
അമേരിക്കയിൽ കോവിഡ് മരണത്തിൽ വീണ്ടും വർധനവ്
വാഷിങ്ടൺ: രണ്ടു ദിവസം നേരിയ ആശ്വാസമുണ്ടായിരുന്ന അമെരിക്കയിൽ കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണത്തിൽ വീണ്ടും കുതിപ്പ്. ബുധനാഴ്ച 2,502 പേരാണ് യുഎസിൽ മരിച്ചത്. യുഎസിലെ മൊത്തം കൊവിഡ് മരണം 61,668 ആയിട്ടുണ്ട്. മൊത്തം രോഗബാധിതർ പത്തു ലക്ഷം കടന്നു.
അതേസമയം, 50 അമെരിക്കൻ സംസ്ഥാനങ്ങളിൽ മുപ്പത്തഞ്ചും ഇളവുകളോടെ സാമ്പത്തിക വ്യവസ്ഥ വീണ്ടും തുറക്കുന്നതിനുള്ള പദ്ധതികൾ തയാറാക്കിക്കഴിഞ്ഞു. ഏറ്റവും മോശപ്പെട്ട സമയം അമെരിക്ക പിന്നിട്ടുകഴിഞ്ഞതായി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറയുന്നു. 26 ദശലക്ഷത്തിലധികം ആളുകളാണ് യുഎസിൽ തൊഴിലില്ലായ്മാ സഹായത്തിന് അപേക്ഷിച്ചിരിക്കുന്നത്. ഇതു 30 ദശലക്ഷമായി ഉയരുമെന്നു കണക്കാക്കുന്നു.
സാമ്പത്തിക വ്യവസ്ഥ ആദ്യ ക്വാർട്ടറിൽ 4.8 ശതമാനം ചുരുങ്ങിയതിന്‍റെ ഞെട്ടലിലാണ് ട്രംപ് ഭരണകൂടം. നെഗറ്റീവ് വളർച്ചയുടെ ഈ ആഘാതം രാജ്യത്തെ വലിയ തോതിൽ ബാധിക്കും. നാലാം ക്വാർട്ടറോടെ സാമ്പത്തിക വ്യവസ്ഥ തിരിച്ചുവരുമെന്ന വിശ്വാസമാണ് പ്രസിഡന്‍റ് പ്രകടിപ്പിക്കുന്നത്. വരാനിരിക്കുന്ന ദിവസങ്ങൾ കൂടുതൽ ആശ്വാസകരമാവുമെന്നും ടണലിന് അറ്റത്തു വെളിച്ചം കാണുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.
ഹോട്ട്സ്പോട്ടുകളിൽ രോഗിബാധയുടെ തോത് കുറയുന്നുണ്ടെന്നും ന്യൂയോർക്ക് സിറ്റിയിൽ വരെ ആശുപത്രിയിലെത്തുന്നവർ കുറയുന്നുണ്ടെന്നും വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസ് പറഞ്ഞു.