Political

‘മന്ത്രി വീണാജോർജിൻ്റെ അവ്യക്ത മറുപടി’; നിയമസഭയിലെ മറുപടികൾ ആധികാരിക രേഖകളാണ്, നേരമ്പോക്കല്ല

നടപ്പ് നിയമസഭാ സമ്മേളനത്തിൽ നക്ഷത്രചിഹ്നം ഇല്ലാത്ത 3217-ആം നമ്പർ ചോദ്യത്തിന് ആരോഗ്യമന്ത്രി നൽകിയ മറുപടി നമ്മുടെ പൊതുഭരണസംവിധാനത്തിന്റെ കെടുകാര്യസ്ഥതയുടേയും ഔദ്ധത്യത്തിന്റെയും എല്ലാ ലക്ഷണങ്ങളും ഒത്തിണങ്ങിയ ഒന്നാണ്.

പ്രസ്തുത ചോദ്യത്തിന്റെ ഉപചോദ്യം,

A -“സംസ്ഥാനത്ത് ഡോക്ടർമാർക്കെതിരെ രോഗികളിൽ നിന്നും രോഗികളുടെ ബന്ധുക്കളിൽ നിന്നുമുള്ള അക്രമങ്ങൾ വർദ്ധിച്ചുവരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ? “.

ഉത്തരം-ശ്രീമതി വീണ ജോർജ്, ആരോഗ്യം, വനിത-ശിശുവികസന വകുപ്പ് മന്ത്രി-‘ഡോക്ടർമാർക്കെതിരെ രോഗികളിൽ നിന്നും രോഗികളുടെ ബന്ധുക്കളിൽ നിന്നുമുള്ള അക്രമങ്ങൾ വർദ്ധിച്ചുവരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ല.”

ആഹാ! എന്തൊരു വസ്തുതാപരമായ മറുപടി!

ചോദ്യത്തിന്റെ ഉണ്ടോ? എന്ന വാക്യഘടനയിൽ പിടിച്ചു കൊണ്ട് മന്ത്രി നടത്തുന്ന ഒഴിഞ്ഞുമാറൽ നോക്കൂ.

ഓർത്തഡോസ്ക്സ് ബാവമാരുടെ അടക്കവും അനുസ്മരണവും ചക്ക വീണു മരിച്ചവരുടെ കണക്കുമൊക്കെയായി തിരക്കുള്ള മന്ത്രിക്ക് ഇത് ‘ശ്രദ്ധയിൽപെട്ടിട്ടില്ല’ എന്ന് പറഞ്ഞൊഴിയുകയാണ് എളുപ്പം.

വിവരാവകാശ നിയമം അനുസരിച്ച് പെൻഷൻ വിവരങ്ങൾക്കായി വിവരാവകാശ പത്രിക നൽകിയ ഒരാൾക്ക് ഒരു ഉദ്യോഗസ്ഥ പ്രമാണി നൽകിയ മറുപടിയെയാണ് ഇതോർമ്മിപ്പിക്കുന്നത്. പെൻഷൻ സംബന്ധിച്ച വിവരങ്ങൾ തരാമോ എന്ന് അപേക്ഷകന്റെ ചോദ്യം; ‘തരാം’ എന്ന് അധികാരി വക ഉത്തരം.

ചോദ്യത്തിന് ഉത്തരമായില്ലേ!

നിയമസഭയിൽ നൽകുന്ന ഉത്തരങ്ങൾ ജനങ്ങൾക്ക് നൽകുന്ന ഉത്തരങ്ങളാണ്. ജനങ്ങൾക്ക് നേരിട്ട് സർക്കാരിനോട് ചോദ്യം ചോദിക്കാൻ കഴിയുന്ന വിധത്തിൽ ഇതിനെ വിപുലമാക്കിയതാണ് വിവരാവകാശ നിയമം.

അതിനെ ദുർബലമാക്കാനും പരമാവധി അവ്യക്തമായ ഉത്തരങ്ങൾ നൽകാനും കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും ഉദ്യോഗസ്ഥവൃന്ദവും ശ്രമിക്കുന്നുണ്ട്.

കേരളവും അതിൽ നിന്നും വ്യത്യസ്തമല്ല.

നിയമസഭയിലെ ചോദ്യോത്തരം എന്ന് പറയുന്നത് ഒരു വിഷയത്തിലെ ആധികാരിക രേഖയാണ്. അവിടെയാണ് കണക്കുകൾ വെച്ച് മറുപടി പറയുന്നതിന് പകരം തന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്ന നേരമ്പോക്ക് പറയാൻ വീണ ജോർജ് മന്ത്രിക്ക് കഴിയുന്നത്.

ഡോക്ടർമാരും രോഗികളും തമ്മിലുള്ള സംഘർഷത്തിന്റെ സാമൂഹ്യ കാരണങ്ങൾ മറ്റൊരു വിശകലന വിഷയമാണ്. എന്നാൽ അത്തരത്തിലൊരു പ്രശ്‌നം ഉണ്ടെന്ന് ശ്രദ്ധയിൽ പോലും പെടാത്ത മന്ത്രിയുടെ ശ്രദ്ധ മറ്റെന്തിലാണ് !

ജനജീവിതത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ വശങ്ങളെക്കുറിച്ച് ഒരു careerist -നുള്ള ഇടുങ്ങിയ ധാരണകളുടെ പ്രതിഫലനമാണ് വീണ ജോർജിന്റെ അധികാര രാഷ്ട്രീയം.

സി പി ഐ (എം)നകത്തും ഇടതുപക്ഷ രാഷ്ട്രീയത്തിൽ പൊതുവെയും വരും കാലങ്ങളിൽ ഒരു case study ആകേണ്ട വിഷയമാണ് വീണ ജോർജ് എം എൽ എ -മന്ത്രി സ്ഥാനങ്ങളിലേക്കും പാർട്ടിയിലേക്കും കുടിയിരുത്തപ്പെട്ട രീതി.

അതാകട്ടെ വീണ ജോർജിൽ ഒതുങ്ങി നിൽക്കുന്ന ഒരു പ്രവണതയുമല്ല. ഉൾപ്പാർട്ടി ചർച്ചകളിലും പൊതു ഇടതുപക്ഷ സമൂഹത്തിന്റെ വിശാല സംവാദങ്ങളിലൂടെയുമായി കർക്കശമായ ചർച്ചകൾക്കും തിരുത്തലുകൾക്കും വിധേയമാകണം.

അത് മറ്റൊരു വിഷയം.

സംഭവം നിയമസഭയ്ക്ക് പുറത്ത് ജനമറിഞ്ഞതോടെ സാങ്കേതികപ്പിഴവിൽ ‘പഴയ ഉത്തരം’ upload ചെയ്തതാണെന്നും ‘പുതിയ ഉത്തരം’ ഉടനെ upload ചെയ്യുമെന്നും വിശദീകരണം വന്നിട്ടുണ്ട്.

എത്ര നിരുത്തരവാദപരമായാണ് ഒരു നിയമസഭാ സമ്മേളനത്തിലെ ചോദ്യോത്തരങ്ങൾ പോലും ഇവർ കൈകാര്യം ചെയ്യുന്നത്. കാട്ടിലെ ചോദ്യം, ബാവയുടെ മന്ത്രി, നാട്ടുകാർക്ക് ചക്ക!

എഴുത്ത്: പ്രമോദ് പുഴങ്കര

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x