വനിതാ കണ്ടക്ട്ടറെ നോക്കി ആസ്വദിക്കുന്ന കാര്യത്തെ പറ്റിയല്ല പറഞ്ഞു വരുന്നത്. അങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ, അതിനെ ആസ്വാദനമെന്നല്ല, കുറ്റകൃത്യമെന്നാണ് വിളിക്കുക!
ഒരു സമൂഹത്തിലെ എല്ലാ തരത്തിൽപ്പെട്ട ആളുകളും സംഗമിക്കാനിടയുള്ള പൊതുവിടമാണ് ബസ്സുകൾ.
പബ്ലിക് ട്രാസ്‌പോർട്ട് ബസ്സുകളിൽ വനിതകളും കണ്ടക്ട്ടർമാരായി ജോലി ചെയ്യുന്നുണ്ട്.
വനിതാ കണ്ടക്ട്ടർമാരുള്ള ബസ്സുകളിൽ എന്താണിതിനും മാത്രം ആസ്വദിക്കാനുള്ളത്?
വനിതാ കണ്ടക്ട്ടർമാരല്ല, മറിച്ച്, ബസ്സിലുള്ള മറ്റ് യാത്രക്കാരാണ് ആസ്വദിക്കാനുള്ള വെടി മരുന്നുകൾ ഇട്ടു തരുന്നത്! പ്രത്യേകിച്ചും നമ്മുടെ നാട്ടിലെ ആസ്ഥാന കോമഡി പീസുകളായിട്ടുള്ള, കുലപുരുഷുകളും, കുലസ്ത്രീകളും!
വനിതാ കണ്ടക്ട്ടർമാരുടെ പ്രവർത്തികളും, വസ്ത്രവുമെല്ലാം സസൂഷ്മം നിരീക്ഷിച്ചു കൊണ്ട് ഇവരുടെ മുഖത്തു പൊട്ടി വിടരുന്ന ചില രൂപ-ഭാവ-ചേഷ്ട്ടകളാണ്, നമ്മളെ സത്യത്തിൽ ആസ്വദിപ്പിക്കാൻ പോവുന്നത്.
കളിപ്പാട്ടവുമായി കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികളുടെ മുന്നിൽ നിന്നും പെട്ടന്നത് എടുത്ത് കയ്യിലൊളിപ്പിച്ചു പിടിക്കുമ്പോൾ, കുട്ടിക്കുണ്ടാവുന്ന ഒരു തരം, അമ്പരപ്പും, അന്തം വിടലുമുണ്ടല്ലോ.. അങ്ങനെയത്തെയൊരു അമ്പരപ്പ് നമുക്ക് നമ്മുടെ ബസ്സുകളിലെ ചില യാത്രക്കാരിലും ഇടക്ക് കാണാൻ കഴിയും.
വളരെയധികം തമാശ നിറഞ്ഞൊരു രംഗമാണിത്! യാത്രക്കാരെന്ന് പറയുമ്പോൾ, സ്ത്രീകൾ വീടിന് പുറത്തേക്കിറങ്ങാൻ പാടില്ലെന്ന്, ഘോര ഘോരം വാദിച്ചതിനു ശേഷം ബസ്സിൽ കയറിയ ജീവികളുണ്ടാവാമതിൽ!
സ്ത്രീകൾക്ക് കണക്ക് കൂട്ടാനറിയില്ലെന്ന് പറഞ്ഞ് കളിയാക്കി ചിരിച്ച വിദൂഷജന്മങ്ങളുണ്ടാവാമതിൽ! ജോലിക്ക് പോവേണ്ടവളല്ല, മറിച്ച്, വീട്ടിലെ പുരുഷന്മാരെ സേവിച്ചു കഴിയേണ്ടവളാണ് സ്ത്രീയെന്ന്, മാറ്റാർക്കോ പറഞ്ഞ് കൊടുത്ത ശേഷം, ബസ്സിൽ കയറിയ കുലസ്ത്രീകളുണ്ടാവാമതിൽ!
സ്ത്രീകൾ ജോലിക്ക് പോവേണ്ടതില്ലെന്നും പറഞ്ഞ് കൊണ്ട്, ജോബ് ആപ്ലിക്കേഷൻ ലെറ്ററുകൾ വലിച്ചു കീറി കളഞ്ഞു കൊണ്ട് ബസ്സിൽ കയറിയ, ഏതോ നല്ല മുന്തിയയിനം “കുല”കളുമുണ്ടാവാമതിൽ!
ഇവരുടെയൊക്കെ മുന്നിൽ നിന്നു കൊണ്ടാണ്, യാതൊരു കൂസലുമില്ലാതെ, എങ്ങോട്ടേക്കാണെന്ന് ചോദിച്ചു കൊണ്ട്, യാതൊരു അമാന്തവുമില്ലാതെ, കയ്യിലിരിക്കുന്ന മെഷീനിലും കുത്തികൊണ്ട്, കണക്കുകളിൽ പിഴവുകളൊന്നും തന്നെയില്ലാതെ, വനിതാ കണ്ടക്ട്ടർമാർ ടിക്കറ്റ് എടുത്ത് കൊടുക്കുന്നത്!
ഇവിടെയാണ് നമ്മുടെ “കുല”കളുടെ മുഖമൊന്ന് കാണേണ്ടത്!ബഹുകേമമാണത്!! “വീടിന്റെ ഐശ്വര്യമായി” മാറാതെ, പൊതുവിടങ്ങളിൽ ജോലി ചെയ്യുന്ന ഇത്തരം സ്ത്രീകളെ കണ്ട് അന്തം വിട്ടിരുന്നാൽ മാത്രം നമ്മുടെ കുലാസിന്റെ ജോലി തീരില്ല.
ആ സ്ത്രീ ജോലിക്കിടയിൽ, ആരെയൊക്കെ മുട്ടുന്നുണ്ടെന്നും, അവർ ഇട്ടിരിക്കുന്ന വസ്ത്രമെന്താണെന്നും മറ്റും സസൂഷമം നിരീക്ഷിക്കേണ്ടത് കൂടിയുണ്ട്!
ബസ്സ് എന്നത്, നിശ്ചലമല്ലാത്തതും, തിരക്കുണ്ടാവാനിടയുള്ളതുമായൊരു സാധനമായത് കൊണ്ടും, തന്റെ ജോലിക്കിടയിൽ പുരുഷന്മാരുൾപ്പെടെയുള്ളവരുടെ ദേഹത്ത്, തന്റെ ശരീരം മുട്ടാൻ സാധ്യതയുണ്ട്. ഇങ്ങനെ, ദേഹത്ത് മുട്ടുന്നതിൽ തന്നെയൊരു രസകരമായ സംഭവമൊളിഞ്ഞു കിടപ്പുണ്ട്.
പുരുഷന്മാരെ സംബന്ധിച്ചിടത്തോളം, ഇത്തരം മുട്ടലുകളൊന്നും തന്നെയത്ര ആസ്വാദികരമായി തോന്നണമെന്നില്ല. കാരണം, തന്റെ കൈയ്യോ, കാലോ മറ്റൊരാളുടെ ദേഹത്ത് മുട്ടുമ്പോഴുണ്ടാവാനിടയുള്ള എക്സ്പ്രഷൻ മാത്രമേ ആ കണ്ടക്ട്ടറിൽ നിന്നും, ഇത്തരം സന്ദർഭങ്ങളിലുമുണ്ടാവാനിടയുള്ളൂ!
ജോലിക്കിടയിൽ, പലപ്പോഴുമിതവർ ശ്രദ്ധിച്ചു കൊള്ളണമെന്നു പോലുമില്ല.! ഇങ്ങനെ ശരീര ഭാഗങ്ങൾ മുട്ടുമ്പോൾ, തന്റെയെന്തോ നഷ്ട്ടപ്പെട്ടുവെന്നോ, ആകാശം മൊത്തം ഇടിഞ്ഞു വീണുവെന്നോ പോലുള്ള എക്സ്പ്രഷനായിരുന്നു, അവരിട്ടിരുന്നതെങ്കിൽ, ഒരുപക്ഷേ അവർക്കിത്തരം തട്ടലുകൾ പോലും ആസ്വാദിക്കാൻ കഴിഞ്ഞേനെ!
ചില ബസ്സുകളുടെ ഡോർ ലോക്ക് താഴേക്കും, ചിലതിന്റെ മുകളിലേക്കുമാവും. ഭൂരിപക്ഷമാളുകളും, സാധാരണ നമ്മുടെയൊക്കെ വാതിലുകൾ തുറക്കുന്ന പോലെ ഡോർ ലോക്ക് താഴേക്ക് പിടിച്ചു കൊണ്ട് ഡോർ തുറക്കാനാണ് ശ്രമിക്കുക. ഇത് എട്ടിന്റെ പണിയാണ് തരുക. ഡോർ തുറക്കുകയുമില്ല, ബസ്സിലെ ആളുകൾ മുഴുവൻ നമ്മളെ ശ്രദ്ധിക്കുകയും ചെയ്യും!
അപ്പോഴായിരിക്കും, കണ്ടക്ട്ടറുടെ വക “അത് മുകളിലേക്ക് ആക്കൂ” എന്ന നിർദ്ദേശം. ഹോ! യന്ത്രങ്ങളുടെ പ്രവർത്തന രീതിയെല്ലാം അരച്ചു കലക്കി കുടിച്ചിട്ടുണ്ടെന്ന് സ്വയം വിചാരിച്ചു നടക്കുന്ന നമ്മുടെ കുലപുരുഷുകൾ എങ്ങനെയിത് സഹിക്കും! അതും ഒരു സ്ത്രീയുടെ നിർദ്ദേശം!!
അങ്ങനെ, വസ്ത്രത്തിന്റെ അളവെടുപ്പ് നടത്തിയും, ദേഹത്ത് മുട്ടുമ്പോൾ, ഭാവത്തിൽ മാറ്റം വരാത്തതിൽ നിരാശ തോന്നിയും, യാതൊരു ഓർമ്മ കുറവുമില്ലാതെ, ഓരോ സ്റ്റോപ്പിൽ നിന്നും അടുത്ത സ്റ്റോപ്പിലേക്കുള്ള ബസ്സ് ഫെയർ പറയുന്നത് കേട്ടും, പിശകുകളൊന്നും തന്നെയില്ലാതെ, ടിക്കറ്റ് ചാർജ് എടുത്തതിന് ശേഷമുള്ള ബാക്കി തുക കൃത്യമായി കൊടുക്കുന്നത് കണ്ടും, നാടിന്റെ “സംസ്കാരത്തെ” തകർക്കുന്ന ഇവരെയൊക്കെ ആലോചിച്ച് ദേഷ്യവും സഹതാപവുമെല്ലാം കൂടി കലർന്നൊരു വികാരം തോന്നിയും, നമ്മുടെ കുലാസിന്റെ മുഖത്ത് വിരിയുന്ന, അമ്പരപ്പും, അസഹിഷ്ണുതയും, ദേഷ്യവും, നിരാശയുമൊക്കെ..
ഒന്ന് കാണേണ്ടത് തന്നെയാണ്!
യാത്ര സുഗമമാക്കാൻ ഇതിൽപരമെന്താണ് നമുക്ക് നമ്മുടെ ബസ്സുകളിൽ നിന്നും ലഭിക്കാനുള്ളത്!
കുലാസിന്റെ ഇത്തരം പ്രവർത്തികൾ നമ്മെ ചിരിപ്പിക്കാനുതകുന്നുണ്ടെങ്കിലും, പൊതുവിടത്തിൽ വെച്ച് കൊണ്ട്, ഒരാളെ, അയാളുടെ ലിംഗത്തെ അടിസ്ഥാനമാക്കി മാത്രം, ഒരു സംഘമാളുകൾ, യാതൊരു ലജ്ജയുമില്ലാതെ, ചൂഴ്ന്നു നോക്കി കൊണ്ടിരിക്കുകയാണെന്ന വസ്തുത നമ്മൾ മറന്ന് പോവരുത്.
സ്ത്രീകളായത് കൊണ്ട് മാത്രം, അവരെ കണ്ട് പോവരുതെന്ന് വിധികല്പ്പിച്ചിരിക്കുന്ന പൊതുവിടങ്ങളിൽ വെച്ച്, അവരെ കാണുമ്പോൾ, അവരുടെ രക്തമൂറ്റി കുടിക്കും വിധം, നിങ്ങളുടെ കണ്ണുകളവരെ പിന്തുടരുന്നുണ്ടെങ്കിൽ, മറ്റുള്ളവർക്ക് കണ്ട് ചിരിക്കാൻ പാകത്തിന് ചേഷ്ട്ടകൾ കാണിക്കുന്ന, മുകളിൽ പറഞ്ഞ ആ കോമാളികൂട്ടവും നിങ്ങളും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്ന് വേണം മനസ്സിലാക്കാൻ!
Brief: Working women in Public space
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS