‘എൻ്റെ ലൈഫ്, എൻ്റെ ശരികൾ….’; അപരൻ്റെ വേദനകളെ ചേർത്ത് വെക്കാത്ത മനുഷ്യന്മാരുടെ ലോകം
മോട്ടിവേഷണൽ സ്പീക്കർമാരെ കേട്ടോണ്ടിരുന്നാൽ ജീവിക്കാന്‍ നല്ല സുഖമാണ്. നിങ്ങള്‍ അപ്പുറത്തും ഇപ്പുറത്തുമുള്ളവൻ്റെ പ്രശ്നങ്ങളിൽ തലയിടേണ്ട, ആരാൻ്റെ പ്രശ്നങ്ങളെടുത്ത് നിങ്ങളുടെ തോളിലിടേണ്ട, അപ്പുറത്തും ഇപ്പുറത്തുമുള്ളവൻ പറയുന്നത് കാര്യമാക്കേണ്ട,
നിങ്ങളുടെ ലൈഫ്, നിങ്ങളുടെ ശരികൾ….
അയൽവാസിയായ ഒരു ഇത്താത്തയുണ്ട്. വിവാഹം കഴിഞ്ഞു പത്തിരുപതു വർഷങ്ങൾക്കു ശേഷമാണ് ഒരു മകനുണ്ടാവുന്നത്. ഭിന്നശേഷിക്കാരനായ കുട്ടിയാണ്. മുഴുക്കുടിയനായ ഒരു ഭർത്താവ്.
ഇടക്കിടെ അപസ്മാരമിളകി അത്യാസന്ന നിലയിലാവുന്ന പന്ത്രണ്ട് വയസ്സോളം പ്രായമുളള മകനെയും വാരി വലിച്ച് ബസിലൊക്കെ കേറി മറിഞ്ഞ് മെഡിക്കല്‍ കോളേജിലേക്കൊക്കെ ഓടും.
ഞാനതിൽ വിഷമിക്കേണ്ടതുണ്ടോ?
ആ ഇത്താത്തയുടെ അവസ്ഥ എത്ര പരിതാപകരമാണെന്ന് ആലോചിച്ച് ഞാനെന്തിന് വിഷമിക്കണം. പ്രത്യേകിച്ചും അവരുടെ കാര്യത്തില്‍ എനിക്കൊന്നും ചെയ്യാനാവില്ലെന്നിരിക്കെ…
മഅ്ദനി പിതാവിനെ കാണാനായി വന്നിട്ട് കാണാതെ തിരിച്ചു പോയ വാർത്ത കാണുമ്പോൾ എനിക്ക് സങ്കടവും അമർഷവും വരുന്നു.
അതെൻ്റെ ആ ദിവസത്തെ മുഴുവന്‍ ബാധിക്കുന്നു. ഉറക്കത്തെ ബാധിക്കുന്നു. ഞാനാ വാർത്ത ശ്രദ്ധിക്കാതെ പോയാല്‍ എത്ര നന്നായിരിക്കും. പ്രത്യേകിച്ചും എനിക്കതിൽ പരിഹാരം കണ്ടെത്താനാവുന്നില്ലെങ്കിൽ….
നജീബിനെ കാത്തിരിക്കുന്ന ഫാത്വിമ നഫീസിനെയും സകരിയയ്യുടെ മോചനം കാത്തിരിക്കുന്ന ബിയ്യുമ്മയെയും ഇടക്കിടെ ആലോചിച്ച് ഞാനെന്തിനാണ് മാനസിക പ്രയാസമനുഭവിക്കുന്നത്. പ്രത്യേകിച്ചും നജീബിനെ കണ്ടെത്താനോ സകരിയ്യയെ മോചിപ്പിക്കാനോ എനിക്കാവില്ലെങ്കിൽ…
കത്തുന്ന മണിപ്പൂരിനെക്കുറിച്ച്, ബിൽകീസ് ബാനുവിനെപ്പോലെ നീതിലഭിക്കാതെ ഇനി അലയാൻ പോകുന്ന നൂറു കണക്കിന് പെണ്ണുങ്ങളെക്കുറിച്ച്, ബലാല്‍സംഗം ചെയ്തു കൊല്ലപ്പെട്ട ഓരോ പെണ്ണിനെക്കുറിച്ചും ആലോചിച്ച് ഞാനെന്തിന് എൻ്റെ മനസ്സും ആരോഗ്യവും നഷ്ടപ്പെടുത്തണം…
ആലോചിക്കുമ്പോൾ ശരി തന്നെ…
എനിക്ക് ഒരു പരിഹാരവും കണ്ടെത്താനാവാത്ത കുറെ കാര്യങ്ങളെ ആലോചിച്ച് തല പുകച്ച് ഞാനെന്തിന് എൻ്റെ ജീവിതത്തിന്‍റെ രസം കളയണം. എനിക്ക് എൻ്റെ വീട്, എൻ്റെ കുടുംബം, എൻ്റെ ആരോഗ്യം ഇത് മാത്രം നോക്കി സമാധാനമായി ജീവിച്ചാല്‍ പോരേ….
എങ്ങനെയാണ് ഒരാൾക്കങ്ങനെ ജീവിക്കാനാവുക എന്നാണ് ഇവരുടെയൊക്കെ ക്ലാസ്സുകൾ കാണുമ്പോൾ ഓർക്കുക.
അപരൻ്റെ വേദനകള്‍ ശമിക്കാൻ, അവൻ്റെ പ്രയാസങ്ങള്‍ നീങ്ങാന്‍ ആത്മാർത്ഥമായി എനിക്കൊന്ന് പ്രാർത്ഥിക്കാൻ കഴിയണമെങ്കില്‍ പോലും അവരുടെ വേദനകളെയും പ്രയാസങ്ങളെയും നമ്മള്‍ ഉൾക്കൊള്ളേണ്ടതില്ലേ…
അവർക്കു വേണ്ടി ഒന്ന് ഐക്യദാർഢ്യപ്പെടുക എന്നത് ധാർമികമായ ഒരു ഉത്തരവാദിത്വമല്ലേ….
വിശുദ്ധ ഖുർആനിൽ അനാഥകളെയും അഗതികളെയും ദരിദ്രരെയും നീതി നിഷേധിക്കപ്പെടുന്നവരെയും പരിഗണിക്കാൻ എത്ര കർശനമായാണ് കൽപിച്ചിട്ടുള്ളത്….
ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ചുറ്റുപാടുള്ളവരുടെ വേദനകളെ ഏറ്റെടുക്കുന്നതും അവർക്ക് ഐക്യദാർഢ്യപ്പെടുന്നതും ഒരു ഹാഷ്ടാഗുകൊണ്ടെങ്കിലും അതൊക്കെ കുറിച്ചു വെക്കുന്നതുപോലും അവൻ്റെ സാമൂഹിക ബാധ്യതയാണ്.
‘നമ്മുടെ ലൈഫാണ്, നമ്മളാണ് അത് എങ്ങനെ ആസ്വദിക്കണമെന്ന് തീരുമാനിക്കേണ്ടതെന്ന’ മുദ്രാവാക്യമൊക്കെ കേട്ട് അപരൻ്റെ വേദനകളെ തന്നോട് ചേർത്ത് വെക്കാത്ത മനുഷ്യന്മാരുള്ള ലോകമൊക്കെ എത്ര വിരസമായിരിക്കും….
✍️ Vahidha Subi
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS