KeralaPolitical

‘തൃശൂരിലെ കടകളുടെ ഇസ്ലാമികവത്കരണം’; ബി.ജെ.പിയുടെ ക്രൈസ്തവ സ്നേഹം കപടമാണ്

പ്രതികരണം/ നസീർ ഹുസ്സൈൻ

2001 ൽ ഇറങ്ങിയ, ഏറ്റവും നല്ല ചിത്രത്തിനും സംവിധായകനും ഉൾപ്പെടെ നാല് ഓസ്കാർ അവാർഡുകൾ വാങ്ങിയ മനോഹരമായ സിനിമയാണ് A Beautiful Mind.

എന്റെ വീട്ടിൽ നിന്ന് ഏതാണ്ട് ഒരു മണിക്കൂർ ഡ്രൈവ് ചെയ്താൽ എത്താവുന്ന പ്രിൻസ്റ്റൺ സർവകലാശാലയിലെ പ്രൊഫെസ്സർ ആയിരുന്ന ജോൺ നാഷിനെ കുറിച്ചും അദ്ദേഹത്തിന്റെ paranoid schizophrenia എന്ന രോഗാവസ്ഥയെ കുറിച്ചുമാണ് ഈ ചിത്രം.

ജോൺ നാഷ് സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനം ലഭിച്ച ആളാണ്. ഗെയിം തിയറി എന്ന ഒരു ഗണിതശാസ്ത്ര ശാഖയിൽ ആണ് ഇദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ഗവേഷണങ്ങൾ നടന്നത്.

സാമൂഹിക ശാസ്ത്രം, പരിണാമം, സാമ്പത്തിക ശാസ്ത്രം, മാർക്കറ്റിംഗ് തുടങ്ങി അനേകം മേഖലകളെ പിടിച്ചു കുലുക്കിയ ഒന്നായിരുന്നു ഇദേഹത്തിന്റെ Nash Equilibrium എന്ന് ഇന്നറിയപെടുന്ന ഒരു സമവാക്യം.

കേരള രാഷ്ട്രീയ / സാമൂഹിക രംഗങ്ങളിൽ ഇതെങ്ങിനെ ആണ് ബാധകം ആകുന്നത് എന്ന് നോക്കുന്നതിനു മുൻപ് ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ നമുക്ക് ഒരു കളി കളിക്കാം.

തടവുകാരുടെ ധർമ്മസങ്കടം (Prisoner’s dilemma) എന്നാണ് ഈ ചിന്താ പരീക്ഷണം അറിയപ്പെടുന്നത്. നിങ്ങളും നിങ്ങളുടെ പങ്കാളിയായ ഒരാളും കൂടി ഒരു ബാങ്ക് കൊള്ളയടിച്ചു എന്ന് കരുതുക. നിങ്ങളെ രണ്ടുപേരെയും സംശയാസ്പദമായ സാഹചര്യങ്ങളിൽ പോലീസ് അറെസ്റ് ചെയ്തു എന്നും കരുതുക.

നിങ്ങളെ രണ്ടു പേരെയും രണ്ടു വ്യത്യസ്ത മുറികളിൽ ഇരുത്തി പോലീസ് ചോദ്യം ചെയ്യുകയാണ്. നിങ്ങളിൽ ആരാണ് ഈ കുറ്റം ചെയ്തത് എന്ന് പോലീസിന് അറിയില്ല. പക്ഷെ നിങ്ങളെ ചോദ്യം ചെയ്യുന്ന പോലീസുകാർ നിങ്ങളുടെ മുന്നിൽ താഴെ പറയുന്ന ഒരു ഓഫർ വയ്ക്കുന്നു. നിങ്ങൾ അറിയാതെ തന്നെ ഇതേ ഓഫർ അടുത്ത മുറിയിൽ നിങ്ങളുടെ കൂട്ടുകാരന്റെ മുൻപിലും വയ്ക്കുന്നുണ്ട്.

ഓഫർ ഇതാണ്.

1. നിങ്ങൾ രണ്ടുപേരും കുറ്റം നിഷേധിച്ചാൽ നിങ്ങൾ രണ്ടു പേരും ഒരു വർഷം ജയിലിൽ പോകും.

2 . നിങ്ങളുടെ കൂട്ടുകാരനാണ് ഇത് ചെയ്തത് എന്ന് നിങ്ങൾ സമ്മതിക്കുകയും, നിങ്ങളുടെ കൂട്ടുകാരൻ കുറ്റം നിഷേധിക്കുകയും ചെയ്താൽ, നിങ്ങളെ വെറുതെ വിടും. കൂട്ടുകാരന് മൂന്ന് വർഷം തടവ് കിട്ടും. (നിങ്ങളുടെ കൂട്ടുകാരൻ നിങ്ങളാണ് കുറ്റക്കാരൻ എന്ന് പറയുകയും നിങ്ങൾ കുറ്റം നിഷേധിക്കുകയും ചെയ്താൽ നിങ്ങൾ മൂന്ന് വര്ഷം അകത്ത് പോകും, കൂട്ടുകാരനെ വെറുതെ വിടും.)

3. നിങ്ങളും നിങ്ങളുടെ കൂട്ടുകാരനും പരസ്പരം മറ്റേ ആളാണ് ഈ കുറ്റം ചെയ്തത് എന്ന് പരസ്പരം ആരോപിച്ചാൽ നിങ്ങൾ രണ്ടുപേരും രണ്ടു വര്ഷം ജയിലിൽ ആകും.

ഇങ്ങിനെയുള്ള അവസരത്തിൽ നിങ്ങൾ എന്ത് തീരുമാനം എടുക്കും എന്നതാണ് ചോദ്യം?

നിങ്ങളുടെ പങ്കാളി എന്ത് പറയുന്നു എന്നറിയാൻ നിങ്ങൾക്ക് ഒരു വഴിയും ഇല്ലാത്ത സന്ദർഭത്തിൽ നിങ്ങൾക്ക്,

1. കുറ്റം നിഷേധിക്കാം , പക്ഷെ നിങ്ങളുടെ കൂട്ടുകാരൻ കുറ്റം നിഷേധിക്കുമോ എന്ന് നിങ്ങൾക്ക് ഉറപ്പില്ല. നിങ്ങളുടെ കൂട്ടുകാരനും കുറ്റം നിഷേധിച്ചാൽ നിങ്ങൾ ഒരു വർഷം ജയിലിൽ പോകും.

2. നിങ്ങളുടെ കൂട്ടുകാരൻ ആണ് കുറ്റം ചെയ്തത് എന്ന് പറയാം. ഇപ്പോഴും നിങ്ങളുടെ കൂട്ടുകാരൻ എന്ത് പറയും എന്ന് നിങ്ങൾക്ക് അറിയില്ല, കൂട്ടുകാരൻ കുറ്റം നിഷേധിച്ചാൽ, നിങ്ങൾക്ക് പുറത്തു പോകാം, പക്ഷെ കൂട്ടുകാരൻ 3 വര്ഷം ജയിലിൽ പോകും.

നിങ്ങളുടെ കൂട്ടുകാരൻ നിങ്ങളെ പോലെ തന്നെ ആണ് ചെയ്യുന്നത് എങ്കിൽ നിങ്ങൾ രണ്ടുപേരും രണ്ടുവർഷം ജയിലിൽ കിടക്കണം.

മേല്പറഞ്ഞ കാര്യങ്ങളിൽ നിന്നും ഒരു കാര്യം വ്യക്തം ആണ്. നിങ്ങൾ രണ്ടുപേരും പരസ്പരം സഹകരിച്ച് പരസ്പരം കുറ്റം നിഷേധിക്കുന്നത് ആണ് നിങ്ങൾക്ക് രണ്ടു പേർക്കും കൂടി നല്ലത് (രണ്ടു പേർക്കും ഓരോ വർഷം വച്ച് മൊത്തം രണ്ടു വർഷം തടവ്).

പക്ഷെ നിങ്ങളുടെ സുഹൃത്തിനെ ഒറ്റികൊടുക്കുന്നത് ആണ് നിങ്ങൾ എന്ന വ്യക്തിക്ക് നല്ലത് (നിങ്ങൾക്ക് ജയിലിൽ പോകണ്ട, സുഹൃത്ത് പോകും, സുഹൃത്തിനു 3 വർഷവും, നിങ്ങൾക്ക് പൂജ്യം വർഷവും , മൊത്തം മൂന്ന് വര്ഷം തടവ്).

ഏറ്റവും മോശം നിങ്ങൾ പരസ്പരം പാര വെക്കുന്നതാണ് (രണ്ടുപേരും രണ്ടു വർഷം വെച്ച് രണ്ടുപേർക്കും കൂടി മൊത്തം നാല് വർഷം തടവ്).

The Prisoner’s Dilemma

ഇനി ഈ പരീക്ഷണം ആവർത്തിച്ച് നടക്കുന്നു എന്ന് വിചാരിക്കുക. ഉദാഹരണത്തിന് നിങ്ങളും നിങ്ങളുടെ പങ്കാളിയും ഒന്നിൽ കൂടുതൽ തവണ ഇതുപോലെ പിടിക്കപ്പെടുന്നു എന്ന് കരുതുക. രണ്ടാമത്തെ തവണ ആദ്യത്തെ തവണ എടുത്ത തീരുമാനം ആയിരിക്കുമോ നിങ്ങൾ എടുക്കുന്നത്?

അത് ആദ്യം നിങ്ങളോ നിങ്ങളുടെ സുഹൃത്തോ എടുത്ത തീരുമാനത്തെ ആശ്രയിച്ച് ഇരിക്കും. ആദ്യത്തെ തവണ നിങ്ങളും നിങ്ങളുടെ സുഹൃത്തും പരസ്പരം പാര വെച്ചിരുന്നില്ല എങ്കിൽ ഇത്തവണയും അത് തന്നെ നടക്കാൻ ആണ് സാധ്യത.

പക്ഷെ കഴിഞ്ഞ തവണ നിങ്ങളോ നിങ്ങളുടെ സുഹൃത്തോ മറ്റേ ആളെ ഒറ്റിക്കൊടുത്ത് ഫ്രീ ആയി ഇറങ്ങി പോയിരുന്നു എങ്കിൽ നിങ്ങൾക്ക് തിരികെ ഒരു പണി പ്രതീക്ഷിക്കാം. മേല്പറഞ്ഞ പരീക്ഷണത്തിൽ പക്ഷെ രണ്ടു പേർക്കും തുല്യ ശക്തി ആണുള്ളത്.

പക്ഷെ യഥാർത്ഥ ലോകത്ത് കുറച്ചു ശക്തി കൂടിയതും കുറഞ്ഞതും ആയ പാർട്ടികൾ തമ്മിലാണ് ഈ കളി നടക്കുന്നത്.

ഉദാഹരണത്തിന് ഒരു കാട്ടിൽ എത്ര സിംഹങ്ങളും മാനുകളും ഉണ്ടാകും? സിംഹത്തിനാണ് കരുത്ത് കൂടുതൽ എന്നത് കൊണ്ടും , സിംഹം ആണ് മാനിനെ ആക്രമിച്ച് കീഴ്പെടുത്തുന്നത് എന്നത് കൊണ്ടും കൂടുതൽ സിംഹം ആണ് ഉണ്ടാകുക എന്ന് നമ്മൾ തെറ്റിദ്ധരിച്ചേയ്ക്കാം.

പക്ഷെ സിംഹത്തിന്റെ എണ്ണം കൂടുന്നത് അനുസരിച്ച് ഓരോ സിംഹത്തിനും കിട്ടുന്ന മാനിന്റെ എണ്ണം കുറയുകയും, പട്ടിണി മൂലം സിംഹം ചത്ത് ഒടുങ്ങുകയും ചെയ്യും. അപ്പോൾ മാനിന്റെ എണ്ണം കൂടും. മാനിന്റെ എണ്ണം കൂടുമ്പോൾ സിംഹങ്ങൾക്ക് പെട്ടന്ന് മാനിനെ ലഭ്യം ആവുകയും മാനിന്റെ എണ്ണം കുറയുകയും ചെയ്യും.

പക്ഷെ ഒരു മാനിന്റെയും സിംഹത്തിന്റെയും എണ്ണം ഒരു നിശ്ച്ചിത അനുപാതത്തിൽ നിൽക്കുക ആണെങ്കിൽ രണ്ടുപേർക്കും വലിയ ഉയർച്ച താഴ്ചകൾ ഇല്ലാതെ തങ്ങളുടെ സാധാരണ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയും.

Evolutionary stable strategy എന്നാണ് ഇതിനെ വിളിക്കുന്നത്. ഈ വ്യവസ്ഥക്ക് എന്തെങ്കിലും മാറ്റം ഉണ്ടായാൽ രണ്ടു കളിക്കാരുടെയും ( ഈ ഉദാഹരണത്തിൽ സിംഹത്തിന്റെയും മാനിന്റെയും) ജീവിതവും അവതാളത്തിൽ ആകും.

സിംഹവും കടുവയും മറ്റും territorial മൃഗങ്ങൾ ആകാൻ കാരണം ഇതാണ്. പട്ടി പോകുന്ന വഴിക്ക് പോസ്റ്റിൽ മൂത്രം ഒഴികുന്നതും അതിന്റെ ടെറിറ്ററി മാർക്ക് ചെയ്യുന്നതാണ്. ( റിച്ചാർഡ് ഡോക്കിൻസിന്റെ സെൽഫിഷ് ജീൻ എന്ന പുസ്തകം വായിച്ചവർക്ക് കഴുകനും പ്രാവും എന്ന പേരിൽ ഇതേ പരീക്ഷണം ഓർമയുണ്ടാകും ).

ഇനി മൂന്നു കളിക്കാർ ആണ് ഞാൻ മേല്പറഞ്ഞ കളി കളിക്കുന്നത് എന്ന് വെക്കുക. പരസ്പരം സഹായിച്ചു പോയാൽ രണ്ടുപേർ കളിക്കുന്ന പോലെ തന്നെയാണ് ഇതിന്റെ ഫലം വരിക. പക്ഷെ പരസ്പരം ശത്രുതയിൽ ആണ് ഈ കളി കളിക്കുന്നത് എങ്കിൽ ഒന്നോ രണ്ടോ റൗണ്ടിന് ശേഷം ഒരു കളിക്കാരൻ കളിക്ക് പുറത്താകും.

ഉദാഹരണത്തിന് മാൻ, സിംഹം, കഴുതപ്പുലി എന്നീ മൃഗങ്ങൾ ആണ് പരസ്പരം ഇങ്ങിനെ ആക്രമിക്കുന്നത് എങ്കിൽ വളരെ പെട്ടന്ന് മാൻ കൊല്ലപ്പെടും. അത് കഴിഞ്ഞു പക്ഷെ വേറെ ഇരകൾ ഇല്ലാതെ ആകുമ്പോൾ കഴുതപ്പുലി സിംഹത്തിനെ കൊന്നു തിന്നാൻ തുടങ്ങും. (കഴുതപ്പുലികൾ സിംഹത്തെ കൊന്നു തിന്നാൻ കഴിവുള്ളവയാണ്).

