പ്രാദേശിക വിപണിയും, തൊഴില്‍ ലഭ്യതയും ശക്തിപ്പെടുത്തുക
മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ്
രാജ്യത്ത് 2020 മാര്‍ച്ച് മുതല്‍ ആരംഭിച്ച ലോക്ക് ഡൗണിനെ തുടര്‍ന്ന് വ്യാപാര മേഖലയില്‍ മുമ്പില്ലാത്ത മാന്ദ്യവും തൊഴില്‍ നഷ്ടവും ഉണ്ടായിട്ടുണ്ട്. ടെക്സ്റ്റയില്‍സ്, ജ്വല്ലറി, കോസ്‌മെറ്റിക്‌സ് മേഖലയില്‍ വലിയ തൊഴില്‍ നഷ്ടമുണ്ടായി.
ടൂറിസം മേഖലയുടെ സ്തംഭനം ഓട്ടോ-ടാക്‌സി ബസ് തൊഴിലാളികള്‍, ഹോട്ടലുകള്‍ എന്നിവയെ ബാധിച്ചു. തെരുവു കച്ചവടക്കാര്‍, കാറ്ററിംങ് ജീവനക്കാര്‍ എന്നിവര്‍ക്ക് തൊഴില്‍ നഷ്ടമായി.
ഇത് ദാരിദ്ര്യത്തിനും, അനിശ്ചിതാവസ്ഥക്കും വഴി വെക്കുന്നതാണ്. ഇതിനെ മറികടക്കുകയെന്ന ഭീമമായ ദൗത്യമാണ് നമ്മുടെ മുന്നിലുള്ളത്.
അതിജീവനം ഏറെ പ്രധാനമായ കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. 2020ന്റെ തുടക്കത്തില്‍ ഉണ്ടായിരുന്ന തൊഴിലവസരങ്ങള്‍ അസംഘടിത മേഖലയില്‍ താത്കാലികമായി കുറഞ്ഞിരിക്കുകയാണ്. തൊഴില്‍രംഗത്ത് വലിയ മത്സരം നേരിടേണ്ടി വരും. ഇവിടെ പിടിച്ചു നില്‍ക്കുക എന്നതാണ് പ്രധാനം. ഈ പ്രതിസന്ധി എത്ര നാള്‍ തുടരുമെന്ന് ഇപ്പോള്‍ പ്രവചിക്കാനാവില്ല.
ലോക്ക്ഡൗണ്‍ കാലത്തിന് മുമ്പ് ലഭ്യമായിരുന്ന ശമ്പളം/ വേതനം ഇനിയുള്ള കുറച്ച് കാലം ലഭിച്ചില്ലെന്ന് വരും. എങ്കിലും തൊഴിലെടുക്കുക എന്നത് പ്രധാനമാണ്. എത്ര ചെറുതായാലും വരുമാനമാര്‍ഗ്ഗം കണ്ടെത്തുക എന്നത് മുഖ്യമാണ്. മികച്ച തൊഴിലവസരങ്ങള്‍ ലഭ്യാകുന്നത് വരെ മികച്ചതല്ലാത്തിടത്ത് തൊഴില്‍ ചെയ്യേണ്ടി വരുമെന്ന യാഥാര്‍ഥ്യം തൊഴിലന്വേഷകര്‍ ഉള്‍ക്കൊള്ളണം.
ബൂഫിയ, കഫ്ത്തീരിയ ജോലികളില്‍ പ്രാവീണ്യമുള്ള പലരും ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് വന്നു കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ ഹോട്ടല്‍/ ഭക്ഷ്യമേഖലയില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ വലിയ തോതിലുണ്ട്. സ്വാഭാവികമായും തൊഴിലിനു വേണ്ടി അന്യസംസ്ഥാന തൊഴിലാളികളോട് കേരളത്തില്‍ മത്സരിക്കേണ്ടി വരും.
അതിജീവിക്കാന്‍ ശ്രമിക്കുക എന്നത് തൊഴില്‍ മത്സരത്തില്‍ പ്രധാനമാണ്. നിലവിലെ അനിശ്ചിതാവസ്ഥയില്‍ വലിയ തോതില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ അവരുടെ നാട്ടിലേക്ക് മടങ്ങുന്നുണ്ട്. ഇത് കേരളത്തില്‍ തൊഴിലാളി ക്ഷാമത്തിന് ഇടയാക്കും.
ഈ പ്രതിസന്ധിയെ മുതലെടുക്കാനും മലയാളികളായ തൊഴിലന്വേഷകര്‍ക്കാവും. എന്നാല്‍ പ്രതീക്ഷിക്കുന്ന തരത്തിലുള്ള വേതനം ലഭിക്കണം എന്നില്ല എന്നതാണ് നേരിടുന്ന വെല്ലുവിളി.
തൊഴില്‍ നഷ്ടപ്പെടുകയും, സാമ്പത്തിക പ്രതിസന്ധി വര്‍ധിക്കുകയും ചെയ്യുമ്പോള്‍ ഓരോ ഗ്രാമങ്ങളിലും വട്ടിപ്പലിശക്കാര്‍ സജീവമാകുന്നത് നമ്മുടെ മുന്‍കാല അനുഭവമാണ്. സുനാമി, വെള്ളപ്പൊക്കം തുടങ്ങിയ ഓരോ ദുരന്തത്തിന് ശേഷവും അത്തരക്കാര്‍ സജീവമായിട്ടുണ്ട്.
വട്ടിപ്പലിശക്കാരില്‍ നിന്നും വായ്പയെടുക്കുന്നതിന് പുറമെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍, ബാങ്കിംങ് ഇതര സ്ഥാപനങ്ങള്‍ എന്നിവയില്‍ സ്വര്‍ണ്ണം പണയം വെച്ച് പണം വാങ്ങുന്നതും വ്യാപകമാണ്. യാതൊരു കാരണവശാലും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ കഴുത്തറുപ്പന്‍ പലിശക്ക് സ്വര്‍ണ്ണം പണയം വെക്കരുത്. തീരെ നിവൃത്തിയില്ലെങ്കില്‍ സ്വര്‍ണ്ണം വില്‍ക്കുകയാണ് ചെയ്യേണ്ടത്.
സാമ്പത്തിക പ്രതിസന്ധിയില്‍ സാധാരണക്കാരെ സഹായിക്കാന്‍ സഹകരണ ബാങ്കുകള്‍ പലതും പലിശ രഹിതമായും, കുറഞ്ഞ പലിശക്കും വായ്പ നല്‍കുന്നുണ്ട്. അത് ഉപയോഗിക്കാവുന്നതാണ്. സാമ്പത്തിക പ്രതിസന്ധി മുതലെടുത്ത് ഓരോ പ്രദേശത്തും വട്ടിപ്പലിശക്കാര്‍, ബ്ലേഡ് മാഫിയ എന്നിവ പിടിമുറുക്കാനിടിയുണ്ട്. ഇതിനെതിരെ ജാഗ്രത പുലര്‍ത്തേണ്ടതും, ക്രിയാത്മകമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതും മത- രാഷ്ട്രീയ സംഘടനകളുടെയും, മഹല്ല് കമ്മിറ്റികളുടെയും ഉത്തരവാദിത്തമാണ്.
കോവിഡാനന്തരം തൊഴില്‍ രഹിതരാകുകയും, ദാരിദ്ര്യത്തിലേക്ക് വീഴുകയും ചെയ്യുന്നവരെ കൈപിടിച്ചുയര്‍ത്താനും, വരുമാനദായക പ്രവര്‍ത്തനത്തില്‍ പങ്കാളികളാക്കാനുമുള്ള ശ്രമങ്ങള്‍ പ്രാദേശിക തലത്തില്‍ ഉണ്ടായി വരണം. അതിന് സാമുദായിക സംഘടനകളും, മഹല്ല് സംവിധാനവും നേതൃത്വം നല്കണം.
കൃഷി, കന്നുകാലി വളര്‍ത്തല്‍, തോട്ടം തൊഴില്‍ തുടങ്ങിയ അടിസ്ഥാന മേഖലകളിലെ തൊഴിലിന് സന്നദ്ധമാകാന്‍ പലരും തയ്യാറാകേണ്ടി വരും. ഗള്‍ഫ് പ്രതിസന്ധി നീണ്ടു നില്‍ക്കുകയാണെങ്കില്‍ കരകയറുന്നത് വരെ കാത്തിരിക്കുന്നതില്‍ അര്‍ഥമില്ല. പുതിയ അവസരങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് അതിലേക്ക് ചാടുക എന്നതാണ് ബുദ്ധിപരമായ സമീപനം.
സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കേരളം കരകയറാന്‍ പ്രാദേശിക വിപണിയെ ശക്തിപ്പെടുത്തേണ്ടതുണ്ട്. ചെറുകിട വില്പനക്കാരുടെയും, തദ്ദേശീയമായ ഉത്പാദകരുടെയും വളര്‍ച്ചയാണ് നമ്മുടെ പ്രാദേശിക സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുക. കുത്തക കമ്പനികളുടെ ഉത്പന്നങ്ങളെക്കാള്‍ പ്രാദേശിക ഉത്പന്നങ്ങള്‍ തെരഞ്ഞെടുക്കാന്‍ ഓരോരുത്തരും ശ്രദ്ധിക്കുന്നത് നല്ലതാണ്.
സോപ്പ്, വാഷിംങ് പൗഡര്‍ തുടങ്ങിയ നിത്യോപയോഗ വസ്തുക്കള്‍ കേരളത്തില്‍ തന്നെ ഉത്പാദിപ്പിക്കുന്നതിന് മുന്‍ഗണന നല്കുക. കുത്തക കമ്പനികളുടെ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് പരമാവധി കുറയ്ക്കുക. ബിസ്‌ക്കറ്റ്, ബേക്കറി ഉത്പന്നങ്ങള്‍ എന്നിവയും പ്രാദേശികമായി ഉത്പാദിപ്പിക്കുന്നത് വാങ്ങുക. സാധാരണ കച്ചവടക്കാരില്‍ നിന്നും മാത്രം നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ പരമാവധി ശ്രമിക്കുക.
പ്രാദേശിക വിപണി ശക്തിപ്പെടുമ്പോഴാണ് അസംഘടിത മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്.
കോവിഡ് 19 സൃഷ്ടിക്കുന്ന സാമൂഹ്യ- സാമ്പത്തിക പ്രത്യാഘാതങ്ങളെ കുറിച്ച് മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് നടത്തിയ ചര്‍ച്ചയില്‍ യൂനുസ് ചെങ്ങര, കെ എസ് ഹസ്‌കര്‍, ടി റിയാസ് മോന്‍, കെ അലി പത്തനാപുരം, എ നൂറുദ്ദീന്‍, ഡോ. ലബീദ് അരീക്കോട്, ഇര്‍ഷാദ് കൊട്ടപ്പുറം, സജീര്‍ അരീക്കോട് എന്നിവര്‍ പങ്കെടുത്തു.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS