Art & LiteratureOpinion

ജയ് ഭിം; സിനിമ പറയുന്നതും സി.പി.ഐ.എമ്മിൻ്റെ ഇരട്ടത്താപ്പും

ഷഫീഖ് സുബൈദ ഹക്കിം

ജയ്ഭിം കണ്ടുകൊണ്ടിരിക്കെ അതിന്റെ രാഷ്ട്രീയം എന്നെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു. കേരളത്തിലെ സി.പി.എമ്മുകാർ ഈ ചിത്രത്തെ പൊക്കിപ്പിടിച്ച് നടക്കുന്നതിന്റെ ഗുട്ടൻസും അപ്പോഴാണ് മനസ്സിലായത്.

കമ്മ്യൂണിസ്റ്റുകാരനായ രക്ഷകനെ അവർ അഘോഷിക്കും, സ്വാഭാവികം.

മാത്രവുമല്ല ചിത്രത്തിലുടനീളമുള്ള കമ്മ്യൂണിസ്റ്റ് ചിഹ്നങ്ങളും അടയാളങ്ങളും…

1993ൽ നടന്ന സംഭവത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണല്ലൊ ജയ് ഭിം.

എന്നാൽ കേരളത്തിലെ സി.പി.എമ്മുകാർ ഇതാഘോഷിക്കുമ്പോൾ സ്വാഭാവികമായി അവർക്ക് അതിനർഹതയുണ്ടൊ എന്ന് ആലോചിക്കും, അവരുടെ ഭരണകാലത്ത് നടന്നിട്ടുള്ള പോലീസ് അട്രോസിറ്റിക്ക് എതിരെ നിരവധി സമരങ്ങളുടെ ഭാഗവാക്കായ ഒരാളെന്ന നിലയിൽ.

കേരളത്തിൽ ഏറ്റവും കൂടുതൽ ദലിത് അട്രോസിറ്റിയും ആദിവാസി അട്രോസിറ്റിയും നടന്നിട്ടുള്ളത് സി.പി.ഐ.എമ്മിന്റെ ഭരണത്തിൻ കീഴിലാണു കഴിഞ്ഞ 10 വർഷത്തിനുള്ളിൽ എന്ന് എങ്ങനെയാണ് മറക്കാൻ സാധിക്കുക!

കൊല്ലത്ത് കുണ്ടറയിലെ ദലിത് യുവാവ് കുഞ്ഞുമോനടക്കം കൊല്ലപ്പെട്ടത് ഇടതു ഭരണം നിലനിൽക്കെ പോലീസ് കസ്റ്റഡിയിൽ വെച്ച് തന്നെയല്ലെ???

മദ്യപിച്ച് വാഹനമോടിച്ച് എന്നാരോപിച്ച് രാത്രിക്ക് രാത്രി പിടിച്ചുകൊണ്ടുപോയ കുഞ്ഞുമോനെ തല്ലികൊല്ലുകയായിരുന്നു പോലീസ്.

വയനാട്ടിലെ ആദിവാസി സമൂഹത്തിൽപ്പെട്ട ഗൗരിയെ എത്രകാലമാണ് യു.എ.പി.എ ചാർത്തി ജയിലിലടച്ചത്. അതും പോസ്റ്റർ ഒട്ടിച്ചു എന്ന ‘കൊടും കുറ്റകൃത്യത്തിനു’.

അട്ടപ്പാടിയിൽ മധുവിനെ ഒരുപിടി അരി മോഷ്ടിച്ചെന്നാരോപിച്ച് കൊന്നത് ആരായിരുന്നു? മധുവിന്റെ കൊലയാളികളിലൊരുവനെ അടുത്ത കാലത്ത് അട്ടപ്പാടി ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുത്തത് ആരായിരുന്നു?? പ്രതിഷേധം വന്നപ്പോൾ സെക്രട്ടറി സ്ഥാനത്ത് നിന്നും അയാളെ മാറ്റി.

അപ്പോഴും ഞാൻ ആലോച്ചിച്ചത് ഒരു ആദിവാസി യുവാവിനെ അതി ദാരുണമായി കൊലപ്പെടുത്തിയ ആൾക്കാരൊക്കെ അന്നും ഇപ്പോഴും സി.പി.എമ്മിന്റെ ഭാഗമായി തുടരുന്നു എന്നതാണ്.

അവർക്ക്, അവരുടെ സാംസ്കാരിക ഇടങ്ങൾക്ക് ഒരു കോട്ടവും തട്ടുന്നില്ല എന്നുമാത്രമല്ല സി.പി.എമ്മിന്റെ പരിരക്ഷ എപ്പോഴും വേണ്ടുവോളം കിട്ടുന്നുമുണ്ട്.

എന്തിനേറെ പറയുന്നു പിണറായി വിജയൻ മുഖ്യമന്ത്രിയായി വാഴുന്ന ഇടതു കേരളത്തിലാണ് ഒരു ദലിത് വിദ്യാർത്ഥി വിദ്യാഭ്യാസം പൂർത്തിയാക്കാനും അധികാരികളിൽ നിന്നും താനനുഭവിക്കുന്ന ജാതിവിവേചനം അവസാനിപ്പിക്കാനും നിരാഹാര സമരം നടത്തികൊണ്ടിരിക്കുന്നത്.

ഈ സമരത്തോട് കേരളത്തിലെ ഇടതുപക്ഷക്കാരുടെ മനോഭാവമെന്ത്??

മൂക്കിനു തുമ്പത്തുനടക്കുന്ന, തങ്ങളുടെ അധികാരപരിധിയിൽ നടക്കുന്ന അനീതിക്കു നേരെ കണ്ണടക്കുകയും അതിലെ അധികാരികൾക്കൊപ്പവും ജാതിവാദികൾക്കൊപ്പവും നിലകൊള്ളുലയും ചെയ്തുകൊണ്ടുകൂടിയാണു സി.പി.എമ്മുകാർ ‘ജയ് ഭി’മിനെ ‘അടിമുടി രാഷ്ട്രീയം പറയുന്ന സിനിമ’ എന്നൊക്കെ പറഞ്ഞ് തലയിലേറ്റുന്നത് എന്നുകാണുമ്പോ ചിരിയാണൊ ദേഷ്യമാണൊ വരുന്നത് എന്നറിയില്ല.

കേരളത്തിൽ ഒരുകാലത്ത് പോലീസ് ഭീകരതയുടെ ഉദാഹരണത്തിനു കെ. കരുണാകരന്റെ കാലമായിരുന്നു എടുത്തുകാട്ടാറുണ്ടായിരുന്നത്. ഇന്ന് പിണറായി വിജയൻ പത്ത് കരുണാകരനായി അരങ്ങു വാഴുകയാണ്.

പോലീസ് ഭീകരത അതിന്റെ ഏറ്റവും ഉച്ചസ്തായിയിലെത്തി നിൽക്കുന്ന കാഴ്ച്ച.

ഒന്നല്ല എട്ടുപേരെയാണു കേരളാ പോലീസ് എൻകൗണ്ടർ നടത്തി കൊന്നു തള്ളിയത്. യു.എ.പി.എ കേസുകൾ നിരപരാധികൾക്കുമേൽ ചാർത്തി ജയിലിലടക്കുന്നതിനു കയ്യും കണക്കുമില്ല.

അതിന്റെ കണക്കു ചോദിച്ച കെ.കെ. രമ എം.എൽ.എയോട് രാജ്യസുരക്ഷയുടെ താളം അടിക്കാനും മറന്നില്ല പിണറായി.

താഹ ജയിൽ മോചിതനായിട്ട് അധിക നാളുകളായിട്ടില്ല എന്ന പശ്ച്ചാത്തലം കൂടിയുണ്ട് രാഷ്ട്രീയ കേരളത്തിന്. താഹയുടെയും അലന്റെയും ജാമ്യത്തിനെതിരെ ഈ സർക്കാർ അങ്ങേയറ്റം നിലയുറപ്പിച്ചിട്ടുമുണ്ട് ഇപ്പോഴും.

പോലീസിന്റെ ഈ അഴിഞ്ഞാട്ടത്തെ കുറിച്ച് കേരള മുഖ്യൻ പിണറായി മുൻപ് പറഞ്ഞ വാക്കുകൾ ഇപ്പോഴും കാതിൽ മുഴങ്ങുന്നുണ്ട്. പോലീസിന്റെ ആത്മവീര്യം കെടുത്താൻ സർക്കാർ ശ്രമിക്കില്ലാ എന്ന്. ഏത് പോലീസിനു?? മനുഷ്യരെ പച്ചക്ക് വെടിവെച്ച് കൊന്ന പോലീസിനു. നരാധമന്മാരായി സാധാരണ ജനങ്ങളെ, ആദിവാസികളെയും മുസ്‌ലിങ്ങളെയും വേട്ടായാടിക്കൊണ്ടിരിക്കുന്ന സംഘപരിവാരങ്ങൾക്ക് വെള്ളവും വളവും തണലുമേകുന്ന കേരളപോലീസിനു…

ഈ പിണറായിയുടെ ഭക്തശിരോമണികളാണ് ഇപ്പോ ‘ജയ്ഭീം കിടുവേ’ എന്നും പറഞ്ഞ് രംഗത്തിറങ്ങിയിട്ടുള്ളത്…‌

മഹേഷിന്റെ പ്രതികാരത്തിൽ സൗബിന്റെ കഥാപാത്രത്തിന്റെ ജീവിക്കുന്ന രൂപങ്ങളാണ് കേരള സി.പി.എംകാർ. ‘ടോപ് വയലൻസ് ഒൺളി’.

‘ജയ് ഭീം’ ഒരുപാട് ഇഷ്ടമായി. സംവിധാനം, അഭിനയം, മേക്കിങ് അങ്ങനെ പലതുകൊണ്ടും. മഹേഷിന്റെ പ്രതികാരത്തിലൂടെ മലയാളികളെ ചിരിപ്പിച്ച ലിജോമോൾ ജോസ് ഈ ചിത്രത്തിൽ നമ്മളെ അഭിനയംകൊണ്ട് ഞെട്ടിപ്പിക്കുന്നുണ്ട്, നന്ദി ടി ജെ ഞാനവേൽ.

1 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
ഇത് വായിച്ചിരുന്നോ
Close
Back to top button
0
Would love your thoughts, please comment.x
()
x