
ഗണ്ണേഴ്സിനെ മുക്കി സിറ്റി
ലണ്ടന്‍: കൊവിഡ് വ്യാപനം സൃഷ്ടിച്ച മൂന്നു മാസത്തെ ഇടവേളയ്ക്കു ശേഷം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പുനരാരംഭിച്ചു. ആദ്യദിനം രണ്ടു മല്‍സരങ്ങളാണ് നടന്നത്. ലീഗ് പുനരാരംഭിച്ചു കൊണ്ടുള്ള ആദ്യ കളിയില്‍ ആസ്റ്റന്‍വില്ലയും ഷെഫീല്‍ഡ് യുണൈറ്റഡും ഗോള്‍രഹിത സമനലയില്‍ പിരിഞ്ഞു. രണ്ടാമത്തെ വമ്പൻ പോരാട്ടത്തിൽ നിലവിലെ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും ആഴ്‌സണലും കൊമ്പുകോര്‍ത്തപ്പോള്‍ ജയം സിറ്റിക്കായിരുന്നു.
സ്വന്തം മൈതാനത്ത് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു ഗണ്ണേഴ്‌സിനെ സിറ്റി തരിപ്പണമാക്കി.
റഹീം സ്റ്റെര്‍ലിങ് (45ാം മിനിറ്റ്), കെവിന്‍ ഡിബ്രുയ്‌ന (51), ഫില്‍ ഫോഡെന്‍ (90) എന്നിവരാണ് സിറ്റിയുടെ സ്‌കോറര്‍മാര്‍.
രണ്ടാം പകുതിയാരംഭിച്ച് നാലു മിനിറ്റിനകം പ്രമുഖ ഡിഫന്‍ഡര്‍ ഡേവിഡ് ലൂയിസ് നേരിട്ട് ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തുപോയതിനെ തുടര്‍ന്ന് 10 പേരെ വച്ചാണ് ആഴ്‌സണല്‍ പിന്നീട് പോരാടിയത്. ഇത് മത്സരത്തിൽ അവർക്കു വൻ തിരിച്ചടിയായി. അഞ്ചാം മിനിറ്റിൽ തന്നെ ഗ്രാനിറ്റ് സാക്കയെ പരുക്കിനെത്തുടർന്ന് പിൻവലിക്കേണ്ടി വന്നതും ആഴ്സണലിനു തിരിച്ചടിയായി.