ക്രിസ്ത്യാനികൾക്ക് സാമ്പത്തിക സംവരണം കിട്ടുന്നതിനെ എതിർക്കുന്ന കാക്കാമാരുടെ ലീഗിനെ രൂക്ഷമായി വിമർശിച്ചും കത്തോലിക്കാ സഭ അതിനെതിരെ എടുക്കുന്ന നിലപാടുകൾ ശരിയാണെന്നു പറഞ്ഞും ഒരു യുവതി പ്രസംഗിക്കുന്ന വീഡിയോ ഇന്നലെ എനിക്കും കിട്ടി. നസ്രാണി കത്തോലിക്കർക്കിടയിൽ അതിന് വമ്പിച്ച ഓട്ടമാണത്രേ!
അതിലൊരു സ്ഥിതി വിവരണക്കണക്കാണവതരിപ്പിക്കുന്നത്. തിരുവനന്തപുരം മുതൽ കാസർകോടു വരെ നോക്കിയാൽ അമ്പതു ശതമാനം കടകൾ കാക്കാമാരുടേതാണത്രേ !!
“ന്യൂനപക്ഷക്കമ്മീഷൻ നല്കുന്ന സാമ്പത്തിക സഹായം 80 ശതമാനം മുസ്ലീങ്ങൾക്കും വെറും 20 ശതമാനം മാത്രം ക്രിസ്ത്യാനികൾക്കുമാണ്, മത വിദ്യാഭ്യാസത്തിനും കൊടുക്കുന്നു, അതവിടെ നിൽക്കട്ടെ ” എന്നൊക്കെ തട്ടി വിടുന്നു.
(ദേവസ്വം ബോർഡുകൾക്ക് ഖജാനയിൽ നിന്നു സർക്കാർ കൊടുക്കുന്ന തുകയും ന്യൂനപക്ഷ സംരക്ഷണത്തിന് മൊത്തം കൊടുക്കുന്ന തുകയും തമ്മിൽ ഒരു താരതമ്യം നാമവിടെ പ്രതീക്ഷിക്കേണ്ടതില്ല)
യാതൊരു വസ്തുതയുമില്ലാതെ , “കാക്കാമാർ മെക്കിട്ടു കയറുന്നതിനെതിരെ ” നടക്കുന്ന ഈ വീഡിയോ സഭാ മേലധികാരികളിൽ ചിലരുടെയെങ്കിലും അറിവോടെയാണ് നിർമിച്ച് പ്രചരിപ്പിക്കുന്നതെന്നു വേണം കരുതാൻ…
പാപ്ളാനി പിതാവ് ഉദ്ഘാടനം ചെയ്ത്, ബി ജെ.പി ന്യൂനപക്ഷ സെൽ നേതാവ് ആശംസ നേർന്ന് പുറപ്പെട്ടിരിക്കുന്ന ക്രൈസ്തവ അവകാശ സംരക്ഷണ യാത്രക്കൊപ്പമാണിത് നടക്കുന്നത് എന്നത് യാദൃച്ഛികമല്ല …
ഇതിൽ തന്നെ ഞെട്ടിച്ചത് ഒരു കാര്യമാണ്..
ഇതിലെ കടുത്ത ജാതീയതയും ക്രൈസ്തവ വിരുദ്ധതയും.. കാലങ്ങളായി അടിഞ്ഞമർന്നു കിടക്കുന്ന ലത്തീൻ മത്സ്യത്തൊഴിലാളികളും പരിവർത്തിത ക്രൈസ്തവരും കത്തോലിക്കരിൽ 40-50 ശതമാനമെങ്കിലും വരും. അവരുടെ ഒരു ജനസംഖ്യാ കണക്കെടുപ്പിനെപ്പോലും KCBC നേതൃത്യം ഇന്നുവരെ തടഞ്ഞുവച്ചു.
സാമ്പത്തിക സംവരണം ആ പാവങ്ങളുടെ – അധ:സ്ഥിതരുടെ – അധ:സ്ഥിതരായി സഭാ നേതൃത്വം ചവിട്ടടിയിൽ നിലനിർത്തിയിരിക്കുന്നവരുടെ – താല്പര്യങ്ങളെ ഹനിക്കുന്ന കാര്യം ഇവരാരും അറിഞ്ഞിട്ടില്ല.
പാംപ്ളാനി- ആലഞ്ചേരി-അറക്കന്മാരുടെ പ്രതിനിധിയായി രംഗത്തു വരുന്ന ആ സഹോദരിയുടെ നാടൻ യുക്തികളിൽ ആ “താണ ജാതി എരപ്പാളികൾ ” വരുന്നതേയില്ല…
KCBC യുടെ സവർണ യുക്തിയും ബിജെപി-സിപിഐ (എം) പ്രേമവും സംവരണത്തിന്റെ പേരിൽ നിറഞ്ഞു കവിഞ്ഞൊഴുകുമ്പോൾ ലത്തീൻ – അവശ ക്രൈസ്തവ (പഴയ ഭാഷ) സഹോദരങ്ങൾക്ക് പഴയ പോലെ മുറ്റത്തിനു പുറത്ത്, പറമ്പിൽ, എച്ചിലിലകളിൽ ബാക്കി വരുന്നത് വല്ലതും കൊണ്ടു പോയിത്തട്ടുന്ന ഒരു നൂറ്റാണ്ടു മുമ്പത്തെ കേരളീയ ക്രൈസ്തവ സദ്യാ രീതി തന്നെ മതിയെന്നാണ് പറഞ്ഞു വരുന്നത് …
അതെന്നാണ് ആ നിർഭാഗ്യവാന്മാരായ ക്രൈസ്തവ (രണ്ടാം കുടി) സഹോദരർ തിരിച്ചറിയുക?
NB: ക്രൈസ്തവർക്ക് ഇത്രയധികം സ്കൂൾ -കോളജുകളുണ്ടായിട്ടും മത്സ്യത്തൊഴിലാളി ക്രിസ്ത്യാനികൾ ഇത്രമാത്രം വിദ്യാഭ്യാസപരമായി പിന്നോക്കമായതിൽ അവരുടെ അലസതയെയും ബുദ്ധിയില്ലായ്യയെയും പ്രതിസ്ഥാനത്തു നിർത്തുന്ന ഒരു വീഡിയോ കൂടി പാംപ്ളാനി- ആലഞ്ചേരിമാർ ഇറക്കണം.
ആ സ്ഥിതിയെന്തു കൊണ്ട് എന്ന ചോദ്യത്തിനൊരുത്തരം വേണമല്ലോ?
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS