FeatureIndia

നമ്മളും ഒറ്റയ്ക്കാണ്. ഈ രാജ്യം അതിൻ്റെ ജനതയെ മുഴുവൻ ഒറ്റയാക്കുകയാണ് !

നിതീഷ് നാരായണൻ

നിസ്സഹായതയാണ് ഈ രാജ്യത്തിൻ്റെ ഭാഷ. അതു കൊണ്ടാണ് ഒരു ശവം കത്തിത്തുടങ്ങുമ്പോൾ നിങ്ങൾക്ക് എന്തോ ഒരാശ്വാസം തോന്നുന്നത്. ഒടുവിൽ ജീവിതത്തിലിന്നേവരെ കണ്ടിട്ടില്ലാത്ത ഒരു മനുഷ്യൻ്റെ സംസ്കാരം മകനും മരുമകനുമൊപ്പം നടത്തി അവരുടെ വീട്ടിലേക്ക് ഞങ്ങൾ മടങ്ങി. മടങ്ങുമ്പോൾ ആ ചിത കത്തിത്തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. ഗതികേട് കൊണ്ടാണ്, തീ പിടിച്ചുവെന്ന് ഉറപ്പായ നിമിഷം മടങ്ങേണ്ടി വന്നത്.

ഒരു കുഞ്ഞ് ആംബുലൻസിൽ അഞ്ച് മൃതദേഹങ്ങൾ അട്ടിയട്ടിയായിട്ടാണ് ശ്മശാനത്തിലേക്ക് കൊണ്ടുപോവുക. ഒരു രാത്രി മുഴുവൻ തൻ്റെ മകനൊപ്പം ഒരു ആശുപത്രി കിടക്ക തേടി അലഞ്ഞ് പുലർച്ചെ രണ്ടരയോടെ നിരാശനായി വീട്ടിലേക്ക് തിരിച്ചെത്തിയ മനുഷ്യനാണ്.

അടുത്ത ദിവസം രാജ്യതലസ്ഥാനത്തെ ഏറ്റവും വലിയ ഗവൺമെൻ്റ് ആശുപത്രികളിൽ ഒന്നിൽ ഒരു ബെഡ് കിട്ടിയപ്പോഴേക്കും അയാളുടെ ഓക്സിജൻ ലെവൽ അറുപതിലേക്ക് താഴ്ന്നിരുന്നു. പിന്നെ പത്ത് ദിവസത്തിലധികം അവിടെ. അതിനിടയിൽ കൂടെ നിന്ന മൂത്ത മകനും ഭാര്യയും ഇളയ മകനുമെല്ലാം കോവിഡ് ബാധിതരായി.

ഓരോ ദിവസവും അയാളുടെ ആരോഗ്യം മോശമായിക്കൊണ്ടിരുന്നു. ഒടുവിൽ മെയ് അഞ്ചിന് പുലർച്ചെ രണ്ടരയോടെ ആ മനുഷ്യൻ മരിച്ചു. രാവിലെ നിരനിരയായി നിർത്തിയിട്ട ആംബുലൻസുകളിലൊന്നിൽ പൊതിഞ്ഞ് കൂട്ടിയിട്ട അഞ്ച് ശരീരങ്ങളിലൊന്ന് അയാളുടേതായിരുന്നു.

ആ ആംബുലൻസ് ദില്ലിയിലെ പഞ്ചാബി ഭാഗ് ശ്മശാനത്തേക്ക് നീങ്ങി. തൊട്ടുപിറകെ ഒരു ടാക്സിയിൽ ഞങ്ങളും.അമ്മയും ഇളയ മകനും വീട്ടിലാണ്. മരണ വാർത്ത അവരെ അറിയിച്ചിട്ടില്ല. അറിഞ്ഞാൽ, അവരൊന്ന് തളർന്ന് വീണാൽ ചേർത്ത് പിടിക്കാൻ ഒരു മനുഷ്യൻ പോലും ചുറ്റിലുമുണ്ടായിരുന്നില്ല. അറിയുന്ന വളരെ ചുരുക്കം ചിലർ സ്വാഭാവികമായ കോവിഡ് ഭീതിയിൽ അങ്ങോട്ട് പോയതുമില്ല.

ശ്മശാനത്തിലേക്ക് ഞങ്ങൾക്ക് വരാനാകില്ലെന്നും എത്രയും വേഗം ആ വീട്ടിലേക്ക് എത്തിച്ചേരണമെന്നും മൃതദേഹം സംസ്കരിക്കാനുള്ള ഏർപ്പാട് ചെയ്യണമെന്നും അപേക്ഷിച്ചു നോക്കിയതാണ്. അത് നിരാകരിക്കപ്പെട്ടു. സംസ്കാരം നടക്കണമെങ്കിൽ വേണ്ടപ്പെട്ടവർ ആരെങ്കിലും അവിടെ എത്തണമെന്നും ചില ഡോക്യുമെൻ്റുകൾ ഏൽപിക്കണമെന്നും ആവശ്യപ്പെട്ടു.

ശ്മശാനത്തിൽ എത്തിയപ്പോഴാണറിയുന്നത് ഗ്യാസ് അടുപ്പിൽ സംസ്കരിക്കണമെങ്കിൽ ആ പകൽ മുഴുവൻ അവിടെ കാത്തിരിക്കണമെന്ന്. അത്രയേറെ മൃതദേഹങ്ങൾ ക്യൂവിലുണ്ടെന്ന്. നിങ്ങൾ കുറച്ച് വൈകിപ്പോയി എന്നാണ് ഒരാൾ പറഞ്ഞത്. എന്തിന്? ആ മനുഷ്യൻ അവസാന ശ്വാസമെടുക്കാനോ എന്ന് നമുക്ക് ചോദിക്കാനാകില്ല. അവിടെ എത്തിയ എല്ലാ മൃതദേഹങ്ങളും സംസ്കരിക്കപ്പെടണം.

അതൊരു മനുഷ്യന് ഇവിടെ ജീവിച്ചതിന് നമ്മൾ കൊടുക്കുന്ന അവസാനത്തെ കൂലിയാണ്. നമുക്കെല്ലാം അവകാശപ്പെട്ടത്.മറ്റൊരു വഴി വിറകുപയോഗിച്ച് ദഹിപ്പിക്കുകയാണ്. അത് നമ്മൾ തന്നെ ചെയ്യണം. എൺപതോളം ശവങ്ങൾ സംസ്കരിക്കുവാനുള്ള ഇടങ്ങളിൽ നിന്ന് ഒന്ന് ഞങ്ങൾക്ക് തരും. വിറക് അടുക്കുന്നതും മൃതദേഹം വയ്ക്കുന്നതും എല്ലാം നമ്മൾ തന്നെ. പണം കൊടുത്താൽ ചില ചെറിയ സഹായങ്ങൾ മാത്രം ലഭിക്കും

വിറക് പുരയ്ക്ക് തീ പിടിച്ചത് പോലെ ശ്മശാനം. ഏകദേശം എല്ലാ അടുപ്പുകളിലും ശ്വാസം മുട്ടി മരിച്ച മനുഷ്യർ കത്തിയമർന്നുകൊണ്ടിരിക്കുന്നു. ഓരോ പത്ത് മിനിട്ടിലുമെന്നോണം മൂടിപ്പുതഞ്ഞ ശരീരങ്ങൾ അതിനകത്തേക്ക് വന്നുകൊണ്ടിരിക്കുന്നു.

ഏങ്ങലടിച്ച് കരയുന്ന മനുഷ്യർ, നിർത്താതെ നിരനിരയായി കത്തുന്ന ശ്മശാന അടുപ്പുകൾ, കത്തിക്കരിഞ്ഞു പോയ ശ്മശാന വളപ്പിലെ മരങ്ങൾ, അതിനിടയിൽ ഒരു പിപിഇ കിറ്റ് പോലും ധരിക്കാനില്ലാതെ ഞങ്ങൾ.. വിവരമറിഞ്ഞ് അതിനടുത്ത് താമസിക്കുന്ന മറ്റൊരു മനുഷ്യൻ കൂടി ശ്മശാനത്തിലേക്കെത്തിയിരുന്നു.

എത്രയും വേഗം മൃതദേഹം സംസ്കരിക്കണം. ഭാര്യയും മകനും മരണവാർത്തയറിയുമ്പോഴേക്കും ഞങ്ങൾക്ക് അവിടെയെത്തണം. വിറക് നിരത്തി, മൃതദേഹം എടുത്ത് വച്ച്, വിറകു കൊണ്ട് മൂടി ദഹിപ്പിക്കാനുള്ള അനുവാദം കാത്ത് ഞങ്ങൾ നിന്നു. ആ നിൽപ് പിന്നെയും നീണ്ടു. ഒന്നു രണ്ട് നിരകൾ കൂടി ശവങ്ങൾ വച്ചാലേ കത്തിക്കാനാകൂ എന്ന് മറുപടി.

അടുപ്പിൻ്റെ നിരകൾ ശവങ്ങൾ കൊണ്ട് നിറച്ച് ഒരറ്റത്ത് നിന്നും കത്തിച്ച് തുടങ്ങുകയാണ്. അങ്ങനെ ചെയ്തില്ലെങ്കിൽ ആ അഗ്നിഗോളങ്ങൾക്കിടയിൽ ഇടയ്ക്കിടയ്ക്ക് ശവങ്ങൾ സംസ്കരിക്കാനായി തയ്യാറാക്കി വെക്കാനാകില്ല. പിന്നെ നിങ്ങൾ കാത്തിരിക്കുക എന്തിന് വേണ്ടിയാണെന്നറിയുമോ? ആ നിരകൾ നിറയാൻ കൂടുതൽ ശവങ്ങൾ എത്തിച്ചേരാൻ.

ആ ചുടലപ്പറമ്പിൽ നിന്നും ഒന്ന് രക്ഷപ്പെടാൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ഒരു ഓക്സിജൻ സിലിണ്ടറിനായി രണ്ട് രോഗികളുടെ ബന്ധുക്കൾ വഴക്ക് കൂട്ടുന്നതും അതിലൊരാൾ കൺമുന്നിൽ മരിച്ചതും നിസഹായതയോടെ നോക്കി നിൽക്കേണ്ടി വന്നതിനെക്കുറിച്ച് സഖാവ് വിജൂ കൃഷ്ണൻ പറഞ്ഞിരുന്നു. ശ്മശാനത്തിലെ വഴക്ക് ആദ്യമെത്തിയ ശവം ആരുടേതാണ് എന്നതിനെ ചൊല്ലിയായിരുന്നു.

നിസ്സഹായതയാണ് ഈ രാജ്യത്തിൻ്റെ ഭാഷ. അതു കൊണ്ടാണ് ഒരു ശവം കത്തിത്തുടങ്ങുമ്പോൾ നിങ്ങൾക്ക് എന്തോ ഒരാശ്വാസം തോന്നുന്നത്. ഒടുവിൽ ജീവിതത്തിലിന്നേവരെ കണ്ടിട്ടില്ലാത്ത ഒരു മനുഷ്യൻ്റെ സംസ്കാരം മകനും മരുമകനുമൊപ്പം നടത്തി അവരുടെ വീട്ടിലേക്ക് ഞങ്ങൾ മടങ്ങി. മടങ്ങുമ്പോൾ ആ ചിത കത്തിത്തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. ഗതികേട് കൊണ്ടാണ്, തീ പിടിച്ചുവെന്ന് ഉറപ്പായ നിമിഷം മടങ്ങേണ്ടി വന്നത്.

ഒന്നുമറിയാതെ രണ്ടു പേർ വീട്ടിൽ ഒറ്റയ്ക്കാണ്. നമ്മളും ഒറ്റയ്ക്കാണ്. ഈ രാജ്യം അതിൻ്റെ ജനതയെ മുഴുവൻ ഒറ്റയാക്കുകയാണ്. പഞ്ചാബി ഭാഗിലെ ആ ശ്മശാനമാണ് ഇന്ന് ഇന്ത്യ.

3 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
RAJAGOPALAN NAIR
3 years ago

ഓരു പരിധിവരെ നമ്മൾ തന്നേയാണ് ഉത്തരവാദികൾ.. എല്ലാ ഉത്തരവാദിത്തങ്ങളും ഭരിക്കുന്നവരുടെ തലയിൽ കെട്ടിവെക്കുന്നത് നമുക്ക് നമ്മേ വിശ്വാസമില്ലാത്തത് കൊണ്ടല്ലേ.. തീക്കൊണ്ട് കളിക്കുന്ന കുട്ടിക്ക് നമുക്ക് മുന്നറിയിപ്പ് കൊടുക്കാം.. എന്നിട്ടും കേൾക്കാതെ തീക്കൊണ്ട് കളിച്ചിട്ട് മാതാപിതാക്കളേയോ കുടുംബത്തിലെ മുതിർന്നവരേയോ കുറ്റം പറയുന്ന മനോഭാവമാണ് നാമീ കാണിക്കുന്നത്.
കൊറോണ ഒന്നാം തരംഗം ഒരുവിധം ശാന്തമായപ്പോൾ നരേന്ദ്രമോദിജി ഓർമ്മിപ്പിച്ചതാണ് — അവസാനിച്ചിട്ടില്ല കരുതലോടെ ഇരിക്കാൻ, പക്ഷെ നമ്മൾ അതിനെ ഗൌരവമായി എടുത്തില്ല. നമുക്ക് ചുറ്റും നടക്കുന്ന കരിഞ്ചന്തകളും, മറ്റ് ചൂഷണങ്ങളും നാം കണക്കിലെടുത്തില്ല.. എല്ലാത്തിനും ഒരൊറ്റ ആൾ സമാധാനം പറയണം എന്ന് ശഠിക്കുന്നത് വിഡ്ഢിത്തമാണെന്നല്ല അന്യായവുമാണ്.

Back to top button
1
0
Would love your thoughts, please comment.x
()
x