Social

‘നാർക്കോട്ടിക് ജിഹാദ്’; വിശുദ്ധ ദേവാലയങ്ങളെ പോലും വിഷലിപ്തമാക്കുന്ന ബിഷപ്പുമാർ

മതപുരോഹിതർ വർഗീയത പരത്തരുത്!!

ബ്രിടീഷുകാരോ, പരിവാറുകാരോ പോലും ഇതുവരെ പറയാത്ത കളവുകളും ആരോപണങ്ങളുമാണ് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പരിശുദ്ധമായ ഒരു ദിനത്തെ മുൻനിർത്തി ക്രൈസ്തവ വിശ്വാസികളോട് തട്ടിവിടുന്നത്.

ഒമ്പതാം നൂറ്റാണ്ടിൽ കൊടുങ്ങലൂരിൽ നിന്നും ക്രൈസ്തവർ തെക്കൻ ഭാഗങ്ങളിലേക്ക് കുടിയേറുന്നത് ‘പ്രത്യേകിച്ചും മുഹമ്മദീയരുടെ ആക്രമണം നിമിത്തം ചാരിത്ര്യവും സത്യവിശ്വാസവും” സംരക്ഷിക്കാനനാണത്രെ.

ഇങ്ങിനെ പുറപ്പെട്ടു പോയവരുടെ പിന്തുടർച്ചയാണത്രെ “സിറിയാനികൾ”.

“പെൺകുട്ടികളുടെ വിശുദ്ധി കാത്തു സൂക്ഷിക്കുന്നതിനുള്ള” നോമ്പിനെ തുടർന്നുള്ള പ്രഭാഷണമാണ് ഇത്. ദുർഗ്രാഹ്യമായ ഭാഷയും, ഘടനാപരമായി പരിഹാസ്യവുമായ ഒരു പ്രഭാഷണത്തിൽ പെട്ടെന്ന് കേറിവരുകയാണ് “ഒമ്പതാം നൂറ്റാണ്ടിലെ ബലാത്സംഗവും”, ക്രൈസ്തവരുടെ തെക്കോട്ടുള്ള കുടിയേറ്റവും.

ഏത് ചരിത്ര രേഖയെ തെളിവായി എടുത്താണ് ഒമ്പതാം നൂറ്റാണ്ടിലെ മുസ്ലിം അക്രമങ്ങളും ബലാത്സംഗങ്ങളും കൊടുങ്ങലൂരിൽ ഉണ്ടായിട്ടുള്ളത് എന്ന് ഇദ്ദേഹം വിശദമാക്കുന്നില്ല. അങ്ങിനെയാണോ സിറിയൻ ക്രൈസ്തവരുടെ മലയോര കുടിയേറ്റം ഉണ്ടായിട്ടുള്ളത് എന്ന് വിശദമാക്കുന്നില്ല.

ക്രൈസ്തവ സഭകളുടെ കേരളത്തിലെയെങ്കിലും ചരിത്രമോ, ഇന്ത്യൻ മഹാസമുദ്രത്തിലെ കച്ചവടമോ, പോർച്ചുഗീസ് ആക്രമണമോ, ബാക്കിയുള്ള കാര്യങ്ങളോ ഒന്നും വരുന്നില്ല. ഒറ്റപ്പിടുത്തമാണ് ഒമ്പതാം നൂറ്റാണ്ടിനെ.

കേരളത്തിൽ സുസ്ഥിരമായ ഒരു സമുദായമായി മുസ്ലിംകൾ താമസിക്കാൻ തുടങ്ങുന്നത് അതിനുശേഷം ചുരുങ്ങിയത് രണ്ടു നൂറ്റാണ്ടുകളെങ്കിലും കഴിഞ്ഞിട്ടാണ് എന്നാണ് ഏറ്റവും പുതിയ പഠനങ്ങൾ കാണിക്കുന്നത്.

ഒമ്പതാം നൂറ്റാണ്ടിൽ കൊടുങ്ങലൂരോ അല്ലെങ്കിൽ വേറെയെവിടെയെങ്കിലുമോ ക്രൈസ്തവ-മുസ്ലിം അസ്വാരസ്യങ്ങളോ ഉണ്ടായതായി ചരിത്രപരമായി എന്തെങ്കിലും തെളിവുണ്ട് എന്ന് തോന്നുന്നില്ല. മറിച്ചു അവർ തമ്മിൽ ചേർച്ചകളും ബന്ധങ്ങളുമാണ് ഉണ്ടായത് ആ കാലഘട്ടത്തിൽ എന്ന് ‘തരിസാപ്പള്ളി ശാസനം’ പോലെയുള്ള രേഖകൾ സൂചിപ്പിക്കുന്നുമുണ്ട്.

ഒമ്പതാം നൂറ്റാണ്ട് കൊടുങ്ങലൂർ ആരാണ് ഭരിച്ചതെന്നും, അവിടെ എത്രമാത്രം മുസ്ലിംകൾ ഉണ്ടായിരുന്നു എന്നും, എന്നൊക്കെയുള്ള വസ്തുതകളൊക്കെ കടലിലെറിഞ്ഞു, വർഗീയതയുണ്ടാക്കാൻ കള്ളവുമായി ഇറങ്ങിയിരിക്കുകയാണ് ഈ പ്രസംഗത്തിലൂടെ ഇദ്ദേഹം ചെയ്യുന്നത്.

കേരളത്തിൽ ക്രൈസ്തവ-മുസ്ലിം അകൽച്ചയുണ്ടാക്കിയേ അടങ്ങൂ എന്നുള്ള ചില മതപുരോഹിതന്മാരുടെ വർഗീയ പ്രവർത്തനത്തിന്റെ തുടർച്ചയാണ് ഇത്. ഇത്തരത്തിൽ തങ്ങളുടെ രാഷ്ട്രീയത്തിനനുസരിച്ചുള്ള വർഗീയ വിചാരങ്ങളെ, തോന്നലുകളെ, വൃത്തികെട്ട രീതിയിൽ തുറന്നുവിടുന്ന ഇതുപോലെയുള്ളവർ ചോദ്യം ചെയ്യപ്പെടേണ്ടത്ത് വിശ്വാസികളാൽ തന്നെയാണ്.

തികഞ്ഞ ഇസ്‌ലാമോഫോബിയ, മുസ്ലിം വിരുദ്ധത, മത സ്പർദ്ധ തുടങ്ങിയ കാര്യങ്ങൾ യാതൊരു സങ്കോചവുമില്ലാതെ ദൈവഭവനത്തിലെ പരിശുദ്ധിയെ ഉപയോഗിച്ചു ഉത്പാദിപ്പിക്കുകയാണ് ഇദ്ദേഹം.

പ്രസംഗത്തിൽ, മുസ്ലിം സ്ഥാപനങ്ങൾ, അവരുമായുള്ള ബന്ധങ്ങൾ, കച്ചവടങ്ങൾ തുടങ്ങിയ ബഹിഷ്കരിക്കാനുമുള്ള ഒളിഞ്ഞുള്ള ആഹ്വാനവും കാണാം. മുസ്ലിംകളുമായി ഒരു സമ്പർക്കവും പാടില്ല എന്നുള്ള ഒളിച്ചു വെച്ച സന്ദേശമാണ്, കേരളത്തിലെ പ്രബലമായ ഒരു സമുദായത്തിലെ, പ്രധാനപ്പെട്ട ഒരു ഇടവകയിലെ ഒരു മതാധ്യക്ഷൻ പറഞ്ഞുവെക്കുന്നത്.

തെളിവുകളുടെ പിൻബലമില്ലാതെ കള്ളങ്ങൾ അവതരിപ്പിച്ചു സമൂഹത്തെ വിഭജിക്കുന്നത് ക്രിമിനൽ കുറ്റമാണെന്ന് അറിയാത്തതൊന്നുമായിരിക്കില്ല. കഴിഞ്ഞ ചില വര്ഷങ്ങളായി എല്ലാ മതത്തിലുമുള്ള മത-മുതലാളിമാർ തങ്ങളുടെ സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടി മനുഷ്യരെ ബലികൊടുക്കുന്ന ഏർപ്പാടിലെ അവസാനത്തെ കാര്യമാണിത്.

കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ദേശീയ അന്വേഷണ ഏജൻസികളും, കോടതിയും തികച്ചും “ഇല്ല” എന്നുപറഞ്ഞ കാര്യവുമായാണ് ബിഷപ്പ് ഇന്ന് പുറത്തിറങ്ങിയിരിക്കുന്നത്. നിരന്തരമായി വർഗീയ വിഷമാലിന്യങ്ങൾ പുറം തള്ളുന്ന ഫാദർ ജോസഫ് പുത്തൻപുരക്കൽ, ജോസഫ് കല്ലിറങ്ങാട് തുടങ്ങിയവരെ സമൂഹം ഈ സമയത്തു തിരിച്ചറിയുക തന്നെവേണം.

ഒരു കാര്യം കൂടിയും ഇവിടെ പറയാതിരിക്കാൻ നിർവ്വാഹമില്ല. എല്ലാ സമുദായങ്ങളിലും ഇദ്ദേഹത്തിന്റെ ഒപ്പമോ അതിൽ കൂടുതലോ വിഷം പുറത്തേക്ക് വിടുന്ന മതപ്രവർത്തകരെ കാണാം.

എന്നാൽ, മുസ്ലിം -ഹിന്ദു സമുദായങ്ങളിലെ ഇതുപോലെയുള്ള വർഗീയ വാദികളെ ഏറ്റവും ശക്തമായി വിമർശിക്കുന്നതും, അവരുടെ വർഗീയ നിലപാടുകളെ തുറന്നെതിർക്കുന്നതും അതെ സമുദായങ്ങളിലുള്ള വലിയൊരു വിഭാഗം എഴുത്തുകാരും, ചിന്തകരും, ഗവേഷകരും, പൊതുപ്രവർത്തകരും പിന്നെ വിശ്വാസികളും തന്നെയാണ്.

അതേസമയം കഴിഞ്ഞ കുറേ വര്ഷങ്ങളായി ചില ബിഷപ്പുമാരും മറ്റ് മത പ്രവർത്തകരും ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ നടത്തുന്ന വർഗീയ ഭാഷണങ്ങൾ ഒരു പത്രവാർത്തയിൽ കവിഞ്ഞു, സോഷ്യൽ മീഡിയയിലെ തല്ലുകൾക്കപ്പുറം, ഒരു സാമൂഹ്യ പ്രശ്നമായി അവയെ കണ്ടുകൊണ്ടുള്ള ആന്തരിക വിമർശനങ്ങൾ കേരളത്തിൽ ഉണ്ടാവുന്നില്ല എന്ന് എനിക്ക് തോന്നുന്നു.

സക്കറിയ അല്ലാത്ത ആരെങ്കിലും ചില ക്രൈസ്തവ സഭകളിലെ ഈ പുതിയ പ്രതിഭാസത്തെക്കുറിച്ചു പരസ്യ വിമർശനം നടത്തിയോ എന്ന് സംശയമുണ്ട്. പഠന ലേഖനങ്ങളോ, ശ്രദ്ധിക്കപ്പെടുന്ന ഫേസ്ബുക്ക് നോട്ടുകൾ പോലുമോ ഒരു ആന്തരിക വിമര്ശനമായിട്ട് ഇതുവരെ ശ്രദ്ധയിൽ പെട്ടിട്ടില്ല.

മൗനത്തിന്റെ പുതപ്പുകൾ തെമ്മാടിക്കുഴികളിലിട്ട് കത്തിക്കേണ്ട കെട്ടകാലത്ത്, ഇത്തരത്തിലുള്ള വിമർശനങ്ങൾ എന്തുകൊണ്ടാണ് ഉണ്ടാവാത്തത്? എഴുത്തുകാരുടെയും, ഗവേഷകരുടെയും, ബുദ്ധിജീവികളുടെയും ഇടയിൽ നിന്നുണ്ടാവേണ്ട ശക്തമായ ആന്തരിക വിമർശനങ്ങൾ നടന്നില്ലെങ്കിൽ സമൂഹത്തെ ഭിന്നിപ്പിക്കുന്ന പ്രസ്താവനകൾ വിശുദ്ധ ദേവാലയങ്ങളുടെ അകങ്ങളിൽ നിന്നും നമുക്ക് കേൾക്കേണ്ടിവരും.

സമൂഹം പിന്നെയും വിഭജിക്കപ്പെടും. വർഗീയത ചെറുക്കുവാൻ ഏറ്റവും പ്രധാനപ്പെട്ട വഴികളിലൊന്ന് അധികാരം സ്ഥാപിക്കാൻ ശ്രമിക്കുന്ന പൗരോഹിത്യത്തിനെതിരെ അതെ സമുദായത്തിൽ നിന്ന് തന്നെയുണ്ടാവേണ്ട ശക്തമായ വിമര്ശനങ്ങളാണ്.

‘തങ്ങളും ഇവിടെ ജീവിച്ചിരുന്നു’ എന്ന് തങ്ങളുടെ ഇടവകകൾക്കും, പള്ളികൾക്കും, അമ്പലങ്ങൾക്കും, ഓഫീസുകൾക്കും പുറത്തുള്ള മനുഷ്യരെ അറിയിക്കാൻ എന്ത് വൃത്തികേടുകളും പറഞ്ഞു വൈറലാക്കുന്ന മതാൽപനമാരുടെ നാടായി നമ്മുടെ നാട് മാറരുത്.

യാസർ അറഫാത്ത് (ചരിത്രകാരനും ദൽഹി സർവകലാശാല അധ്യാപകനുമാണ് ലേഖകൻ)

4.5 2 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x