ഇന്ത്യയിലെ പ്രമുഖ ഹിന്ദി വാർത്ത ചാനലുകളായ എബിപി ന്യൂസ്, ആജ്തക് എന്നിവയിലെ ഹിന്ദു വാർത്താ അവതാരകർക്ക് ന്യൂസ് ഫ്ലോറിലും പുറത്തും സാമുദായികമായി പെരുമാറാൻ കഴിയുമ്പോൾ മുസ്ലിം അവതാരകർ തങ്ങളുടെ വ്യത്യസ്ഥ സ്വത്വങ്ങൾക്കിടയിൽ ഉഴലുന്നവരായാണ് കാണുന്നത്.
ഇന്ത്യയിലെ പ്രമുഖ ഹിന്ദി വാർത്താ ചാനലുകളിലെ മുസ്ലീം അവതാരകരെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. അവരുടെ 24X7 വാർത്തകളുടെ പ്രധാന ആകർഷണം ഹിന്ദു-മുസ്‌ലിം സംഘട്ടനം ആണെന്നിരിക്കെ, ഈ ചാനലുകളിലെ മുസ്‌ലിം അവതാരകർക്ക് ധാർമ്മിക വഴിയിലൂടെ നടക്കുകയെന്നത് ഏറ്റവും കഠിനമായ ജോലിയായിരിക്കണം. എബിപി ന്യൂസിന്റെ റുബിക ലിയാഖത്ത്, റോമാന ഇസാർ ഖാൻ, ആജ്തക്കിന്റെ സയീദ് അൻസാരി തുടങ്ങിയവരാണ് ഇതിൽ പ്രമുഖർ.
അക്ഷരാർത്ഥത്തിൽ അവർക്ക് അവരുടെ സമുദായത്തെ വിമർശിക്കുന്ന ഷോകൾ ഹോസ്റ്റുചെയ്യേണ്ടി വരാറുണ്ട് എന്നുമാത്രമല്ല, മിക്കപ്പോഴും മുസ്‌ലിംകളെ പരിഹസിക്കുന്നതിനും തരം താഴ്ത്തുന്നതിനും നിർബന്ധിതരാവുന്നു.
CAA- NRC-NPR വിഷയത്തിലും കോവിഡ് 19 മഹാമാരി വിഷയത്തിലും ഏപ്രിൽ മാസത്തിൽ മുഴുവൻ കവറേജിന്റെയും കേന്ദ്രബിന്ദു തബ്‌ലീഗ് ജമാഅത്തും മൗലാനാ സാദും അതുമായി ബന്ധപ്പെട്ട മുസ്ലിങ്ങൾക്ക് എതിരെയുള്ള വിദ്വേഷ പ്രചാരണങ്ങളും ആയിരുന്നു എന്നിരിക്കെ ആ സമയത്ത് തങ്ങളുടെ ഷോകൾ ചെയ്യൽ അവർക്ക് വളരെയധികം ബുദ്ധിമുട്ട് പിടിച്ച ജോലി ആയിരുന്നിരിക്കണം. കാരണം നമുക്കറിയാം, ഇത്തരം ഷോകളിൽ പലതിന്റെയും കേന്ദ്രബിന്ദു നിർദയമായ മുസ്‌ലിം വിമർശനമാണ്. എന്തായാലും, 2014 മുതൽ ബിജെപിയുടെ കളികൾ ഇത്തരം ഹിന്ദു-മുസ്‌ലിം ബൈനറിയിൽ കേന്ദ്രീകരിച്ച് ആയിരുന്നതിനാൽ ഇത്തരം പ്രശ്നങ്ങൾ പലപ്പോഴും ഉണ്ടായിരുന്നു.
സ്വത്വബോധവും പൗരത്വ ചർച്ചകളും തമ്മിലുള്ള വാഗ്വാദം.
ഈ അവതാരകർ മുസ്‌ലിം കമ്മ്യൂണിറ്റിയെ പൈശാചികമായി ചിത്രീകരിക്കുന്നതോ കമ്മ്യൂണിറ്റിയെ കുറിച്ച് തെറ്റിദ്ധാരണകൾ പരത്തുന്ന തരത്തിലോ ഉള്ള സാമുദായികവും മതപരവുമായ വിഷയങ്ങളിൽ മാത്രം ഷോകൾ ചെയ്യുന്നു എന്നല്ല, അവരുടെ ചില പ്രോഗ്രാമുകൾ സർവസാധാരണമെന്ന് വിളിക്കപ്പെടാവുന്ന വിഷയങ്ങളിൽ സെക്യൂലർ ലൈനിൽ ഉണ്ടാവാറുണ്ട്.
പക്ഷേ ഹിന്ദി വാർത്താ ചാനലുകളിലെ ഈ മുസ്ലീം അവതാരകർ ക്യാമറക്ക് പുറത്ത് രസകരമായ ബാലൻസിംഗും നടത്താറുണ്ട്.
റൂബിക ലിയാഖതിന്റെ ട്വിറ്റർ ടൈലൈൻ ഒരു വിരോധാഭാസം പോലെ വായിക്കാവുന്നതാണ്. അവരുടെ ഷോകളെക്കുറിച്ച് ട്വീറ്റ് ചെയ്യുമ്പോഴും വിവിധ വിഷയങ്ങളിൽ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുമ്പോഴും തന്നെ അവർ പതിവായി ഖുര്‍ആനിലെ വാക്യങ്ങൾ പോസ്റ്റുചെയ്യുന്നു. ഒരു ട്വീറ്റിൽ അവർ പറയുന്നു – “ജിഹാദ് പ്രാഥമികമായി സൂചിപ്പിക്കുന്നത് ജീവിതത്തിന്റെ എല്ലാ തലങ്ങളിലും സദ്‌ഗുണമുള്ളവനും ദൈവത്തിന് കീഴ്പെടുന്നവനുമായ വ്യക്തിയുടെ ആന്തരിക പോരാട്ടത്തെയാണ്.”
അതേസമയം, ഗുസ്തി താരം ബബിത ഫോഗാട്ട് പരസ്യമായി സാമുദായിക വിദ്വേഷ ട്വീറ്റ് പുറപ്പെടുവിക്കുകയും പിന്നീട് തന്റെ നിലപാടിൽ ഉറച്ചു നിൽക്കുകയും ചെയ്തപ്പോൾ റൂബിക അത് അംഗീകരിക്കുകയാണുണ്ടായത്. എന്നീട്ടും, മുസ്ലീം സ്വത്വം കാരണത്താൽ അവർ രൂക്ഷമായി അധിക്ഷേപിക്കപ്പെടുകയും അവരുടെ ഒരു മോർഫ് ചെയ്ത വീഡിയോ വൈറലാകുകയും ചെയ്തു.
തബ്ലീഗി ജമാഅത്തിനെക്കുറിച്ചുള്ള സാമുദായിക പ്രചാരണത്തെക്കുറിച്ച് ഒരു മുസ്ലീം പുരോഹിതൻ എബിപി ന്യൂസ് അവതാരകരെ വെല്ലുവിളിച്ചിരുന്നു. ബിജെപി വക്താവ് സാംബിത് പത്ര നാമനിർദേശം ചെയ്തതിന് ശേഷം താൻ പിഎം കെയേര്‍സ് ഫണ്ടിലേക്ക് സംഭാവന നൽകിയതായി റുബീന പരസ്യമായി പ്രഖ്യാപിച്ചു. തന്നെ പ്രശംസിച്ചുകൊണ്ടുള്ള ഒരു ട്വീറ്റ് അവർ റീട്വീറ്റ് ചെയ്തു – “ഒരു മുസ്ലീം ആയിട്ടുപോലും അവരുടെ മൗലാന സാഹബിനെയും മർകാജിനെയും പിന്തുണയ്ക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്ന നിസാമുദ്ദീൻ ഇഡിയറ്റുകളെ അവർ എങ്ങനെ നിർദയമായി വിമർശിക്കുന്നു എന്നത് അഭിനന്ദനീയമാണ്.” അതായിരുന്നു ആ ട്വീറ്റ്.
അങ്കിൾ ടോം അല്ലെങ്കിൽ ഗോഫ്മാനിയൻ ചട്ടക്കൂട്?
ഇന്ത്യയിലെ മുസ്‌ലിം അവതാരകരുടെ പ്രവർത്തനങ്ങളും സോഷ്യൽ മീഡിയയിലെ അവരുടെ പെരുമാറ്റവും വിശകലനം ചെയ്യുന്നതിനുള്ള ഒരു മാർഗം സമകാലിക വിഷയങ്ങളെ അവരുടെ വീക്ഷണകോണിൽ കൂടി കാണുക എന്നതാണ്. മറ്റൊന്ന്, അവർ ഭാഗമായ വാർത്താ ചാനലുകളുടെയോ അവരുടെ പ്രേക്ഷകരുടെയോ വീക്ഷണകോണിൽ നിന്ന് നോക്കുക എന്നതാണ്.
വിമർശകർക്ക് അവരെ അങ്കിൾ ടോം ആയോ അല്ലെങ്കിൽ ബിജെപിയുടെ മുസ്ലീം നേതാക്കൾ വഹിക്കുന്ന റോളിനോട് സാമ്യമുള്ള ആരെങ്കിലും ആയോ മുദ്രകുത്താം. ഈ അവതാരകരെ വാർത്താ ചാനലുകളിലെ മുക്താർ അബ്ബാസ് നഖ്‌വി അല്ലെങ്കിൽ ഷഹനവാസ് ഹുസൈൻ എന്ന് മുദ്രകുത്തപ്പെടാം. ജാങ്കോ അൺചെയിൻഡിൽ സാമുവൽ ജാക്സൺ അവതരിപ്പിച്ച കഥാപാത്രത്തിന് സമാനമാണ് അവരുടെ പങ്ക് എന്ന് പറയാം, അതിൽ കറുത്ത അടിമ ജോലിക്കാരനായ സ്റ്റീഫൻ തന്റെ യജമാനനേക്കാൾ കടുത്ത വംശീയവാദിയാണ്. വാർത്താ ചാനലുകളെ സംബന്ധിച്ചിടത്തോളം, ഈ മുസ്‌ലിം അവതാരകരുടെ സാന്നിധ്യം അവരുടെ ബിസിനസിന് ലാഭകരമാണ്. അല്ലെങ്കിൽ, ഈ അവതാരകർ എന്താണോ ചെയ്യുന്നത് അത് അവരുടെ പ്രാധിനിത്യത്തിന്റെ പ്രതിച്ഛായക്ക് വേണ്ടി മാത്രവും ആവാം, അല്ലെങ്കിൽ ഒരു മുസ്ലീം അവതാരകൻ മുസ്‌ലിംകൾക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ അത് ഹിന്ദുത്വ മുൻവിധികളെ ഊട്ടി ഉറപ്പിക്കുന്നു.
എന്നാൽ ഇത് മുസ്‌ലിം അവതാരകർ പ്രവർത്തിക്കുന്ന വളരെ സങ്കീർണ്ണവും കൂടിക്കുഴഞ്ഞതുമായ സാഹചര്യങ്ങളുടെ വളരെ ലളിതമായ ഒരു വിശകലനമായിപ്പോവും.
നമുക്ക് തിരിഞ്ഞ് ഈ അവതാരകരുടെ വീക്ഷണകോണിൽ കൂടി നോക്കാൻ ശ്രമിക്കാം.
അവർ യഥാർത്ഥത്തിൽ ഒരു ഗോഫ്മാനിയൻ ചട്ടക്കൂടിലാണ് ജീവിക്കുന്നതെന്ന് തോന്നുന്നു, അതിൽ അവർ അവരെ തന്നെ ഇംപ്രഷൻ മാനേജ്‌മെന്റിന്റെ കല വികസിപ്പിച്ചെടുത്ത അഭിനേതാക്കൾ ആയി പരിഗണിക്കുന്നു. വാർത്താ ചാനലിന്റെ നയവും പ്രബലമായ വിവരണവും രൂപപ്പെടുത്തുന്ന സാഹചര്യങ്ങളുടെ നിർവചനത്തിന് അനുസരിച്ച് അവർ പ്രവർത്തിക്കേണ്ടതുണ്ട്. സാമുദായിക ഉള്ളടക്കവുമായി പൊരുത്തപ്പെടുകയും അത് ശീലമാവുകയും ചെയ്ത ഇന്ത്യയിലെ പ്രേക്ഷകർ ഈ രീതിയിൽ അവർ പ്രവർത്തിക്കണമെന്ന് ആഗ്രഹിക്കുന്നതിനാലാവാം അവർ ഈ രീതിയിൽ പ്രവർത്തിക്കുന്നത്.
നിരവധി ഐഡന്റിറ്റികൾക്കിടയിൽ കുടുങ്ങിപ്പോകുമ്പോൾ
എന്നാൽ ഇത് അവരുടെ ജീവിതത്തിന്റെ ഒരേയൊരു വർണഭേദമല്ല. ടിവി സ്‌ക്രീനിലെ അവരുടെ രൂപം മുൻസ്റ്റേജിലെ അവരുടെ പ്രകടനം മാത്രമാണ്. അവരുടെ ജീവിതത്തിൽ വ്യത്യസ്തമായി പെരുമാറേണ്ടി വരുന്ന ഒരു പിന്നാമ്പുറമുണ്ടാവാം. വലിയൊരു ഭൂരിപക്ഷ ഇന്ത്യൻ മാധ്യമങ്ങൾ നിർവചിക്കുന്ന റോൾ അനുസരിച്ച് അവർ പ്രവർത്തിക്കേണ്ടതിനാൽ, അവർ ചില നിയമങ്ങൾ പാലിക്കേണ്ടതുണ്ട്, അതില്ലെങ്കിൽ വിള്ളലുകൾ ഉണ്ടാകുകയും ടിവി സ്റ്റുഡിയോകളിലെ അവരുടെ പ്രകടനം നാശമാവുകയും ചെയ്യും.
സ്‌ക്രീനിൽ ഈ അവതാരകരെക്കുറിച്ച് നാം കാണുന്നത് അവരുടെ സ്ഥാപിതമായ ഐഡന്റിറ്റി മാത്രമാണ്, വാർത്താ ചാനലുകൾ അവർക്ക് നൽകിയിട്ടുള്ള റോളുമായി ബന്ധപ്പെട്ട ഐഡന്റിറ്റി. നാടകരചനാ ശാസ്ത്രപരമായ വിശ്വസ്തതയാൽ അവർ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഒരു വാർത്താ ചാനലിൽ ചേരുമ്പോൾ, ടീമിൽ അംഗമാകാനും ധാർമ്മികവും തൊഴിൽപരവുമായ ചില ബാധ്യതകൾ അംഗീകരിക്കാനും അവർ സമ്മതിക്കുന്നു. ഒരു മുസ്ലീം ആയതിനാൽ, അവർ കൂടുതൽ വിശ്വസ്തരാണെന്നും, തങ്ങൾ ഭൂരിപക്ഷം ഹിന്ദുക്കളും നിത്യേന വെറുക്കാനും പൈശാചികവൽക്കരിക്കാനും ഇഷ്ടപ്പെടുന്ന തരം മുസ്ലിങ്ങൾ അല്ല എന്നും തെളിയിക്കാൻ കൂടുതൽ ആക്രമണാത്മക നിലപാട് സ്വീകരിക്കുന്നുണ്ടാവാം.
ഹിന്ദു അവതാരകരെ സംബന്ധിച്ചിടത്തോളം, വളരെയധികം സാമുദായികമായ ഒരു ഷോ ഹോസ്റ്റുചെയ്യുന്നത് ഒരു സാധാരണ കാര്യമാണ്, കാരണം അവർക്ക് പിന്നാമ്പുറത്ത് വ്യത്യസ്തമായി പ്രവർത്തിക്കേണ്ടതില്ല. അവർക്ക് അവരുടെ വീടിന്റെ അന്തരീക്ഷത്തിലോ ക്ലബ്ബിലോ അല്ലെങ്കിൽ അവരുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമിടയിലോ ഒരുപോലെ സാമുദായികമോ മതേതരമോ ആകാം. അവരുടെ സ്വത്വം അവർക്ക് ഒരു ഭാരമല്ല. മുസ്ലീം അവതാരകരെ സംബന്ധിച്ചിടത്തോളം, അവരുടെ ഓഫ് സ്റ്റേജ് ഐഡന്റിറ്റി, ‘ഹിന്ദു പ്രേക്ഷകർ’ അവരെ വീട്ടിൽ കാണുന്നതിനോ അല്ലെങ്കിൽ മുസ്ലീങ്ങളെക്കുറിച്ചും വാട്‍സാപ് ഗ്രൂപ്പുകളിലെ അവരുടെ ജീവിതരീതിയെക്കുറിച്ചും ചർച്ച ചെയ്യുന്നതിന് അവർ ഓഫീസിൽ വഹിക്കുന്ന പങ്കിൽ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും. മുസ്‌ലിം അവതാരകർക്ക് അവരുടെ മുസ്‌ലിം കുടുംബാംഗങ്ങളുമായും ബന്ധുക്കളുമായും സംവദിക്കുമ്പോൾ അവരുടെ സ്ഥാപിത ഐഡൻറിറ്റി ഒഴിവാക്കേണ്ടതുണ്ട്. അവരുടെ സോഷ്യൽ മീഡിയ പെരുമാറ്റങ്ങളിലും ഈ വൈരുദ്ധ്യം നമുക്ക് കാണാൻ കഴിയും
ഉദാഹരണത്തിന്, എബിപി ന്യൂസിന്റെ റൊമാന ഇസാർ ഖാൻ അസാനിനായി ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതിനെതിരെ ട്വീറ്റ് ചെയ്യുമ്പോൾ അത് ഉച്ചഭാഷിണികളുടെ ഉപയോഗം നിരോധിക്കണമെന്ന് ആവശ്യപ്പെടുമ്പോൾ എല്ലാം ആവർത്തിച്ച് മുസ്ലീങ്ങളുടെ പ്രാർത്ഥനയെ കുറിച്ച് സോഷ്യൽ മീഡിയയിൽ ട്രെൻഡ് ചെയ്യുന്ന കടുത്ത വർഗീയവാദികൾക്ക് പ്രത്യേക താൽപ്പര്യമുള്ള വിഷയമാവുന്നു.
ഈ അവതാരകർക്ക്, ടിവി സ്റ്റുഡിയോ ഒരു സ്റ്റേജാണ്, ജാക്ക്സ് അസ് യു ലൈക്ക് ഇറ്റ് എന്ന സിനിമയിൽ പറയുന്നത് പോലെ: ഈ ലോകം മുഴുവൻ ഒരു സ്റ്റേജാണ് / എല്ലാ പുരുഷന്മാരും സ്ത്രീകളും വെറും അഭിനേതാക്കളും / എല്ലാവർക്കും അവരുടെ നിർഗമന വഴികളും പ്രവേശന കവാടങ്ങളും ഉണ്ട്/ ഓരോ മനുഷ്യനും തനിക്ക് അനുവദിക്കപ്പെട്ട സമയത്ത് പല ഭാഗങ്ങളും അഭിനയിക്കുന്നു.
ഹിന്ദി വാർത്താ ചാനലുകളിലെ മുസ്ലീം അവതാരകർ ഈ ഷേക്സ്പിയർ ദ്വന്ദ്വാവസ്ഥയിൽ എല്ലാ ദിവസവും ജീവിക്കുന്നു.
സിഎഎ-എൻആർസി-എൻപിആർ വിരുദ്ധ പ്രക്ഷോഭത്തിനിടയിലും ഈ പ്രവണത നമ്മുടെ ശ്രദ്ധയിൽ വന്നതാണ്. ദി വാഷിംഗ്ടൺ പോസ്റ്റിലെ കോളമിസ്റ്റായ പത്രപ്രവർത്തക റാണ അയ്യൂബ് അവരുടെ ഹാൾ ഓഫ് ഷെയിം പട്ടികയിൽ ടിവി ഷോകൾ ലിസ്റ്റു ചെയ്തപ്പോൾ, നാല് ഷോകളിൽ രണ്ടെണ്ണം ഹോസ്റ്റുചെയ്തത് റൂബിക ലിയാക്വത്തും റൊമാന ഇസാർ ഖാനും ആയിരുന്നു. മറ്റ് രണ്ട് ഷോകൾക്കും ആതിഥേയത്വം വഹിച്ചത് ന്യൂസ് 18 ഇന്ത്യയിലെ അമിഷ് ദേവ്ഗനും സുദർശൻ ന്യൂസ് നടത്തുന്ന സുരേഷ് ചവങ്കെയും ആണ്. പലപ്പോഴും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് പിടിക്കപ്പെട്ട ചാനൽ ആണ് സുദർശൻ ന്യൂസ്.
ദി പ്രിന്റ് പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പൂർണ്ണ രൂപം ഇവിടെ വായിക്കാം.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS