Art & Literature

ശെരിക്കത്തെ തെറ്റ് | കെ പി പുറ്റെക്കാട്

കെ പി പുറ്റെക്കാട്

ഞാനൊരു കഥ പറയാം. മനുഷ്യകുലത്തിന്റെ കഥ. അപ്പൊ ആ കഥയിൽ ഒഴിച്ച് കൂടാൻ പറ്റാത്ത രണ്ടു ഭാഗങ്ങൾ കാണുമെല്ലോ. അതെ, ഒന്നാമത്തെ ഭാഗം സ്വർഗ്ഗത്തിലും, പിന്നത്തേത് ഞമ്മളെ സ്വന്തം ഭൂമിയിലും. അപ്പൊ കഥ കേട്ടോള്ളൂ….!

ഭാഗം ഒന്ന്: സ്വർഗം

ഇത് ഞമ്മള് കേട്ട് പഴകിയൊരു കഥയാണ്. മനുഷ്യന്റെ ഉൽപത്തിയുടെ കഥ. അതെ ഞമ്മളെ പൂർവികരായ ആദത്തിന്റെയും ഹൗവ്വയുടെയും കഥ. ദൈവം സമ്മാനിച്ച വിശാലമായ സ്വർഗത്തിൽ സർവ്വസുഖസൗകര്യങ്ങളിലും മുഴുകി അവർ വസിച്ചിരുന്ന കാലം.

അതിരുകളില്ലാത്ത അനുഗ്രഹങ്ങൾ നൽകിയ സൃഷ്ടാവിനോടുള്ള കടപ്പാടോടു കൂടെ, പടച്ചോനെ നന്ദിയോടെ സ്മരിച്ച് അവർ അവിടെ താമസിച്ചു പോന്നു. സ്വർഗ്ഗമെന്ന നിത്യവസന്തം ഓർക്ക് മുന്നിൽ തുറന്നിട്ട് കൊടുക്കുമ്പോൾ ദൈവം ഓരോട് ഒരേയൊരു കാര്യമേ വിലക്കിയിരുന്നേള്ളൂ. എത്ര കാരുണ്യവാനും കരുണാനിധിയുമായ ദൈവം!

അത്, സ്വർഗ്ഗത്തിലെ കണ്ണെഞ്ചിപ്പിക്കുന്ന ഏദൻ തോട്ടത്തിലെ ഒരു മൂലക്കല് പടർന്നു പന്തലിച്ചു നിക്കുന്ന ആ ആപ്പിൾ മരത്തിന്റെ ചുവന്നു തുടുത്ത കായ് ഭക്ഷിക്കരുത് എന്ന് മാത്രമായിരുന്നു.

പക്ഷെ, എന്ത് ചെയ്യാം ആദം മൂപ്പര് ഞമ്മളെ പോലെ മനുഷ്യനായി പോയീലെ!

പടച്ചോൻ അറിഞ്ഞോ അറിയാതെയോ കൊടുത്ത “ജിജ്ഞാസ” മൂപ്പരിൽ മുളപൊട്ടി.

അങ്ങനെ ആദം മാഷിന്റെ ചിന്തകൾ ധാരധാരയായി ഒഴുക്കാൻ തുടങ്ങി.

“അല്ല, ദൈവം എന്താ അങ്ങനെ പറഞ്ഞെ?
അതും വെറും ചെറിയ ആ കായ് തിന്നേരുതെന്നു മാത്രം!
എന്തേലും ഉണ്ടാവും ഇല്ലാതെ അങ്ങനെ അത് മാത്രം പറയോ?

അല്ലാ.. ഇനി അത് തിന്നിട്ടാണോ മൂപ്പരാള് സർവ്വശക്തനായത്?!

അതിന്റെ ശക്തി കൊണ്ടാണോ ഞമ്മളെ ഉണ്ടാക്കിയത്?!
അല്ലാതെ പിന്നെ അത് മാത്രം കഴിക്കരുതെന്നു പറയാൻ കാരണം എന്താവും?!
അത് തിന്നാൽ ഇനിക്കും ശക്തി കിട്ടുമായിരിക്കും!
എന്നിട്ട് വേണം ഇനിക്കും വെല്യ ആളാവാൻ!
പിന്നെ ഞാനും പ്രജകളെ ഉണ്ടാക്കും.

അവരെ ഇന്റെ അടിമകളാക്കി അനുസരിപ്പിച്ച്, ആരാധിപ്പിക്കും.
ദൈവത്തെ പോലെ !”.

അങ്ങനെയങ്ങനെയങ്ങനെ ആദമിന്റെ ചിന്തങ്ങൾ ഒരു ലക്കും ലഗാനുമില്ലാതെ പരന്ന് ഒഴുക്കി. അത് ചെന്ന് അവസാനിച്ചത് ആ ആപ്പിൾ മരത്തിന്റെ ചുവട്ടിലായിരുന്നു. സമയം കളയാതെ ആദം അഞ്ചാറ് ആപ്പിൾ നിന്നനില്പിൽ സാപ്പിട്ടു. ശക്തിയൊട്ടും കുറയരുതെല്ലൊ!

അത് അകത്താക്കിയ ശേഷം മൂപ്പരാള്, മസിലുകളൊക്കെയൊന്ന് പെരുപ്പിച്ച് നോക്കി. പിന്നെ മേലാക്കെയൊന്ന് കൈകൊണ്ട് തഴുകി. അങ്ങനെ ശക്തി ഇപ്പൊ വരുമെന്ന് കരുതി നിൽക്കുന്ന ആദമിന്റെ കാത്തിരിപ്പിന് മുന്നിലേക്ക്, സങ്കടമെന്നു പറയട്ടെ പ്രത്യക്ഷപ്പെട്ടത് ശക്തിയുടെ മൂർത്തിരൂപമായ പടച്ചോനായിരുന്നു. പാവം ആദം, നിന്ന നിൽപ്പിൽ മൂത്രമൊഴിച്ചു പോയി.

തെറ്റ് ചെയ്ത കുട്ടിയെ ഓളെ ഇമ്മ നോക്കുന്ന പോലെ സ്നേഹം കലർന്ന ദേഷ്യത്തിൽ ദൈവം ആദത്തെ നോക്കി. ഉള്ളിൽ സങ്കടമുണ്ടായിരുന്നെങ്കിലും അത് കടിച്ചു പിടിച്ച് ചൂടാവാതെ ദൈവം ആദത്തോട് പറഞ്ഞു, “ആദമേ, അനക്ക് മുന്നിൽ സ്വർഗം താമസിക്കാനായി തുറന്നു തന്നപ്പോൾ, അനോട് ഞാൻ ഒറ്റ കാര്യമെല്ലെ ആവശ്യപെട്ടിരുന്നൊള്ളൂ. അത് ഭക്ഷിക്കരുതെന്ന്. എന്നിട്ടും, നീ, ഇന്റെ ഉത്തമനായ സൃഷ്ഠി! അത് ലംഘിച്ചിരിക്കുന്നു. രക്ഷിതാവിന്റെ ആജ്ഞ തെറ്റിച്ചിരുന്നു! അയ്യിന് നിശ്ചയമായും അനക്ക് ശിക്ഷയുണ്ട്. എന്നാലും ഇന്റെ ആദമേ ഞാനൊരിക്കലും ഒരു ഏകാധിപതിയെല്ല! ചെയ്ത തെറ്റിൽ അനക്ക് വെല്ല ന്യായീകരണവുമുണ്ടോ? ഇണ്ടെങ്കിൽ പേടിക്കാതെ പറഞ്ഞോ, ഞാൻ ഒന്നും ചെയ്യൂല്ല…”.

കരഞ്ഞുകൊണ്ട്, ഇടറിയ ശബ്ദത്തിൽ ഓന് ചെയ്ത തെറ്റ് സമ്മയിച്ചു. തല താഴ്ത്തി ശിക്ഷക്ക് തെയ്യാറായി കൊണ്ട് ഓൻ പതുക്കെ പറഞ്ഞു, “പടച്ചോനെ, ഇന്റെ ഈ ഹലാക്കിലെ ചിന്തയാണ് ഇന്നേ കൊണ്ട് ഇതൊക്കെ ചെയ്യിപ്പിച്ചത്. ജിജ്ഞാസ കൊണ്ടാണ് ഞാൻ അത് കയിച്ചു പോയത്. ദൈവമേ, കരുണാമയനെ, ഇന്റെ ഈ രണ്ട് കഴിവുകളും ഇന്റെ പക്കൽ നിന്നും ദയവ് ചെയ്ത് ഇങ്ങള് തിരിച്ചു എടുക്കേണമേ!“, ആദം കേണപേക്ഷിച്ചു.

ആദത്തിന്റെ നിഷ്ക്കളങ്കമായ വർത്താനം കേട്ട്, ദൈവത്തിന് പെട്ടെന്ന് ചിരിവന്നു.

ദൈവം ചെറുപുഞ്ചിരിയോടെ മറുപടി പറഞ്ഞു, “ഇന്റെ പുന്നാര ആദമേ, ചിന്തയും ജിജ്ഞാസയുമില്ലെങ്കിൽ പിന്നെ ജീവന്നുമില്ലാട്ടോ. ഞാൻ ഇങ്ങക്ക് തന്ന ഏറ്റവും വെല്യ അനുഗ്രഹങ്ങളാണ് അത്. അതല്ലേ അന്നെ മനുഷ്യനാകുന്നത്! നീ അത് സൂക്ഷ്മതയോടെ മാത്രം ഉപയോഗിക്കുക”.

ആദം അനുസരണയുള്ള കുട്ടിയെപ്പോലെ തലയാട്ടി. ദൈവം പിന്നെ കുറച്ചു ഗൗരവത്തോടെ തുടർന്നു, “ആദമേ, ഇന്റെ വിലക്ക് ലംഘിച്ച അന്നെ ഞാൻ ഭൂമിയിലേക്ക് അയക്കുകയാണ്. ‘ഹവ്വ’യുടെ കൂടെ! ഭൂമി നിങ്ങൾക്കൊരു പരീക്ഷാകേന്ദ്രമായിരിക്കും! അവിടെ ഇങ്ങള് നല്ലത് മാത്രം പ്രവർത്തിക്കുക. ചെയ്തതെറ്റിനു ഉള്ളുരുകി പ്രാർത്ഥിക്കുക. തീർച്ചയായും ഞാൻ മനസ്സിൽ തട്ടി വരുന്ന നിസ്വാർത്ഥമായ പശ്ചാത്താപം സ്വീകരിക്കുന്നവനാകുന്നു. ഇനിക്ക് എപ്പോ അങ്ങനെ തോന്നുന്നുവോ, അന്ന് ഇങ്ങക്ക് രണ്ടാൾക്കും മടങ്ങി വരാം. സ്വർഗം ഇങ്ങൾക്ക് തന്നെയുള്ളതാണ്. സൂക്ഷമത പാലിച്ച് നേർമാർഗത്തിൽ ജീവിക്കുന്നവർക്ക്. ഇങ്ങളെ സങ്കടത്തിലും സന്തോഷത്തിലും രക്ഷിതാവിനെ സ്മരിക്കുക!”,

ശിക്ഷ സങ്കടത്തോടെ ഏറ്റുവാങ്ങി ആദവും, ഒന്നും ചെയ്യാതെ ശിക്ഷിക്കപ്പെട്ട ഹൗവ്വയും കൂടെ പറക്കും പരവതാനിയിൽ സ്വർഗത്തിൽ നിന്നും ഭൂമിയിലേക്ക് യാത്രയായി. വേഗം തിരിച്ചു വാ മക്കളെയെന്നു പറഞ്ഞ് ദൈവം സങ്കടത്തോടെ ഓരെ യാത്രയാക്കി. കരച്ചില് വന്നെങ്കിലും, ഞാൻ ദൈവമാണെന്ന ബോധം പെട്ടെന്ന് വന്ന ദൈവം അത് പിടിച്ചു വെച്ചു. ഓരെ മുന്നിൽ കരയുന്നത് തന്റെ പ്രതിച്ഛായക്ക് മങ്ങൽ ഏല്പിച്ചാലോ! സ്വർഗം കഴിയുന്നത് വരെ പുറക്കോട്ട് തിരിഞ്ഞിരുന്ന് ആദം കരഞ്ഞ് കൊണ്ടേയിരുന്നു.

ഇതൊക്കെ കണ്ടുകൊണ്ട്, സ്വർഗം നഷ്ടപ്പെടുത്തിയ കള്ള ഹംക്ക് ആദത്തിനോട് കുറച്ചൊരു ദേഷ്യത്തോടെയും, ഒരു തെറ്റും ചെയ്യാത്ത തന്നെ വെറുതെ ശിക്ഷിച്ച ദൈവത്തിന്റെ നീതികേടിൽ സഹതപിച്ചും, ഭൂമിയുടെ കാഴ്ചകളെ പറ്റി ചിന്തിച്ച് തെല്ലൊരു ത്രില്ലിലും ആയിരുന്നു ഹൗവ്വ!        

ഭാഗം രണ്ട്: ഭൂമി

ഇനി കഥ നടക്കുന്നത് ഭൂമിയിലാണ്. ആദമും ഹൗവ്വയും ഭൂമിയിൽ എത്തുമ്പോൾ ഇവിടെ ഒരൊറ്റ ഭൂഖണ്ഡവും ഒരൊറ്റ സമുദ്രവും മാത്രമെ ഉണ്ടായിരുന്നുള്ളൂ! അന്ന് കരയുടെ കണ്ടം, ഒരു കപ്പലുപോലെ കടലിലൂടെ അങ്ങനെ ഒഴുകി നടക്കായിരുന്നു. പക്ഷികളും മൃഗങ്ങളും വൃക്ഷലതാദികളുമുള്ള ഭൂമി ഓർക്ക് രണ്ടാൾക്കും നല്ലോണം ഇഷ്ടായി.

ഭൂമിയിലെ സ്വാതന്ത്ര്യം ഓര് ശരിക്കും ആസ്വദിച്ചു. പടച്ചോനെ സ്മരിച്ച്, സൂക്ഷ്മത പാലിച്ച് അവർ കഴിഞ്ഞു പോന്നു. രണ്ടാളും ഒരുമിച്ച് ഒളിച്ചോളി കളിച്ചു. കായ് കനികൾ പറിച്ചു തിന്ന് വിശപ്പകറ്റി. മരത്തണലിൽ സുഖമായി കിടന്നുറങ്ങി. പുൽമേടുകളിൽ കിടന്നു പ്രണയാദ്രമായി രമിച്ചു.

വെയിലും, തണുപ്പും, മഴയും, കാറ്റും, പൊടിയുമെല്ലാം അവർക്ക് പ്രശ്നമെല്ലായിരുന്നു. സ്വർഗ്ഗത്തിലെ സുഖങ്ങളുടെ ആവർത്തന വിരസത്തെയെക്കാളും മടുപ്പിനേക്കാളും, മാറിമാറി വരുന്ന കാലാവസ്ഥയും, പ്രകൃതിയും അവർ ആസ്വദിച്ചു. “ദൈവം എത്ര മടുത്തു മടുത്തായിരിക്കും സ്വർഗത്തിൽ ഒറ്റക്ക് ഇത്രയും കാലം ജീവിക്കുനുണ്ടാവാ, പാവം കഷ്ടം തന്നെ മൂപ്പരെ അവസ്ഥ!”, എന്നോ ഹൗവ്വ വെറുതെയിരിന്നപ്പോൾ ആലോയിച്ചു.

പതുക്കെ പതുക്കെ, ഭൂമിയിലെ ജീവിതത്തിൽ ഓര് ഇഴുകി ചേർന്ന്. വിശപ്പും, കടുത്ത പ്രകൃതിക്ഷോഭങ്ങളും, മറ്റും പ്രശ്‌നാവിശ്യങ്ങളും പരിഹരിക്കാൻ അവർ പെടാപാടുപെട്ടു. മെല്ലെ മെല്ലെ ഓര്  ദൈവത്തെയും, ഭൂമിയിലെ ഓരെ “മഹത്തായ ലക്ഷ്യ”ത്തെയും മറന്നു തുടങ്ങി. ഇടയ്ക്കിടക്ക് ഓർമ്മ വന്നു തഴുക്കുമ്പോയെക്കും ജീവിതപ്രശ്നങ്ങൾ വന്ന് ഓരെ ചിന്തകളെ വഴിതിരിച്ചു വിട്ടുകൊണ്ടേയിരിക്കും.

അങ്ങനെ സ്വർഗത്തിലേക്ക് മടങ്ങി പോവാൻ പറ്റാതെ ആദമും ഹൗവ്വയും ഒരുമിച്ചു മരിക്കുമ്പോൾ ഓർക്ക് വയസ്സ് രണ്ടായിരത്തി പതിനാലും, കുട്ടികൾ അറനൂറ്റിനാല്പത്തിരണ്ടും. ഇതൊക്കെ ഞമ്മക്ക് ഇപ്പൊ വിശ്വസിക്കാൻ പ്രയാസം കാണുമെങ്കിലും, അത് കാരുണ്യവും കരുണാനിധിയുമായ പടച്ചോന്റെ വെല്യ ആനുകൂല്യങ്ങളായിരുന്നു! എപ്പോഴേങ്കിലും പശ്ചാത്തപിച്ച് ഓര് തിരിച്ചു വരുമെന്ന് കരുതി പടച്ചോൻ വളരെ പ്രതീക്ഷയോടെ നൽകിയ അനുഗ്രഹങ്ങൾ! എന്തുചെയ്യാം, നിരാശയായിരുന്നു ഫലം! അന്ന് തൊട്ടാണ് ദൈവം മനുഷ്യരുടെ ആയുസ് കുറയ്ക്കാൻ തുടങ്ങിയത്.

കാലചക്രം വളരെ വേഗത്തിൽ തന്നെ ഉരുണ്ടു. ആദത്തിന്റെയും ഹൗവ്വയുടെയും മക്കൾ പെറ്റു പെരുകി ഭൂമിയുടെ എല്ലാ മുക്കിലും മൂലയിലും നിറഞ്ഞു. ജനസംഖ്യ നിയന്ത്രണാതീതമായപ്പോൾ അവിടെ പ്രശ്നങ്ങൾ ഉടലെടുത്തു.

ഓര് ഭൂമിയും കായും പഴങ്ങളും കാലികളും സ്വന്തമാക്കാൻ വെട്ടിപിടുത്തം തുടങ്ങി. അങ്ങനെ അടിപിടിയായി. അത് കച്ചറയായി. പിന്നെ നരനായാട്ടായി. കൂട്ടത്തിൽ കയ്യൂക്ക് ഉള്ളോന്ന് കാര്യക്കാരനായി. ശക്തിയുള്ളോര് ശക്തിയില്ലാത്തോരെ അടിമകളാക്കി. വെശന്നു കരഞ്ഞ കുട്ടീന്റെ പള്ളേക്കാളല് മാറ്റാൻ വേണ്ടി പാവങ്ങൾ കളവുകൾ ആരംഭിച്ചു. പിടിക്കപ്പെട്ടു. ഓര് മർദ്ദനങ്ങൾ ഏറ്റുവാങ്ങി.

അടിച്ചമർത്തലുകൾ കാലാകാലവും നീണ്ടു നിന്നില്ല. അവർ സംഘടിച്ചു. വിദ്യകൊണ്ട് പ്രബുദ്ധരായി. അവരെ ഭരിച്ചവരെ ചോദ്യം ചെയ്തു. അനീതികൾക്കും ചൂഷണങ്ങൾക്കും എതിരെ അവർ വിപ്ലവങ്ങൾ നയിച്ചു. കൊറേ ആൾക്കാര് മരിച്ചു. പലർക്കും പലതും നഷ്ടപ്പെട്ടു.

ബാക്കി വന്നവർ, കര പല ഭാഗങ്ങളായി മുറിച്ചു. അത് കൊണ്ടുപോയി കടലിന്റെ പല ഭാഗത്തായി സിമെന്റ് ഇട്ട് ഉറപ്പിച്ചു. ഒരേ മനസും ഒരേ ജീവിതാഭിലാഷമുള്ളവരായിരുന്നു, വിഭജിച്ചു കൊണ്ടുപോയ ഓരോ കരയിലും.

കാലം ഏറെ കഴിയേണ്ടി വന്നില്ല, അവിടെയും ഉയർന്നുവന്നു വിമതശബ്ദങ്ങൾ. അവർക്കിടയിലും വിഭാഗീയത മുളച്ചു. പക്ഷെ, പണ്ടത്തെ പോലെ കര മുറിച്ചുകൊണ്ടുപോയി മാറ്റി പ്രതിഷ്ഠിക്കാൻ കഴിയൂലല്ലോ. സിമെന്റ് ഇട്ട് ഉറപ്പിച്ചു പോയില്ലേ! അങ്ങനെ വിഭജിച്ചു പോയ ഓരോ കരയിലും പൊരിഞ്ഞ അടി നടന്നു. സാധുക്കളും പൈസക്കാരും, നേതാക്കളും അണികളും എല്ലാമുണ്ടായി. അന്യോന്യം ആക്രമിച്ച് അവർ ആനന്ദം കണ്ടെത്തി. സ്വയം ബോധം നഷ്ടപ്പെട്ട്, അവതാരലക്‌ഷ്യം മറന്ന് മനുഷ്യൻ ഭൂമിയെ കളവിന്റേയും ചതിയുടെയും കൊള്ളിവെപ്പിന്റെയും അറുംകൊലപാതകങ്ങളുടെയും അരങ്ങായി മാറിയപ്പോ, പാവം സ്വർഗത്തിലിരിക്കുന്ന പടച്ചോന് ഇരിക്കപ്പൊറുതിയില്ലാതെയായി.    

മൂപ്പര് പ്രശ്ന പരിഹാരത്തിനായി, ദൈവീക കല്പനകളും കൊടുത്ത് ഓരോ നാട്ടിലേക്കും ഓരോരോ സന്ദേശവാഹകരെ അയച്ചു. അവർ ഭൂമിയിൽ ജനമെടുത്തു. മനുഷ്യരുടെ ഇടയിൽ വളർന്ന്, ഓരോട് രക്ഷിതാവിനെ കീഴ്പ്പെട്ട് ജീവിക്കാൻ പറഞ്ഞു. നന്മ ചെയ്യാൻ ആഹ്വാനം ചെയ്തു!

അവസാനം പറഞ്ഞു പറഞ്ഞ് തൊണ്ടയിലെ വെള്ളംവറ്റി, ക്ഷീണിച്ചു അവശരായി ഓര് മരിക്കാനായപ്പോ പടച്ചോൻ ഓരെയെല്ലാം തിരിച്ചു വിളിച്ചു. തിരിച്ചെത്തുമ്പോൾ ഓരെല്ലാം ഒരേ സ്വരത്തിൽ ദൈവത്തോട് നിരാശയോടെ പറഞ്ഞു, “ഇന്റെ പൊന്നു തമ്പുരാനെ ഞങ്ങൾ തോറ്റുപോയി. ഞങ്ങളോട് ക്ഷെമിക്കണേ!”.

കാലം പിന്നെയും ഒരുപ്പാട് മുന്നോട്ട് ചലിച്ചു. ദൈവത്തിനും സ്വർഗ്ഗത്തിനും മനുഷ്യന്റെ സ്വഭാവത്തിനും മാത്രം മാറ്റമില്ല. ഭൂമി മാറിക്കൊണ്ടേയിരുന്നു. കണ്ടുപിടുത്തങ്ങൾ. ചിന്തകൾ. വൈവിധ്യങ്ങൾ. വൈരുദ്ധ്യങ്ങൾ. യുദ്ധം. സമാധാനം. അതിന്റെ നടക്കുള്ള ജീവിതം. മനുഷ്യർ നന്നാവാൻ പോവുന്നില്ലെന്ന നഗ്ന സത്യം, പണ്ട് എന്നെങ്കിലും മനുഷ്യൻ നന്നാവുമെന്നു കരുതിയ ദൈവത്തിന്, അവസാനം ഒരിറ്റു നൊമ്പരത്തോടെ അംഗീകരിക്കേണ്ടി വന്നു.

എന്നാലും കരുണാമയനും കാരുണ്യവാനായ ദൈവം, പശ്ചാത്തപിക്കാൻ മനുഷ്യർക്ക് ഒരവസാന അവസരം കൂടെ നൽകി. നാഥന്റെ പക്കൽ നിന്നുമുള്ള അവസാന സന്ദേശവുമായി അന്ത്യപ്രവാചകൻ ഭൂമിയിൽ അവതരിച്ചു. അതിൽ പണ്ട് ദൈവം ആദത്തിന് വിലക്കിയതുപോലെ, ഞങ്ങൾക്ക് മുന്നിലും ഒരു നിബന്ധന വെച്ചു, “നിങ്ങൾ പന്നിയെ ഭക്ഷിക്കരുത്”!

ഞാൻ, ഹൗവ്വയുടെയും ആദത്തിന്റെയും ഒടുങ്ങാത്ത സന്താനപരമ്പരയിലെയൊരു കണ്ണി. ഇന്റെ പൂർവികന്മാരുടെയെല്ലാം പൂർവികനായ ആദത്തിൽ ഉദിച്ച പഴയ ജിജ്ഞാസ, ആ മനുഷ്യ സഹജമായ ജിജ്ഞാസ ഇന്റെയുള്ളിലും ഉദയം കൊണ്ടു. ആ ചിന്തയിൽ ഞാൻ മുങ്ങി കുളിച്ചു. ഇന്റെ ചിന്തകളും ആദം മാഷിന്റെ പോലെ തന്നെ ആവർത്തിച്ചു.

ഭൂമിയിൽ വേറെ എന്തൊക്കെയുണ്ട് വിലക്കാൻ. എന്തുകൊണ്ടാവും കേവലം പന്നിയെ മാത്രം. അല്ല, അത് തിന്നിട്ടാണോ മൂപ്പരാള് സർവ്വശക്തനായത്? സൃഷ്ടാവായത്?!”, ചിന്തയിൽ മുങ്ങി കുളിച്ചു പൊങ്ങി കേറുമ്പോയേക്കും ഞാൻ ആ വിലക്കപ്പെട്ട കനി കഴിച്ചിരുന്നു.

ഇപ്പൊ ഞാൻ ഒരു പുൽക്കൊടി കടിച്ചു കൊണ്ട് വടക്കുമ്പാട് പുഴയുടെ കരയിൽ ദൈവത്തിന്റെ വരവ് കാത്തിരിക്കുകയാണ്. ഒരുപാട് ചോദ്യങ്ങളുണ്ട് ചോദിക്കാൻ. നീതിയെ പറ്റി, സമത്വത്തെ പറ്റി. സ്വാതന്ത്രത്തെ പറ്റി. ശെരിക്കുമുള്ള ശെരിയെപ്പറ്റി. മൂപ്പരെ ആള്കാരെന്നു പറഞ്ഞു ഇവിടെ കിടന്നു അടിപിടി കൂടുന്ന ആൾക്കാരെ പറ്റി. അതിനേക്കാൾ ഏറെ, ആണിന്റെ ലോകം മനുഷ്യന്റെ ലോകമാണെന്നു പറഞ്ഞ് പറ്റിച്ചതിനെ പറ്റി. ഹൗവ്വയെയും ഇന്റെ ഇമ്മനെയും പറ്റി. അങ്ങനെ ഒരുപാടുണ്ട്.

ചരിത്രം ആവർത്തിക്കാൻ ഞാൻ സമ്മയ്യിക്കൂല്ല! ഞാൻ ചെയ്ത തെറ്റ് ഇന്നിൽ തന്നെ തീരണം. ദൈവം ചെയ്ത തെറ്റും! ശെരിക്കുമുള്ള തെറ്റ്, ആദം തിന്ന വിലക്കപ്പെട്ട കനിയുടേതാണോ, അതോ ദൈവത്തിന്റെ തെറ്റിപ്പോയ മനുഷ്യനെന്ന സൃഷ്ടിയുടേതാണോ?

ദൂരെ, പുഴെന്റെ അക്കരെയുള്ള ഏതോ വീട്ടിൽ നിന്നും ഒരു സിനിമാ പാട്ട് കേൾക്കാം, ചെറുതായിട്ട്,

“ദുനിയാവിൻ മൈതാനത്ത് കളിപ്പന്തും ഇട്ടുകൊടുത്തു,
മേലാപ്പിൽ കുത്തിയിരുന്ന് കളി കണ്ടുരസിക്കുന്നൊരാള്”!

3 2 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Sabna
3 years ago

They way describe has its own magic dear

Back to top button
1
0
Would love your thoughts, please comment.x
()
x