Culture
Trending

ലോക്ക്ഡൗൺ കാലത്തെ പഠനം

മുസ്ഫർ റഷാദ് | Asst. Professor - KUTEC Mananthavady

മുമ്പൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത ഒരു അസാധാരണമായ സാഹചര്യത്തിലൂടെയാണ് നാം കടന്നുപോവുന്നത്, ലോക്ക്ഡൗൺ എന്ന ഒട്ടും പരിചിതമല്ലാത്ത സാഹചര്യം. ഇത്രയും ദിവസം വീട്ടിൽ അടച്ചിട്ടിരിക്കേണ്ടി വരുന്ന സാഹചര്യത്തിൽ ഒരുപാട് പേർ പ്രത്യേകിച്ചും വിദ്യാർത്ഥികൾ ഒരുപാട് മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കേണ്ടി വരുന്നുണ്ട്. ധാരാളം സമയം ലഭിക്കുന്നുണ്ടെങ്കിലും ഫലപ്രദമായ രീതിയിൽ അതിനെ ഉപയോഗപ്പെടുത്താൻ പല വിദ്യാർത്ഥികൾക്കും കഴിയുന്നില്ല. ദീർഘകാലം വീടിനുള്ളിൽ അടച്ചിട്ടിരിക്കുക എന്നത് അത്ര സുഖകരമല്ല, ഇതുമായി ബന്ധപ്പെട്ട പഠനങ്ങൾ പറയുന്നത്, മൂന്നു കാരണങ്ങൾ കൊണ്ടാണ് ഈ സാഹചര്യങ്ങളിൽ മാനസിക സമ്മർദ്ദം ഉണ്ടാകുന്നത്

  • നമ്മുടെ അടുത്ത സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നിവരോട് യഥേഷ്ടം അടുത്തിടപഴകാനുള്ള സഹചര്യം ഈ സമ്പർക്ക വിലക്കിന്റെ കാലത്ത് നഷ്ടമാകുന്ന്.
  • നമ്മുടെ സഞ്ചാര സ്വാതന്ത്ര്യം പരിമിതപ്പെടുന്നു.
  • മഹാമാരി പടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നിരന്തരമായി നമ്മൾ പത്ര മാധ്യമങ്ങളിലൂടെ കേട്ടു കൊണ്ടിരിക്കുന്ന വാർത്തകൾ നമ്മെ മനസ്സംഘർഷത്തിലാക്കുന്നു.

പൊതുവില്‍ ഇത്തരം കാരണങ്ങളാല്‍ വിഷാദ രോഗത്തിന്‍റെ ലക്ഷണങ്ങള്‍ കാണിക്കുക. അമിതമായ ദേഷ്യം, ഭയം, ഉത്കണ്ഠ, ഉറക്കമില്ലായ്മ തുടങ്ങിയ സാഹചര്യങ്ങളിലേക്ക് നയിക്കുന്നു. കൂടാതെ പലരുടെയും പരീക്ഷകൾ പൂർത്തിയാകാത്ത, അതല്ലെങ്കിൽ എന്ന് നടക്കുമെന്നറിയാത്ത ഒരു അനിശ്ചിതാവസ്ഥയും നിലനിൽക്കുന്നുണ്ട്. അവ പല രീതിയില്‍ മാനസ്സിക പ്രയാസങ്ങളിലേക്ക് എത്തിക്കുന്നു.

ഈയൊരു അവസ്ഥയിൽ നമ്മിലുണ്ടാവേണ്ടത് ലക്ഷ്യങ്ങളെ മുൻ‌നിർത്തിയുള്ള പരിശ്രമമാണ്, എല്ലാ പകർച്ചവ്യാധികളും കാലം കഴിയുമ്പോൾ നിയന്ത്രണവിധേയമാവുക തന്നെ ചെയ്യുമെന്ന് തന്നെയാണ് മുൻകാല അനുഭവങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ആയതിനാൽ നമ്മുടെ ശരീരത്തെയും മനസ്സിനെയും ആരോഗ്യത്തോടുകൂടി സംരക്ഷിച്ചുകൊണ്ട് പഠനങ്ങളിലും പ്രവർത്തനങ്ങളിലും ഊർജസ്വലതയോടെ ഇടപെടുക.

ഇനിയുള്ള കുറച്ച് നാളത്തേക്കെങ്കിലും നമ്മുടെ ഔപചാരിക വിദ്യാഭ്യാസ രീതികളിൽ മാറ്റം വരും, ലോക വ്യാപകമായി അത്തരം മാറ്റങ്ങൾ നമുക്ക് കാണാൻ കഴിയുന്നുണ്ട്. പല പശ്ചാത്യ സർവകലാശാലകളും ഓൺലൈൻ വിദ്യാഭ്യാസ രീതികളിലേക്ക് തങ്ങളുടെ വിദ്യാഭ്യാസ പ്രക്രിയ മാറ്റിയിട്ടുണ്ട്. ഒരു സംഘം ആളുകൾ ഒരു ചെറിയ സ്ഥലത്തിരുന്ന് പഠിക്കുക എന്നത് സാമൂഹിക അകലം പാലിക്കേണ്ടതിനാല്‍ സാധ്യമല്ല, സ്വന്തം വീട്ടിൽ ഇരുന്ന് ഓൺലൈൻ സ്രോതസ്സുകൾ ഉപയോഗിച്ച് പഠിക്കുക എന്നുള്ള രീതിയിലേക്ക് പല സർവകലാശാലകളും മാറിക്കഴിഞ്ഞു. കേരളത്തിലും പല പ്രൊഫഷണൽ കോളേജുകളും ഈ രീതിയിൽ ക്ലാസുകൾ ആരംഭിച്ചു കഴിഞ്ഞു. ഈയൊരു സാഹചര്യത്തിൽ ഇത്തരം രീതികളോട് വിമുഖത കാണിച്ചുകൊണ്ട്, സമയം പാഴാക്കുകയാണെങ്കിൽ അത് നമ്മെ ലക്ഷ്യങ്ങളിൽ നിന്നകറ്റും. മാത്രമല്ല, അലസത രൂപപെട്ട് നമ്മുടെ ഏകാഗ്രതയെ ഇല്ലാതാക്കും. ആയതിനാൽ ചിട്ടയായ രീതിയിൽ പഠനം നിലനിർത്തികൊണ്ടുപോകാനാണ് നമ്മൾ ശ്രമിക്കേണ്ടത്. അനാരോഗ്യകരമായ ശീലങ്ങൾ ഒഴിവാക്കി ഒരു വിദ്യാർത്ഥി എന്ന നിലക്ക് നമ്മൾ എന്തൊക്കെ കാര്യങ്ങൾ ചെയ്തിരുന്നുവോ, അതെ ചിട്ടയോടു കൂടി തന്നെ നമ്മൾ ഇനിയും മുന്നോട്ട് പോവേണ്ടതുണ്ട്. നമ്മൾ ഉറങ്ങുന്ന സമയവും ഉണർന്നെഴുന്നേൽക്കുന്ന സമയവും വളരെ കൃത്യമായി നിലനിർത്തേണ്ടത് അത്യാവശ്യമാണ്.

രാവിലെ ഉണർന്നെഴുന്നേറ്റ് പ്രാഥമിക കാര്യങ്ങൾക്ക് ശേഷം വ്യായാമങ്ങൾ ചെയ്യുന്നത് ആരോഗ്യവും ഏകാഗ്രതയും ഓർമ്മ ശക്തിയും നിലനിർത്തുന്നതിന് സഹായിക്കും. കുളിച്ച് ഉന്മേഷത്തോടെ സമയം ക്രമീകരിച്ചുകൊണ്ട് പഠനത്തിൽ ഏർപെടാൻ ശ്രദ്ധിക്കണം, വ്യത്യസ്ത വിഷയങ്ങൾ വ്യത്യസ്ത സമയമെടുത്ത് കൊണ്ട് പഠിക്കുക, ഇതിനിടയിലുള്ള കുറച്ച് സമയം വിനോദത്തിനു കണ്ടെത്താവുന്നതാണ്. പാട്ടുകള്‍ കേൾക്കാനും വ്യായാമം ചെയ്യാനും ഇതര വായനകൾക്കുമെല്ലാം സമയം ചിലവഴിമ്പോൾ പഠനമാണ് പ്രധാന ലക്ഷ്യമെന്ന കാര്യം മറക്കാതിരിക്കുക. രാത്രിയിൽ ഏഴു മണിക്കൂറെങ്കിലും ഉറക്കം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുക. നന്നായി ഉറങ്ങിയാൾ ശാരീരികമായ ഉന്മേഷം ലഭിക്കുമെന്ന് മാത്രമല്ല, നമ്മൾ പഠിക്കുന്നത് തലച്ചോറിലെ മെമ്മറി സെല്ലുകളിൽ രേഖപെടുത്തുന്നതും ഉറങ്ങുന്ന സമയത്താണ്.