ഈ ഒരു 3 മിനിട്ട് വീഡിയോയിൽ അഡ്വ. ഗോപാലകൃഷ്ണൻജി എത്ര കള്ളങ്ങളോ തെറ്റിദ്ധാരണാജനകമായ പാതി സത്യങ്ങളോ പറയുന്നുണ്ട് എന്ന് എണ്ണാമോ? 1. മുസ്ളീങ്ങൾ കൃസ്ത്യാനികളുടെ ജനസംഖ്യ ഇല്ലാതാക്കാൻ നോക്കുന്നു. 2. തൃശൂരിലെ കടകൾ [കൃസ്ത്യാനികളിൽ നിന്ന് നിയമ വിരുദ്ധമായി പിടിച്ചെടുത്തിട്ടാണ് എന്ന് വ്യംഗ്യം] പൊളിച്ച് ഇസ്ളാമൈസേഷൻ നടത്തുന്നു. 3. ബി ജെ പി ഇസ്ളാമിനോ വേറേ ആർക്കെങ്കിലുമോ എതിരല്ല. 4. സ്വന്തം മതം മാത്രം വളർത്താനുള്ള [മുസ്ളീങ്ങളുടെ] ശ്രമത്തിൽ ക്രൈസ്തവരും ഹിന്ദുക്കളും നശിപ്പിക്കപ്പെടുന്നു. 5. ക്രൈസ്തവർക്ക് വേണ്ടി ബി.ജെ.പി. സംസാരിക്കുന്നുണ്ട്! 6. 2035 ഓടെ ഇവിടെ ഇസ്ളാം ഭൂരിപക്ഷമാവും (ഈ ധാരണ ജി. സുധാകരനും ഉണ്ടെന്നാണ് ഗോപാലകൃഷ്ണൻജി പറയുന്നത്) 7. ക്രിസ്ത്യാനികളുടെയും ഹിന്ദുക്കളുടെയും റൈറ്റ്സ് എടുത്താണ് മുസ്ളീങ്ങൾ വ്യാവസായികമായും ജനസംഖ്യാപരമായും വിദ്യാഭ്യാസപരമായും വളരുന്നത്. 8. ക്രിസ്ത്യാനികളുടെയും ഹിന്ദുക്കളുടെയും നികുതിപ്പണം എടുത്താണ് ഖുർ ആൻ പഠിപ്പിക്കുന്നവർക്ക് പെൻഷനും 6000 രൂപ ശമ്പളവും മകൾക്ക് കല്യാണം കഴിക്കാൻ 25 ലക്ഷം രൂപയും വീട് വയ്ക്കാൻ 15 ലക്ഷം രൂപയും കൊടുക്കുന്നത്. 9. പാതിരിമാർക്കും ഹിന്ദുമതം പഠിപ്പിക്കുന്നവർക്കും പെൻഷനും ശമ്പളവും നികുതിപ്പണം എടുത്ത് കൊടുക്കാതെ ഖുർആൻ പഠിപ്പിക്കുന്നവർക്ക് മാത്രം കൊടുക്കുന്നത് ഇടത് / വലത് മുന്നണികൾക്ക് അതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഇല്ലാത്തത് കൊണ്ടാണ്. 10. യുഡിഎഫിനെയും എൽഡിഎഫിനെയും മുസ്ളീം ശക്തികളാണ് നിയന്ത്രിക്കുന്നത്. എൻ്റെ എണ്ണം കറക്റ്റാണോ എന്നറിയില്ല. എന്തായാലും ഒറ്റ പോസ്റ്റിൽ ഇതിനെയെല്ലാം വിശകലനം ചെയ്ത് പൊളിക്കാൻ പോലും പറ്റാത്ത സ്ഥിതിയാണ്.Posted by Ajay Balachandran on Tuesday, 30 March 2021

തൃശൂരിൽ ഒരു ക്രിസ്ത്യൻ പുരോഹിതനോട് ബി.ജെ.പിയുടെ ഗോപാലകൃഷ്ണൻ മുസ്ലിങ്ങളെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ എനിക്ക് മുകളിൽ പറഞ്ഞ കഴുതപ്പുലിയെ ആണ് ഓർമ വന്നത്.

ഇപ്പോൾ നിലവിലുള്ള സന്തുലിതാവസ്ഥ തച്ചുടച്ച് കഴുതപ്പുലിയും സിംഹവും ചേർന്ന് മാനിനെ കൊന്നൊടുക്കി കഴിയുമ്പോൾ, കഴുതപ്പുലി സിംഹത്തിനു നേരെ തിരിയും.

ഉദാഹരണത്തിന്, വടക്കേ ഇന്ത്യയിലേക്ക് ഒന്ന് നോക്കിയാൽ മതി. കേരള രാഷ്ട്രീയത്തിലെ കഴുതപ്പുലി ആണ് ബിജെപി. ബി.ജെ.പിക്ക് വോട്ടു ചെയ്യാൻ കൈതരിച്ച്‌ നിൽക്കുന്ന ക്രിസ്ത്യൻ കൂട്ടുകാർ ഒന്ന് ശ്രദ്ധിച്ചാൽ നല്ലത്. മേല്പറഞ്ഞ കളി നിങ്ങൾക്ക് ഓൺലൈനിൽ കളിക്കാം. വളരെ രസകരമാണ്. ഞാൻ പറയാൻ ശ്രമിക്കുന്നത് എന്താണെന്നു നിങ്ങൾക്ക് തന്നെ സ്വയം മനസിലാക്കാം. ലിങ്ക്

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x