
ഈ പോസ്റ്റിനോടൊപ്പം ചേർത്തിട്ടുള്ള ഒന്നാമത്തെ കാർട്ടൂൺ വരച്ചത് ലോക പ്രശസ്തനായ കാർട്ടൂണിസ്റ്റ്, മലയാളി കൂടിയായ ശങ്കറാണ്.
അതിലെ കഥാപാത്രങ്ങൾ ചില്ലറക്കാരല്ല. അന്നും ഇന്നും ലോകം ആദരിക്കുന്ന രണ്ട് മഹാ മനുഷ്യരാണവർ – ജവഹർലാൽ നെഹ്റുവും , ഡോ.അംബേദ്കറും.
എത്ര രൂക്ഷമായാണ് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയേയും, നിയമ മന്ത്രിയേയും ആ കാർട്ടൂണിലൂടെ ശങ്കർ വിമർശിച്ചത് എന്ന് നോക്കൂ.

അവരുടെ വലുപ്പം, ആ കാർട്ടൂൺ വരയ്ക്കുന്നതിൽ നിന്ന് പിന്മാറാൻ അദ്ദേഹത്തിനൊരു കാരണമായില്ല. നെഹ്‌റുവിന്റേയോ, ശങ്കറിന്റേയോ ജീവിതത്തിലെ ആകെയുള്ള ഒന്നല്ല ഇത്.
മറിച്ച്, നെഹ്റുവിനെ കണക്കിന് കളിയാക്കുന്ന എത്രയോ കാർട്ടൂണുകൾ വരച്ചിട്ടുണ്ട് ശങ്കർ. അങ്ങിനെയുള്ള ആ കാർട്ടൂണിസ്റ്റിനോട് നെഹ്റുവിന്റെ സമീപനം എന്തായിരുന്നു?
മരണം വരെ, അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ശങ്കർ. അദ്ദേഹത്തിന്റെ പ്രതിഭയെ അറിഞ്ഞാദരിച്ചിരുന്നു നെഹ്റു.
തങ്ങളുടെ കുറവുകളെ തുറന്നു കാണിക്കുന്ന കണ്ണാടികളായാണ് ഇത്തരം കാർട്ടൂണുകളെ ജവഹർലാൽ കണ്ടത്. അതായിരുന്നു അദ്ദേഹത്തിന്റെ വലുപ്പം; ഇക്കാലത്തെ പ്രാധാന്യവും.
ഇനി രണ്ടാമത്തെ ചിത്രം നോക്കൂ. ലളിതകലാ അക്കാദമിയുടെ അവാർഡ് നേടിയ കാർട്ടൂണാണത്.

ഒരു പക്ഷ, ബി.ജെ.പി നേതാവ് കെ.സുരേന്ദ്രൻ അതിനെതിരെ രംഗത്തുവന്നതു കൊണ്ട് മാത്രം നമ്മിൽ പലരും ഇപ്പോൾ ശ്രദ്ധിച്ചിരിക്കാനിടയുള്ള ആ കാർട്ടൂൺ എത്ര രൂക്ഷമായാണ് ഇന്ത്യ ഭരിക്കുന്നവരുടെ പ്രത്യയ ശാസ്ത്രത്തേയും, ആ പ്രത്യയശാസ്ത്രം കോവിഡ് കൈകാര്യം ചെയ്ത രീതിയേയും വിമർച്ചിരിക്കുന്നത് എന്ന് നോക്കൂ.
ഹിന്ദുത്വത്തിന്റെ സിംബലുകളായി അവർ തന്നെ ഉയർത്തിക്കാണിക്കുന്ന രണ്ട് പ്രതീകങ്ങളാണ് പശുവും, കാവിയും.
ആ രണ്ടിനേയും ഒന്നിച്ച് ഒരു കാർട്ടൂണിസ്റ്റ് പുന:സൃഷ്ടിച്ചപ്പോൾ കിട്ടിയ രൂപം ഇന്ത്യൻ ഭരണാധികാരത്തിന്റെ മുന്നിൽ നിന്ന് പിടിച്ച ഒരു നേർകണ്ണാടിയായി – കാവിയുടുത്ത പശു !
ഇതിനേക്കാൾ നന്നായി ഹിന്ദു ദേശീയതാവാദത്തെ ഇക്കാലത്ത് എങ്ങിനെ പ്രതീകവൽക്കരിക്കാനാണ്? അതും ഒരു കാർട്ടൂണിസ്റ്റിന്.
ഇനി മുതിർന്ന BJP നേതാവ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ പ്രസ്താവനയാണിത്.

ഇതുപോലത്തെ ആയിരക്കണക്കിന് വേറെയും കിട്ടും നമുക്ക്. കിണ്ണം കൊട്ടിയും, ടോർച്ചടിച്ചും കൊറോണയെ ഓടിക്കാൻ ശ്രമിച്ച കോവിഡിന്റെ തുടക്കകാലം കെ.സുരേന്ദ്രൻ മറന്നാലും ലോകം മറന്നിട്ടില്ല.
പിന്നീടിങ്ങോട്ട് അതുപോലെ എത്രയെത്ര? കൊറോണ വരാതിരിക്കാൻ ചാണകത്തിൽ ഉരുളുന്ന, പശു മൂത്രം കുടിക്കുന്ന കേന്ദ്ര മന്ത്രിമാർ മുതലുള്ള ഇന്ത്യക്കാരുടെ ചിത്രങ്ങൾ എത്ര വേണം നിങ്ങൾക്ക് ..?
കഴിഞ്ഞ ദിവസം, മധ്യപ്രദേശിലെ സാഗർ യൂണിവേഴ്സിറ്റി അധികൃതരോട്, പശുക്കൾക്ക്, വിദ്യാർത്ഥികളുടേതിന്റെ മാതൃകയിൽ ഹോസ്റ്റലുകൾ നിർമ്മിക്കണമെന്ന് നിർദ്ദേശം കൊടുത്തു പർഷോത്തം രൂപാല എന്ന് പേരുള്ള ഒരു യൂണിയൻ മന്ത്രി.
നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അത്തരം പശു ഹോസ്റ്റലുകൾ അവിടെ പണിതിരുന്നു എന്നാണ് രൂപാല തന്റെ നിർദ്ദേശത്തിന് സാധൂകരണമായി പറഞ്ഞത്.
കാവി പുതച്ച പശുത്തലയുള്ള ഒരാളല്ലാതെ ഈ ഇന്ത്യൻ ഭരണാധികാരികളെ എങ്ങിനെ വരയ്ക്കും പ്രതിഭാശാലിയായ ഒരു കാർട്ടൂണിസ്റ്റ്. ഇന്ത്യയിലെ സകലമാന മനുഷ്യരും കങ്കണ റൗണത്തുമാരായിട്ടില്ലാത്ത ഒരു കാലത്ത് വിശേഷിച്ചും.
ഒഴുകുന്ന ഒരിന്ത്യൻ സമൂഹമായ പത്ത് കോടിയിലേറെ വരുന്ന അതിഥി തൊഴിലാളികൾ അനുഭവിച്ച ദുരിതങ്ങളോട്, നടക്കുന്നത് ചിലർക്ക് ഇഷ്ടമാണെന്ന ന്യായം പറഞ്ഞ സംഘപരിവാർ ബുദ്ധിജീവികൾ, ഓക്സിജൻ ക്ഷാമം മൂലം മരണമടഞ്ഞവരുടെ ദൈന്യങ്ങളോട്, മെഡിക്കൽ ഓക്സിജൻ കുറവായതിന്റെ കാരണം മരങ്ങൾ മുറിച്ചതാണ് എന്ന ന്യായം കണ്ടെത്തിയ നേതാക്കൾ, പശുക്കൾ ശ്വസിക്കുന്നതും പുറത്തുവിടുന്നതും ഓക്സിജനാണ് എന്ന് ഇപ്പോഴും കണ്ടെത്തിക്കൊണ്ടിരിക്കുന്ന യൂണിയൻ മന്ത്രിമാർ, ആൺ മയിലിന്റെ കണ്ണീരിൽ നിന്നാണ് അവയ്ക്ക് കുഞ്ഞുങ്ങളുണ്ടാകുന്നത് എന്ന് മനസ്സിലാക്കിയ സുപ്രീം കോടതി ജഡ്ജിമാർ …. പറഞ്ഞാൽ തീരില്ല കാവി പുതച്ച പശുത്തലയന്മാരുടെ ആധുനികതാവിരുദ്ധമായ ജൽപ്പനങ്ങൾ.
അതിന്റെ ഇരകളാക്കപ്പെടുന്ന ഈ നാട്ടിലെ പാവം പ്രജകൾ, സവിശേഷമായ ഒരു പ്രതിഭയുമില്ലെങ്കിലും ചിലപ്പോൾ ഇതുപോലെയൊക്കെ വരച്ചു പോകും സുരേന്ദ്രൻ ജീ.. ജീവിതം പഠിപ്പിക്കുന്നതാണത്.
പറഞ്ഞല്ലോ..എല്ലാവരും കങ്കണമാരാണ് എന്ന് കരുതരുത് അങ്ങ്.
ശങ്കർ ഇപ്പോഴില്ലാതിരുന്നത് നിങ്ങളുടെ ഭാഗ്യം.. അതോ അദ്ദേഹത്തിന്റേയോ..?
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS