Social

SC/ST വിഭാഗങ്ങളുടെ സംവരണം ഈഴവരും മുസ്ലീങ്ങളും തട്ടിയെടുക്കുന്നുവോ?

പ്രതികരണം/ ഡോ അമൽ സി രാജൻ

ഇന്ന് യാദൃശ്ചികമായി ഒരു സംവരണ ചർച്ചയിൽ പങ്കെടുക്കുകയുണ്ടായി. അതിൽ ഉയർന്നു വന്ന ഒരു വാദം ആശ്ചര്യമുണ്ടാക്കി.

SC/ST വിഭാഗങ്ങൾക്ക് അർഹതപ്പെട്ട റിസർവേഷൻ കേരളത്തിൽ ഈഴവരും മുസ്ലീമുകളും തട്ടിയെടുക്കുന്നു എന്നായിരുന്നു ആരോപണം.

മേൽപ്പറഞ്ഞ വിഭാഗങ്ങൾക്ക് ഭരണഘടനാപരമായി ജനസംഖ്യാനുപാതിക സംവരണം നിലനിൽക്കുന്നുണ്ട്.

ഈ വിഹിതം ഈഴവ / മുസ്ലീം വിഭാഗങ്ങൾക്കോ ഒ ബി സി വിഭാഗങ്ങൾക്കോ തട്ടിയെടുക്കുക സാധ്യമല്ല എന്നിരിക്കെയാണ് ഈ പ്രചരണവുമായി പലരും രംഗത്തുവരുന്നത്.

ഇതിൻ്റെ വാസ്തവമെന്താണ്?

ഒരുദാഹരണം നോക്കാം;

കാലിക്കറ്റ് സർവകലാശാലയുടെ ഇത്തവണത്തെ പ്രവേശന മാർഗ്ഗരേഖ നോക്കുക. അതിൽ 50:50 എന്ന അനുപാതത്തിലാണ് സംവരണം പ്രഖ്യാപിച്ചിരിക്കുന്നത്. 10% സവർണ്ണ സംവരണം പ്രഖ്യാപിച്ച സാഹചര്യത്തിൽ 60:40 എന്ന രീതിയിലാണ് സംവരണം വരേണ്ടത്.

എന്നാൽ സംവരണം അൻപതിൽ തന്നെ നിജപ്പെടുത്തിയിരിക്കുന്നു. ഇവിടെ നടന്നിരിക്കുന്ന അട്ടിമറി എന്താണ് / ആർക്കു വേണ്ടിയാണ് എന്നു നോക്കുക.

ഇവിടെ OBC സംവരണം 20% മാത്രമാണ്. SC/ST വിഭാഗങ്ങൾക്ക് 20 % സംവരണമാണ് ആകെ നൽകിയിരിക്കുന്നത്. ബാക്കിയുള്ള 10% സവർണ്ണ സംവരണമായ EWS നും നൽകിയിരിക്കുന്നു. അങ്ങനെ ആകെ 50 % സംവരണ സീറ്റുകളും ബാക്കി 50 ശതമാനം മെറിറ്റ് സീറ്റുകളുമായിട്ടാണ് സംവരണം ക്രമീകരിച്ചിരിക്കുന്നത്.

ഇന്ത്യൻ ഭരണഘടനയുടെ നൂറ്റിമൂന്നാമത് ഭേദഗതി പ്രകാരമാണ് EWS സംവരണം നൽകുന്നത്. നിലവിലുള്ള സംവരണത്തിന് പുറമെയാണ് EWS സംവരണം നൽകുക എന്ന് ആ ഭേദഗതിയിൽ വ്യക്തമായി പറയുന്നുണ്ട്. 50 % വരെയുള്ള സംവരണം SC/ST /O BC വിഭാഗങ്ങൾക്ക് അവകാശപ്പെട്ടതാണ് (പലയിടത്തും OBC വിഭാഗത്തിന് അതു നൽകാൻ സർക്കാർ തയ്യാറായിരുന്നേയില്ല. ഇപ്പോഴും തയ്യാറല്ല).

അതായത് EWS നടപ്പാക്കുന്നപക്ഷം 50 മുതൽ 60 ശതമാനം വരെയാണ് (ഏറ്റവും കൂടിയത് ) സംവരണം നൽകേണ്ടത്. ബാക്കി 40 % മാത്രമാണ് ജനറൽ മെറിറ്റ് സീറ്റുകളായി വിദ്യാഭ്യാസ മേഖലയിലും വരേണ്ടത്. അങ്ങനെയായിരിക്കും കേരളത്തിലും നടപ്പാക്കുക എന്നാണ് എൽ.ഡി.എഫ് നേതാക്കൾ ഉൾപ്പെടെയുള്ളവർ പറയുകയും ചെയ്തിരുന്നു.

ഇവിടെ ഇപ്പോഴും ചെയ്യുന്നത് നോക്കൂ… പൊതുവെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ 30% മാണ് OBC സംവരണം ( അത് അപര്യാപ്തമാണ് എന്നത് മറ്റൊരു കാര്യം. ഈ വിഷയം പിന്നീട് ചർച്ച ചെയ്യാം). ഇവിടെ അത് 20 % ആക്കി കുറവു ചെയ്തു. OBC വിഭാഗങ്ങൾക്ക് അവകാശപ്പെട്ട 10% ഭരണഘടനാവിരുദ്ധമായി കവർന്നെടുത്താണ് സവർണ്ണ വിഭാഗത്തിന് നൽകിയിരിക്കുന്നത്.

അതായത് ഈഴവരും മുസ്ലീമുകളും ഇതര ഹിന്ദുക്കളും പിന്നാക്ക ക്രിസ്ത്യാനികളും ഉൾപ്പെടെയുള്ള OBC വിഭാഗത്തിലെ പാവപ്പെട്ടവരുടെ മക്കൾ ( ക്രീമീലെയർ OBC കൾക്ക് സംവരണമില്ല) പഠിക്കേണ്ട 10% സംവരണം തട്ടിയെടുത്ത ശേഷമാണ് സവർണ്ണ വിപ്ലവകാരികൾ സമൂഹമാധ്യമങ്ങളിൽ വന്ന് നിലവിളിക്കുന്നത്.

ഈഴവരും മുസ്ലീമുകളും SC/ST വിഭാഗത്തിൻ്റെ സംവരണം തട്ടിയെടുക്കുന്നുവെന്ന നായർ സമാജക്കഥ വിശ്വസിക്കാൻ മാത്രമുള്ള ദളിതരൊന്നും ഇന്ന് കേരളത്തിലില്ല. നിങ്ങളുടെ ഈ നുണ പ്രചരണം കേട്ട് മിണ്ടാതെ, അനങ്ങാതെ നിൽക്കാൻ ഈഴവരും മുസ്ലീമുകളും നിങ്ങൾ വിശേഷിപ്പിച്ചതുപോലെ വാഴകളല്ല. ഓർത്താൽ നല്ലത്.

കേരളത്തിൽ പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നും വളരെക്കുറച്ചാളുകൾ മാത്രമേ ഉന്നതവിദ്യാഭ്യാസ രംഗത്തും ഗവേഷണ മേഖലയിലും ഉള്ളൂ. ഈയൊരു സാഹചര്യം കണക്കിലെടുത്താണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി പി എച്ച് ഡി പ്രവേശനത്തിൽ 7.5% സംവരണം 2020 ൽ പട്ടിക വിഭാഗത്തിന് നൽകിയത്.

2021 ൽ ഇത് 5 % മായി കുറച്ചിരിക്കുകയാണ്. കുറവു ചെയത 2.5% ആർക്കാണ് വകമാറ്റി നൽകിയത് എന്നുകൂടി അറിയുമ്പോഴാണ് ഇതിലെ പ്രശ്നം വ്യക്തമാകുക. കഴിഞ്ഞ വർഷം 7.5% ആയിരുന്ന പി എച്ച് ഡി സീറ്റിലെ EWS സംവരണം ആദിവാസി വിഭാഗത്തിൽ നിന്നു പിടിച്ചെടുത്ത 2.5% കൂടി ചേർത്ത് 10% ആക്കി ഉയർത്തിയിരിക്കുന്നു.

അങ്ങേയറ്റം പാർശ്വവത്കൃതരായ ആദിവാസി വിഭാഗം അനുഭവിക്കേണ്ടുന്ന സംവരണാവകാശം കൈയ്യേറിയവരാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വന്ന് സംവരണ പ്രക്ഷോഭങ്ങളിൽ വിള്ളലുണ്ടാക്കാനുള്ള കുത്സിത ശ്രമങ്ങൾ നടത്തുന്നത്.

മേൽ സൂചിപ്പിച്ച സംവരണ അട്ടിമറിക്കെതിരെ സാമൂഹ്യ പ്രവർത്തകനും ഗവേഷകനുമായ ദിനു വെയിൽ പരാതി നൽകുകയും ഈ വിഷയം വകുപ്പു മന്ത്രി കെ.രാധാകൃഷ്ണൻ്റെ ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്തിട്ടുണ്ട്.

സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിട്ടുള്ള സാമ്പത്തിക സംവരണത്തിൻ്റെ മറവിൽ OBC/SC/ST വിഭാഗങ്ങളുടെ സംവരണാവകാശം കവർന്നെടുക്കാനുള്ള ഗൂഢാലോചനകൾക്കെതിരെ യോജിച്ച പ്രവർത്തനങ്ങൾ ഉയർന്നു വരേണ്ടതുണ്ട്.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x