പുതുമയുള്ള അനുഭവങ്ങൾ വരുമ്പോൾ അത് നമ്മുടെ ഏകാഗ്രതയെ ബാധിക്കുമെന്നാണ് ചില പഠനങ്ങൾ പറയുന്നത്. മുമ്പും നമുക്ക് പ്രയാസങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്, പ്രളയം, എച്ച്1എൻ1 വൈറസ് തുടങ്ങി, അന്നും പ്രയാസങ്ങളെ മറികടന്നു അതിനെയൊക്കെ നമ്മൾ തരണം ചെയ്തു. നിലവിലെ മഹാമാരിയും നിയന്ത്രണങ്ങളും നമുക്ക് മാത്രം ബാധിച്ചതല്ല, ലോകത്ത് എല്ലായിടത്തും ഇതേ അവസ്ഥയാണ്.

നിലവിൽ നമ്മൾ പ്രധാനമായും ചെയ്യേണ്ട കാര്യം

  • ഈ രോഗവുമായി ബന്ധപ്പെട്ട വാർത്തകൾ ഇടക്കിടക്ക് വായിച്ചുക്കൊണ്ടിരിക്കുന്നതും കണ്ടുകൊണ്ടിരിക്കുന്നതും നല്ലതല്ല. രാവിലെ ഒരല്പ സമായം വാര്‍ത്തയില്‍ ശ്രദ്ധിക്കാം, ചുറ്റുപാടുകളെ കുറിച്ചറിയാന്‍, രോഗത്തിന്റെ സ്ഥിതി വിവരകണക്കുകൾ, സർക്കാരിന്റെ ഭാഗത്തുനിന്നുള്ള പ്രത്യേക നിർദേശങ്ങൾ എന്തൊക്കെയാണ് എന്ന് മനസിലാക്കാനും. അതേപോലെ വൈകുന്നേരവും കുറച്ചു സമയം വാര്‍ത്തകള്‍ക്കായി ഉപയോഗപ്പെടുത്താം. ബാക്കി സമയം ഒരു കാരണവശാലും രോഗവുമായി ബന്ധപ്പെട്ട വാർത്തകളുടെ കൂടെ പോകാതിരിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
  • നമ്മുടെ ഏകാഗ്രത മെച്ചപ്പെടുത്താനുള്ള വ്യായാമങ്ങൾ ശീലിക്കുക – ദീർഘ ശ്വസന വ്യായാമങ്ങൾ, ബോഡി സ്ട്രെച്ചിങ് എന്നിവ ഇടവേളകളിൽ ശീലമാക്കാം.

പഠിക്കുമ്പോൾ കൃഷി ചെയ്യുന്നത് പോലെ പഠിക്കാൻ ശ്രമിക്കണം എന്നാണ് വിദ്യാഭ്യാസ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. കൃഷി ചെയ്യുമ്പോൾ ഏതെങ്കിലുമൊരു വിള നട്ടുവളർത്തിയ ശേഷം അടുത്ത കാലമാവുമ്പോൾ മറ്റെന്തെങ്കിലും വിള നട്ടുവളർത്തിയാൽ ആ മണ്ണിന്റെ ഫലഭൂയിഷ്ഠത വർദ്ധിക്കുമെന്ന് പറയുന്ന പോലെ, താൽപ്പര്യം നഷ്ടപ്പെടാതെ ഒന്നൊ രണ്ടോ മണിക്കൂർ ഒരു വിഷയം പഠിക്കുക, അതിനു ശേഷം മറ്റൊരു വിഷയത്തിലേക്ക് പോകാം. ഒരു ദിവസം മുഴുവൻ ഒരൊറ്റ വിഷയം തന്നെ വായിച്ചിരുന്നാൽ വായന ക്ഷമത കുറയുകയും നമുക്ക് ഏകാഗ്രത നഷ്ടപ്പെടുകയും ഓർമ്മയെ അത് ദോഷകരമായി ബാധിക്കുകയും ചെയ്യും.

പല വിദ്യാർത്ഥികളും കൂടിയിരുന്ന് പഠിക്കുന്നതിലൂടെയാവും(combine study) കൂടുതല്‍ വ്യക്തമായി പഠിക്കാന്‍ സാധിക്കുക, അത്തരക്കാർക്ക് ഈ ലോക്ഡൌൺ കാലത്ത് ടീച് എ ഫ്രണ്ട് രീതി (teach a friend) പരീക്ഷിക്കാവുന്നതാണ്. നമുക്ക് മറ്റുള്ളവുരുമായി സംവദിക്കുവാനുള്ള ധാരാളം ഓൺലൈൻ മാധ്യമങ്ങൾ ഇപ്പോൾ ലഭ്യമാണ്. എപ്പോഴും അത് ഉപയോഗിക്കുക എന്നതല്ല, എന്നാൽ പാഠഭാഗങ്ങൾ നമ്മുടെ കൂട്ടുകാരുമായി സാധ്യമായ ഒരു ഓൺലൈൻ പ്ലാറ്റഫോമിൽ കുറച്ച് സമയം നമ്മൾ പഠിച്ച പാഠം അവരെ പഠിപ്പിച്ചു കൊടുക്കുക, കൂട്ടുകാര്‍ പരസ്പരം പഠിപ്പിക്കുക. ഓൺലൈൻ ആപ്പുകൾ ഉപയോഗിച്ച് തത്സമയം തന്നെ ഇത് ചെയ്യാവുന്നതാണ്, അതല്ലെങ്കിൽ റെക്കോർഡ് ചെയ്തു വെച്ച പാഠഭാഗങ്ങൾ അവർക്ക് കൈമാറുകയോ ചെയ്യാം, വളരെ മികച്ച ഫലം തരുന്ന ഒരു രീതിയാണിത്. പൊതുവിൽ പറയാറുണ്ട് നമ്മൾ ഒരു പാഠഭാഗം പഠിക്കുമ്പോൾ അത് പഠിക്കാനുള്ള ഏറ്റവും നല്ല മാർഗം മറ്റൊരാളെ അത് പഠിപ്പിച്ചു കൊടുക്കുക എന്നതാണ്. കാരണം നമ്മൾ മറ്റുള്ളവരെ പഠിപ്പിക്കാൻ വേണ്ടി പഠിക്കുമ്പോൾ കുറച്ച് ആത്മാർത്ഥമായി പഠിക്കും. നമ്മൾ വായിച്ചതും പഠിച്ചതുമായ ഒരു ഭാഗം മറ്റൊരാൾക്ക് പറഞ്ഞുകൊടുക്കുമ്പോൾ അതൊന്നു കൂടി നമ്മുടെ തലച്ചോറിൽ ദൃഢമായി പതിയും, നമുക്ക് നല്ല ആശയ വിനിമയ ശേഷി ഉണ്ടെങ്കിൽ ഒരുപക്ഷെ കേൾക്കുന്ന സുഹൃത്തുക്കൾക്ക് കൂടി അത് പ്രയോജനം ചെയ്യും. ഇതേ ഒരു മനോഭാവം എല്ലാവരും പുലർത്തിയാൽ ഒരേ ദിവസം തന്നെ വ്യത്യസ്തങ്ങളായ പാഠഭാഗങ്ങൾ എല്ലാവര്‍ക്കും പഠിക്കാൻ കഴിയും, സമയം ക്രമീകരിക്കണം എന്നുമാത്രം.

സാമൂഹിക അകലം പാലിക്കേണ്ട ഘട്ടത്തിൽ പോലും മാനസിക അകലം ഇല്ലാതെ നമ്മൾ പഠിക്കുന്നു, മറ്റുള്ളവരെ നമ്മൾ പഠിപ്പിക്കുകയും ചെയ്യുന്നു. നമ്മൾ നേടുന്നു, മറ്റുള്ളവരിലേക്ക് നേട്ടം പകർന്ന് കൊടുക്കുന്നു. നന്മയുടെ ഏറ്റവും മനോഹരമായ മുഖം അതുവഴി കൈവരിക്കാൻ സാധിക്കുന്നു.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x