Views

കോവിഡ് കാല ശീലങ്ങളും മാനസ്സികാരോഗ്യവും

കാലികം / ബെഞ്ചാലി

തലമുറകളെ നിരീക്ഷിക്കുകയാണെങ്കിൽ വികസിച്ചുകൊണ്ടിരിക്കുന്ന മാനസ്സികാ‍വസ്ഥ എന്നും കാണാൻ സാധിക്കും. തത്വജ്ഞാനം വികസിക്കുന്നത് മത സാമൂഹിക ചുറ്റുപാടുകളിൽ നിന്നാണ്, കോവിഡ് കാല സാമൂഹിക ക്രമവും ജീവിത രീതിയും മനുഷ്യരെ പലവിധം മാനസ്സികാവസ്ഥയിലേക്ക് നയിക്കുന്നു, അതുവഴി പുതിയ സാമൂഹിക ക്രമങ്ങൾ രൂപപെടാൻ കാരണമായേക്കാം.

തെരുവുകളിൽ മനുഷ്യർ പരസ്പരം അകലം പാലിക്കുക മാത്രമല്ല അപരിചിതമായ പ്രവർത്തികളിൽ ഉത്കണ്ഠരാകുന്നു, സാധാരണ ഗതിയിൽ ഒരാൾ ചുമക്കുന്നത് പോലെ കോവിഡ് കാലത്ത് ചുമയെ കാണാൻ സാധിക്കില്ല. രോഗമില്ലെന്നുറപ്പുള്ള മനുഷ്യർക്ക് പോലും പൊതുസ്ഥലത്ത് ആളുകൾ കേൾക്കെ ചുമക്കാതിരിക്കാനാണ് ശ്രമിക്കുക, ചുറ്റുമാടുമുള്ള ആളുകളാൽ താൻ ഭീതിയോടെയോ മോശമായ നിലയിൽ ശ്രദ്ധിക്കപെടാതിരിക്കാനെങ്കിലും ചുമക്കാതിരിക്കാൻ മനുഷ്യർ ശ്രമിക്കുക.

ഇന്ന് ഒരാൾ അശ്രദ്ധമായ് ചുമക്കുന്നത് ചുറ്റുപാടുമുള്ളവരിൽ സൃഷ്ടിക്കുന്ന മാനസ്സികാവസ്ഥ പേടിപെടുത്തുന്നതാകുന്നു. അതുകൊണ്ട് തന്നെ ജീവിതവീഥിയിൽ പുതിയ മര്യാദകൾ പാലിക്കാൻ മനുഷ്യർ നിർബന്ധിതരായ് തീരുന്നു.

ശുദ്ധിയുള്ളവനായിരിക്കുക എന്നത് ഏതൊരൂ മനുഷ്യന്റെയും ആരോഗ്യകരമായ അവസ്ഥക്ക് വേണ്ടതാണ്. എന്നാൽ ഒരാൾ കൈകഴുകുന്നത് ജീവിത വിശുദ്ധിയുടെ ഭാഗമായതോ അതല്ലെങ്കിൽ മതപരമായ കർമ്മമായോ ശുദ്ധിയാക്കുന്ന മാ‍നസ്സിക അവസ്ഥയിലല്ല രോഗവ്യാപനത്തെ ഭയന്ന് ശുദ്ധിയാക്കുന്നത്. ആത്മവിശ്വാസത്തിന്റെയും ആത്മസംതൃപ്തിയുടെയും ശീലങ്ങളുടെ ഭാഗമല്ലാതെ, ഒരു പ്രത്യേക സന്ദർഭത്തിൽ അസാധാരണമായ പുതിയ പെരുമാറ്റങ്ങൾ ജീവിതത്തിലേക്ക് ചേർത്തുവെക്കുന്നു.

പ്രവർത്തികളൊക്കെ മനുഷ്യർക്ക് പരിചിതമാണെങ്കിലും കോവിഡ് കാലത്ത് പേടിയോടെ അനുഷ്ടിക്കുമ്പോൾ അവ സൃഷ്ടിക്കുന്ന മാനസ്സികാവസ്ഥ വ്യത്യാസപെട്ടിരിക്കുന്നു. എന്നിരുന്നാലും ഏതൊരൂ പ്രവർത്തിയും തുടരെ ജീവിതത്തിൽ അനുഷ്ടിക്കുകയാണെങ്കിൽ അത് ജീവിത ശീലമായ് മാറുകയും അത് തുടർന്നുള്ള ജീവിതത്തെ നിയന്ത്രിക്കുകയും ചെയ്യുമെന്നതിനാൽ ഭീതിയേ ചേർത്തുപിടിച്ച് ജീവിത ശീലമായ് മാറുന്നവയിൽ മാനസ്സികരോഗ്യവുമായ് ചേർന്നിരിക്കുന്നതായിരിക്കും.

മാനസിക സാമൂഹിക പ്രത്യാഘാതങ്ങൾ

നിലവിലെ കോവിഡ് അടിയന്തരാവസ്ഥയിൽ നീണ്ടുനിൽക്കുന്ന മാനസിക സാമൂഹിക പ്രത്യാഘാതങ്ങൾ വരും തലമുറയുടെ ജീവിത രീതികളെ വലിയ രീതിയിൽ പരിവർത്തനങ്ങൾ സൃഷ്ടിക്കാവുന്നവയാണ് എങ്കിലും അവ ഒരേപോലെയല്ല, ജീവിക്കുന്ന നാടും പരിസരവും സാമ്പത്തിക സാമൂഹിക ഘടകങ്ങളുമനുസരിച്ച് പരിവർത്തനങ്ങൾ വ്യത്യാസപെട്ടിരിക്കും.

മൂന്നാം ലോക രാജ്യങ്ങളിൽ സമൂഹത്തിന്റെ താഴെ തട്ടിലുള്ളവരെ ഏറെ ഭരിക്കുന്നത് രോഗവ്യാപന ഭീതിയേക്കാൾ ഭക്ഷ്യക്ഷാമ ഭീതിയാണ്, സാമ്പത്തികമായ് ഉന്നത നിലയിലുള്ള തീരെ ചെറിയൊരൂ വിഭാ‍ഗമൊഴികെ എല്ലാവിധ മനുഷ്യരുടേയും മാനസ്സിക പ്രശ്നങ്ങൾക്ക് കാരണമാകാവുന്നവയാണ് സാമ്പത്തിക തകർച്ചയുടേയും ഭക്ഷ്യവിതരണ ശൃംഖലയുടെ തകർച്ചയും, അതിന്റെ ഭാഗമായ് രൂപപെടുന്ന പുതിയ മാനസ്സികരോഗവസ്ഥയുമുണ്ടാകാം.

നഗരങ്ങളിൽ ഫ്ലാറ്റുകൾക്കുള്ളിൽ അടിഞ്ഞിരുന്ന് വ്യായാമങ്ങളില്ലാതെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും അതുവഴി മാനസ്സിക പ്രശ്നങ്ങളും വേറെ. തൊഴിൽ നഷ്ടം, സാമ്പത്തിക അസ്ഥിരത, ബിസിനസ്സ് അടയ്ക്കൽ എന്നിവയിൽ നിന്നുള്ള സാമ്പത്തിക ഉത്കണ്ഠ; ശാരീരിക ഏകാന്തത മൂലം വിഷാദം; ഒറ്റപ്പെടൽ, ഏകാന്തത, പരിഭ്രാന്തി, ഭയം എന്നിവയുടെ വികാരങ്ങൾ.

കുട്ടികളെ ദുരുപയോഗം ചെയ്യുന്നത്, കുറച്ച് നേരം മാറിയിരുന്നാൽ തീരാവുന്ന മാനസ്സിക സമ്മർദ്ധങ്ങളെ ഒഴിവാക്കാനാകാതെ പങ്കാളികൾ തമ്മിലുള്ള വഴക്ക്, അതിക്രമങ്ങൾ പോലുള്ള പ്രശ്നങ്ങൾ. ബാച്ചിലറായി ജീവിക്കുന്നവരുടെ ഒറ്റപെടൽ തുടങ്ങിയവരുടേയും മാനസ്സികാരോഗ്യത്തെ ബാധിക്കുന്നു. ഒബ്സസീവ്-കംപൾസീവ് ഡിസോർഡർ, അഗോറാഫോബിയ, പാനിക് ഡിസോർഡർ തുടങ്ങിയ ഉത്കണ്ഠാ രോഗങ്ങൾ തുടങ്ങിയ അനേകം ശാരീരിക മാനസ്സിക വിഷയങ്ങൾ.

യുക്തിരഹിതമായ, പ്രതിരോധ സംവിധാനങ്ങളില്ലാത്ത ഏറെ കാലം സമൂഹവിഭ്രാന്തിയുണ്ടാക്കുന്ന ചിന്തകളും കോവിഡ് കാലം വിചിത്രമായി തോന്നിപ്പിക്കാം. ഉദാഹരണത്തിന്, നമ്മുടെ കൈകൾ ശുദ്ധിയാക്കാൻ സാനിറ്റൈസർ ഉപയോഗിച്ചില്ലെങ്കിൽ അപകടകരമായ രോഗാവസ്ഥ ഉണ്ടാകുമെന്ന ചിന്ത നമ്മുടെ ബുദ്ധിയെ ബോധ്യപെടുത്തി പരിശീലിപ്പിക്കുകയും ഒരിക്കൽ സാനിറ്റൈസർ ലഭിക്കാതാവുകയും ചെയ്താൽ ഉണ്ടാകാവുന്ന മാനസ്സികാഘാതം വലുതായിരിക്കും.

കോവിഡാനന്തര കാലഘട്ടം

കോവിഡ് സഹായങ്ങളുമായ് നൂറുകണക്കിന് സന്നദ്ധ പ്രവർത്തകരെ കണ്ടു , ആയിരക്കണക്കിന് സംഭാവനകൾ എടുക്കുന്നു. നിലവിൽ സാമ്പത്തിക പ്രതിസന്ധിയിലായവരെ സഹായിക്കാൻ ഫണ്ട് സമാഹരിക്കുന്നു. ഗുരുതരമായ ആരോഗ്യ പരിപാലന ആശങ്കകളെ നേരിടാൻ ഉപകരണ ഉത്പാദനം, പരിശോധന, ഗവേഷണം എന്നിവ ത്വരിതപ്പെടുത്തുന്നു. ഹ്രസ്വകാലത്തേക്ക് പൊരുത്തപ്പെടാൻ കഴിയും, എന്നാൽ അവ എത്ര കാലമെന്ന് പ്രവചിക്കാൻ പ്രയാസമാണ്.

നിലവിലെ സാഹചര്യത്തിൽ ഈ അസാധാരണമായ മാറ്റം നമ്മുടെ ജീവിതത്തിലുടനീളം പിടികൂടാമെങ്കിലും നിലവിൽ സാമൂഹിക ജീവി എന്ന നിലയിൽ സാഹോദര്യ, സാമുദായിക ഇടപെടലുകൾ സമൂഹത്തിൽ നില നിൽക്കുന്നുണ്ട്, അതിന് ഓരോരുത്തരും വ്യക്തിപരമായ, സാധ്യമായ ഇടപെടലുകൾ നടത്തേണ്ടതുണ്ട്. സർക്കാരുകളും സംഘടനകളും നടത്തുന്ന ഇടപെടലുകൾ മാനസിക-ആരോഗ്യപരമായ ആഘാതം ലഘൂകരിക്കാൻ ഏറെ സഹായകരമാകുന്നു, ആശ്വാസ്യകരമാണ്.

പല രാജ്യങ്ങളും കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേകം ഓൺലൈൻ പ്രോഗ്രാമുകൾ സംഘടിപ്പിച്ചുകൊണ്ട് അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും അവരുടെ ആശങ്കകൾ പരിഹരിക്കാനും ശ്രമിക്കുന്നു. നോർവീജിയൻ പ്രധാനമന്ത്രി എർന സോൽബർഗ് പ്രത്യേക പത്രസമ്മേളനം നടത്തിയത് ശ്രദ്ധേയമാണ് . അത്തരം നടപടികൾ പ്രായോഗികവും അനിവാര്യവുമാണ്, അങ്ങനെ മനുഷ്യ മനസ്സിലെ ഭീതിയുടെ വേരുകളറുക്കാനും മാനസ്സികാരോഗ്യം നില നിർത്താനും ഭരണകൂടങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും കൂട്ടായ പരിശ്രമങ്ങളുണ്ടാകേണ്ടതുണ്ട്.

കോവിഡ് കാലം എല്ലാ മനുഷ്യർക്കും പരീക്ഷണമാണ്, പ്രയാസങ്ങളെ കുറിച്ചും പ്രാരാബ്ദങ്ങളെ കുറിച്ചുമുള്ള പേടിപെടുത്തുന്ന ചിന്തകൾ മാറ്റിവെച്ച് ബുദ്ധിപൂർവ്വം സമയത്തെയും സാഹചര്യങ്ങളേയും ഉപയോഗപെടുത്തുന്നവർക്ക് ഈ കാലത്തെ തരണം ചെയ്യാനും വിജയിക്കാനും സാധിക്കും. മാനസ്സികാരോഗ്യ വിഷയങ്ങൾ മനസ്സിലാക്കുകയും ആ നിലയിൽ ജീവിതത്തെ ക്രമപെടുത്തുകയും ചെയ്യുക.

മാനസ്സികരോഗ്യവും ശാരീരികാരോഗ്യവും നിലനിർത്താൻ ജിവിതത്തിലേക്ക് ആസ്വാദ്യകരമായത് ചേർക്കുക, കൃഷിയും, പാചകവും, വായനയും എഴുത്തും കലയും കഥയുമായ് ആരോഗ്യകരമായ ഒരു പുതിയ ജിവീത രീതിയെ കൂട്ടുപിടിച്ച് കോവിഡ് കാലത്തെ സുരക്ഷിതമാക്കാൻ ശ്രമിക്കുക. ഫ്ലാറ്റുകളിൽ ജീവിക്കുന്ന കുട്ടികൾക്ക് ഒരു പക്ഷെ‌ അവരുടെ ജീവിതത്തിലെ ഏറ്റവും ആസ്വദ്യകരമായ സമയമായിരിക്കും. വീട്ടിൽ‌ കൂടെ എല്ലായ്‌പ്പോഴും അവരുടെ പ്രിയപ്പെട്ടവരുണ്ട്, അവരെ പേടിപെടുത്താതെ, ആശങ്കകൾ കൈമാറാതെ, ആരോഗ്യകരമായ ബോധ്യപെടുത്തലുകളുണ്ടാവുക.

അവരാണ് വരും കാലത്തെ മുന്നോട്ട് നയിക്കേണ്ട നായകന്മാർ.. കോവിഡ് കാലം സമൂഹത്തിനു ഗുണകരമായ അവസ്ഥ രൂപപെടുത്തട്ടെ..

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x