Political

സഞ്ജീവ് ഭട്ട്; ഭരണകൂട ഭീകരതയുടെ മൂന്ന് വർഷവും മൂന്ന് മാസവും 17 ദിവസവും

വഹീദ് സമാൻ

സഞ്ജീവ് ഭട്ടിനെ ഓർമ്മയുണ്ടോ…അദ്ദേഹം ജയിലിലായിട്ട് മൂന്നുവർഷവും മൂന്നു മാസവും 17 ദിവസവുമായി..ഇന്നലെ അദ്ദേഹത്തിന്റെ അൻപത്തിയെട്ടാമത്തെ ജന്മദിനമായിരുന്നു.

സഞ്ജീവിന്റെ മക്കൾ ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പുണ്ട്..ആ മനുഷ്യൻ എത്ര ശക്തനായിരുന്നുവെന്ന് അതിലുണ്ട്..ആ കുറിപ്പിലെ ഓരോ വാക്കിലും ആത്മവിശ്വാസത്തിന്റെ കരുത്തുണ്ട്. തകർക്കാനാകില്ലെന്ന ചങ്കുറപ്പുണ്ട്.

കുറിപ്പിലെ ഒരു വരി ഇങ്ങിനെയാണ്..നിങ്ങളെ തകർത്തുകളയാമെന്ന് എത്ര വിഡ്ഢിത്വത്തോടെയാണ് ക്രൂരമായ ഈ ഭരണകൂടം ചിന്തിച്ചത്. പക്ഷെ അവർക്ക് അറിയില്ലായിരുന്നു, നിങ്ങളെ ഉരുക്കുകൊണ്ടാണ് നിർമ്മിച്ചത് എന്ന കാര്യം. നിങ്ങളുടെ ദൃഢനിശ്ചയം തകർക്കാനുള്ള ശ്രമത്തിൽ അവർ നിങ്ങളെ ഒരിക്കലും തകർക്കാനാക്കാത്ത ആളാക്കി മാറ്റുക മാത്രമാണ് ചെയ്തത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;

പ്രിയപ്പെട്ട അച്ഛാ, ഇന്ന് അച്ഛന്റെ ജീവിതത്തിലെ മഹത്തായ അൻപത്തിയെട്ട് വർഷം പൂർത്തിയാകുകയാണ്. സുഹൃത്തുക്കളും കുടുബാംഗങ്ങളും ഒത്തുചേർന്ന് നിങ്ങളുടെ ജന്മദിനം ആഘോഷിക്കുമ്പോൾ, അച്ഛൻ ഒരിക്കലും ഞങ്ങളെ വിട്ടുപോകാതിരിക്കാൻ സ്‌നേഹത്താലും ആശംസകളാലും അങ്ങയെ മൂടണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.

ജീവിതത്തിൽ കടന്നുപോയ ഓരോ വയസും അത്ഭുതകരമാണെന്ന് പറയുകയും അടുത്ത ആവേശകരമായ വർഷത്തിന് വേണ്ടി കാത്തിരിക്കുകയും ചെയ്തിരുന്ന അച്ഛനെ വെറുതെ ഓർത്തുപോകുന്നു.

ആ കാലം ഒട്ടും വിദൂരമായിരുന്നില്ല. എന്നാലും ഞങ്ങൾ ഇന്നിവിടെ നിൽക്കുമ്പോഴും കഴിഞ്ഞുപോയ മൂന്നു വർഷവും മൂന്നു മാസവും 17 ദിവസവും അച്ഛൻ കഴിയുന്ന തടവറയുടെ ഇരുട്ടിനെ കുറിച്ച് വേദനയോടെ ഓർക്കുമ്പോഴും ദുരുദ്ദേശത്തിന്റെയും അന്യായത്തിന്റെയും യാഥാർത്ഥ്യത്തിലേക്ക് ഉറ്റുനോക്കുമ്പോഴും ഞങ്ങൾ ഒന്നിൽ മുറുകെ പിടിക്കുകയാണ്-

വരാനിരിക്കുന്ന നാളുകൾ കാറ്റും കോളും ഇല്ലാതാക്കുമെന്ന പ്രതീക്ഷയുടെയും വിശ്വാസത്തിന്റെയും നങ്കൂരത്തിൽ.

അടുത്ത വർഷം, ഈ ദിവസം നമ്മുടെ വീടിന്റെ ഊഷ്മളതയിൽ നമ്മളൊരുമിച്ച് തന്നെ അച്ഛന്റെ ജന്മദിനം ആഘോഷിക്കും. ജീവിതകാലം മുഴുവൻ ഞങ്ങളുടെ സംരക്ഷണ കവചം നിങ്ങളായിരുന്നു.

ഞങ്ങളെ സ്വന്തം കാലിൽനിന്ന് പോരാടാൻ പഠിപ്പിച്ച, വീണിടത്ത്‌ നിന്ന് എഴുന്നേൽക്കാൻ പരിശീലിപ്പിച്ച, തെറ്റുകളിൽ നിന്ന് പഠിക്കണം എന്ന് ഉപദേശിച്ച, ഞങ്ങൾ തളർന്നാൽ താങ്ങായി എന്നും ഓടിയെത്തിയിരുന്ന പ്രിയപ്പെട്ട അച്ഛാ.

അങ്ങയുടെ ജന്മദിനത്തിൽ ഞങ്ങളിതാ അങ്ങേക്കായി വാക്കുതരുന്നു- അങ്ങേക്കായി പോരാടാൻ എന്നും ഞങ്ങളുണ്ടാകുമെന്ന്. ഞങ്ങളുടെ ആത്മാവിലെ യുക്തിയുടെ ശബ്ദവും ഞങ്ങളുടെ ഹൃദയത്തിന്റെ ധൈര്യവുമാണ് നിങ്ങൾ.

ഞങ്ങൾ നിങ്ങളെ പോലെ ധൈര്യത്തോടെ ജീവിക്കും.

അച്ഛാ, നിങ്ങളെ ഈ ലോകത്തിന് വേണം.

നിങ്ങളെ പോലെ ധീരനും സത്യസന്ധനുമായ ഒരു മനുഷ്യനെ ഈ ലോകം തീർച്ചയായും അർഹിക്കുന്നുണ്ട്. കഴിഞ്ഞ മൂന്നുവർഷമായി ജീവിതം അതിന്റെ മയമില്ലാത്ത കൈ ആണ് ഞങ്ങൾക്ക് നീട്ടിത്തരുന്നത്.

പക്ഷെ, അച്ഛൻ എപ്പോഴും പറയാറുള്ളതു പോലെ, നമ്മെ കൊല്ലാത്തത് എന്താണോ അത് നമ്മെ ശക്തരാക്കിക്കൊണ്ടേയിരിക്കും. നിങ്ങളെ തകർത്തുകളയാമെന്ന് എത്ര വിഡ്ഢിത്വത്തോടെയാണ് ക്രൂരമായ ഈ ഭരണകൂടം ചിന്തിച്ചത്.

പക്ഷെ അവർക്ക് അറിയില്ലായിരുന്നു, നിങ്ങളെ ഉരുക്കുകൊണ്ടാണ് നിർമ്മിച്ചത് എന്ന കാര്യം.

നിങ്ങളുടെ ദൃഢനിശ്ചയം തകർക്കാനുള്ള ശ്രമത്തിൽ അവർ നിങ്ങളെ ഒരിക്കലും തകർക്കാനാക്കാത്ത ആളാക്കി മാറ്റുക മാത്രമാണ് ചെയ്തത്.

അച്ഛാ.. നിങ്ങളെ ഞങ്ങൾ അതിരറ്റ് സ്‌നേഹിക്കുന്നു. നിങ്ങളുടെ മക്കളാണ് എന്ന് പറയുന്നതിൽ എത്രമാത്രം അഭിമാനമുണ്ടെന്ന് പറയാൻ വാക്കുകളില്ല. നിങ്ങളുടെ ശക്തിയും ധൈര്യവും ദൃഢനിശ്ചയവും ലോകമെമ്പാടുമുള്ള ധീരരായ ആളുകളെ പ്രചോദിപ്പിക്കുന്നത് തുടരുക തന്നെ ചെയ്യും.

നിങ്ങൾ എക്കാലവും ഞങ്ങളുടെ ഹീറോയായി തുടരും. തീർച്ചയായും ഇത് പ്രയാസകരമായ സമയം തന്നെയാണ്. ക്രൂരമായ ഭരണകൂടത്തിന്റെ കയ്യിൽ പെട്ട് നഷ്ടപ്പെട്ട സമയം നികത്തപ്പെടുമെന്ന് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു.

സത്യസന്ധരും നേരുള്ളതുമായ മനുഷ്യരെ അന്യായമായി തടവിലാക്കിയതിന്റെ പശ്ചാതലത്തിൽ തഴച്ചുവളർന്ന തിന്മകൾ ഒരിക്കൽ നശിപ്പിക്കപ്പെടും.

ഈ പുതുവർഷത്തിൽ നമ്മളറിയുകയും സ്‌നേഹിക്കുകയും ചെയ്ത ഇന്ത്യ, നിസംഗതയുടെയും അജ്ഞതയുടെയും ഗാഢനിദ്രയിൽനിന്നുണർന്ന് അതിന്റെ ജനതയുടെ ഹൃദയത്തിലേക്കും മനസിലേക്ക് പുതിയ ഉണർവ് കടത്തിവിടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

അതിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.

ഈ ലോകത്ത് നിങ്ങൾക്ക് എല്ലാ സന്തോഷവും സ്‌നേഹവും ആരോഗ്യവും നേരുന്നു.

നിങ്ങൾക്ക് പ്രായമാകുന്നില്ല അച്ഛാ. നിങ്ങൾ കൂടുതൽ ശക്തനാകുകയാണ്.

ലവ് യൂ പാപ്പാ.. ഒരു പാട് സ്‌നേഹത്തോടെ

ഷാനു, ആകാശ്

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x