ്പ്; യുണൈറ്റഡിനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റിക്ക് കിരീടം
ചിരവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് പരാജയപ്പെടുത്തി മാഞ്ചസ്റ്റർ സിറ്റിക്ക് എഫ്എ കപ്പ് കിരീടം.
ജർമൻ താരം ഇൽകായ് ഗുണ്ടോഗൻ മത്സരത്തിന്റെ ഇരു പകുതികളിലുമായി നേടിയ ഇരട്ടഗോളിലാണ് സിറ്റിയുടെ വിജയം. ഒന്ന്, 51 മിനിറ്റുകളിൽ ഗുണ്ടോഗന്റെ രണ്ട് ബുള്ളറ്റ് ഉഗ്രൻ വോളികൾ യുണൈറ്റഡ് ഗോൾകീപ്പർ ഡേവിഡ് വിയ്യയെ നിസ്സഹായനാക്കി വലയിലേക്ക് കയറുകയായിരുന്നു.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആശ്വാസ ഗോൾ 33ാം മിനിറ്റിൽ പെനാൽറ്റിയിൽ നിന്ന് ബ്രൂണോ ഫെർണാണ്ടസിന്റെ വകയായിരുന്നു.
മത്സരത്തിന്റെ ആദ്യ മിനിറ്റിൽ ഗോൾ നേടിയ ഗുണ്ടോഗൻ ചരിത്രത്തിലും ഇടംപിടിച്ചു. എഫ്എ കപ്പ് ഫൈനലുകളിലെ ഏറ്റവും വേഗമേറിയ ഗോളാണ് ഗുണ്ടോഗൻ കുറിച്ചത്. മത്സരം ആരംഭിച്ച് 12ാം സെക്കൻഡിൽ ഗോൾ നേടിയ ഗുണ്ടോഗൻ, 2009ലെ ഫൈനലിൽ ചെൽസിക്കെതിരെ 25ാം സെക്കൻഡിൽ എവർട്ടനായി ഗോൾ നേടിയ ലൂയിസ് സാഹയുടെ റെക്കോർഡ് മറികടന്നു.
ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ കിരീടം നേടിയതിനു പിന്നാലെയാണ് എഫ്എ കപ്പിലും സിറ്റി വിജയക്കൊടി നാട്ടിയത്. യുവേഫ ചാംപ്യൻസ് ലീഗിലും ഫൈനലിൽ കടന്ന സിറ്റി, അടുത്ത ശനിയാഴ്ച നടക്കുന്ന ആവേശപ്പോരാട്ടത്തിൽ ഇന്റർ മിലാനെ നേരിടും.
യുണൈറ്റഡ് പ്രതിരോധനിരയുടെ പിഴവിൽ നിന്നാണ് ആദ്യ ഗോൾ വന്നത്. പൊടുന്നനെ മുമ്പിലെത്തിയ പന്ത് സിറ്റി നായകൻ ഗുണ്ടോഗൻ കനത്ത വോളിയിലൂടെ പോസ്റ്റിലേക്ക് അടിച്ചുകയറ്റുമ്പോൾ ഗോൾകീപ്പർ ഡേവിഡ് വിയ്യ നോക്കിനിൽക്കാനെ കഴിഞ്ഞുള്ളൂ.
ഏറെക്കുറേ ആദ്യ ഗോളിന്റെ ആവർത്തനമായിരുന്നു 51ാം മിനിറ്റിലെ ഗുണ്ടോഗന്റെ രണ്ടാം ഗോൾ. ബോക്‌സിന് പുറത്തേക്ക് കെവിൻ ഡിബ്രുയിൻ നൽകിയ ഫ്രീകിക്കിൽ നിന്നുള്ള പാസ്സിൽ നിന്നാണ് രണ്ടാം ഗോൾ വന്നത്.
ഇരുടീമുകളുടെയും ക്യാപ്റ്റൻമാരാണ് മത്സരത്തിൽ ഗോളടിച്ചത്. എഫ് എ കപ്പ് ചരിത്രത്തിൽ ഇതും ഒരു അപൂർവതയായി മാറി. ഗോൾവല ലക്ഷ്യമാക്കി ഷോട്ട് ഉതിർക്കുന്നതിലും മുന്നേറ്റത്തിലുമെല്ലാം സിറ്റി തന്നെയാണ് മുന്നിട്ട് നിന്നത്.
1999ൽ ഇതിഹാസ പരിശീലകൻ സർ അലക്‌സ് ഫെർഗൂസന് കീഴിൽ യുണൈറ്റഡ് പ്രിമിയർ ലീഗും എഫ്എ കപ്പും ചാംപ്യൻസ് ലീഗും നേടിയിരുന്നു. പെപ് ഗ്വാർഡിയോളയുടെ കീഴിൽ പ്രിമിയർ ലീഗ്എഫ്എ കപ്പ് ചാംപ്യൻസ് ലീഗ് ട്രെബിൾ നേട്ടമാണ് സിറ്റിയുടെ ലക്ഷ്യം.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS