ഒറ്റപ്പെട്ടവന്റെ ഓർമ്മകൾ | വിജോഷ് സെബാസ്റ്റ്യൻ
ഒറ്റപ്പെട്ടവന്റെ ഓർമ്മകൾക്ക്
കടൽച്ചൊരുക്കിന്റെ കട്ടിക്കയിപ്പാണ്…
പൊട്ടിയകന്ന കപ്പൽച്ചീളുകളിൽ
മരവിച്ച നെഞ്ചിന്റെ പാതി
പറ്റിച്ചേർന്നിരിക്കുന്നു.
പവിഴമകന്ന പുറ്റുകൾക്കിടയിൽ
പതിവു തെറ്റാത്ത പരതലനക്കം.
മടക്കു നിവർത്തിയ തിരപ്പുതപ്പിൽ
വിറയാർന്ന മിടിപ്പുകൾ പൊത്തിപ്പിടിച്ചിരിക്കുന്നു.
ഒറ്റപ്പെട്ടവന്റെ ഓർമ്മകൾ
ഊറിച്ചിരിക്കുന്ന ഉപ്പുതരികളാണ്…
വലക്കണ്ണികൾ വരിച്ച
മുഴുത്ത മീനോർമ്മകൾ
വലിച്ചെടുക്കും വരെ പുളയലാവുന്നു.
വേലിയേറ്റക്കുതിപ്പിൽ
ഹൃദയം പിളരുന്ന കാത്തിരിപ്പ്.
അടിയൊഴുക്കിലെ കാണാച്ചരടിൽ
മുട്ടിവിളിക്കുന്ന നീ വിങ്ങൽ
ഇരയായി ചോന്ന്
കൊരുത്തുകൊണ്ടിരിക്കുന്നു.
ഒറ്റപ്പെട്ടവന്റെ ഓർമ്മകൾ
എന്നും കാറ്റിനെതിരെയാണ്..
ദീപസ്തംഭങ്ങൾ ഒറ്റിക്കൊടുക്കും
ആഴച്ചുഴികളിലേക്ക് വലിച്ചടിപ്പിക്കുന്ന
കാന്തസ്വപ്നങ്ങൾ കുതറിയോടുന്നു.
ചുരുങ്ങിയൊടുങ്ങുന്ന നീല വെളിച്ചത്തിൽ
പതുങ്ങിയകലുന്ന പ്രണയത്തിരകൾ.
ശിലാതുരുത്തുകളിലെ കക്കപടർപ്പിൽ
മറവിമുളയ്ക്കുന്ന നിഴലുകൾ
പന്തലിട്ടുയർന്നാവിയാകുന്നു.
ഒറ്റപ്പെട്ടവന്റെ ഓർമ്മകൾ
പൊരുളറിയാത്ത തിരയൊടുക്കമാണ്…
ഓർക്കാനും ഓർക്കാതിരിക്കാനും
കഴിയാതലയുന്ന തിരനീറ്റലാണ്…
ഒറ്റയ്ക്ക് മിന്നിയകന്നകലുന്ന
നക്ഷത്ര പിടച്ചിലാണ്..
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS
ഒറ്റപ്പെട്ടവന്റെ ഓർമ്മകൾ – മനോഹരം – വിജോഷ് സെബാസ്റ്റ്യന് അഭിനന്ദങ്ങൾ
ശക്തമായ വാക്കുകൾ കൊണ്ട് പൂർണമാക്കിയ വരികൾ..
നന്നായിട്ടുണ്ട്
മനോഹരം
Lyrics ❤️
ഉള്ളിൽ ഒളിഞ്ഞു കിടക്കുന്ന വേദന വരികളിൽ വ്യക്തം.. നന്നായിരിക്കുന്നു…
ഒറ്റപ്പെട്ടവന്റെ ഓർമ്മകൾക്ക് കടൽച്ചൊരുക്കിന്റെ കട്ടിക്കയിപ്പാണ്… ?????
Nannayittund
?good one
കടൽച്ചൊരുക്കിന്റെ കട്ടികയിപ്പ്…ഹോ…
അത് കഴിഞ്ഞാൽ ഏത് ഒറ്റപെടലുകളും സുഖമുള്ള ഓർമ്മകൾ തന്നെയാണ് ഭായി….
നന്നായിട്ടുണ്ട്. അഭിനന്ദനം