വീണ്ടും ഒരു ലോക്ക്ഡൗൺ!!
പലരും നെറ്റി ചുളിക്കുന്നുണ്ട്. ലോക്ക്ഡൗണല്ലാതെ മറ്റ് മാർഗങ്ങളില്ലേ എന്നാണ് പലരും ആരായുന്നത്. അവർ ഉന്നയിക്കുന്ന പല ന്യായങ്ങളും ന്യായമായത് തന്നെയാണ്.
ഒരു ലോക്ക്ഡൗൺ നമ്മുടേത് പോലെയുള്ള ഒരു സാമൂഹ്യ ഘടനയിൽ ഏൽപ്പിക്കുന്ന ആഘാതം വളരെ വലുതാണ്. വാണിജ്യാധിഷ്ഠിതമായ ഒരു സമൂഹമാണ് നമ്മൾ. അനിശ്ചിതമായ അടച്ചിടലുകൾ വഴി പല സംരംഭങ്ങളും തളർന്ന് പോകും.
ഒരു വലിയ ലോക്ക്ഡൗൺ സൃഷ്ടിച്ച വൻ ആഘാതത്തിന്റെ തളർച്ചയെ നേരിട്ട് വീണ്ടും ചിറക് വിടർത്താൻ ആരംഭിച്ചിട്ടേ ഉള്ളൂ പലരും. പലരുടെയും വരുമാന മാർഗങ്ങൾ അടയുകയാണ്. ജീവിതം പ്രതിസന്ധിയിൽ ആകുകയാണ്.
ഒക്കെ ശരി തന്നെയാണ്. പക്ഷെ ഇവിടെ നമുക്ക് മുന്നിൽ രണ്ടാമതൊരു ഓപ്‌ഷനില്ല. ഒരു ലോക്ക്ഡൗൺ ഒഴിവാക്കാൻ അധികൃതർ പരമാവധി പരിശ്രമിച്ചിട്ടുണ്ട്.
ഒരു ജനതയുടെ നില നിൽപ്പാണ് ഒരു ഭരണകൂടത്തെ സംബന്ധിച്ച് ഏറ്റവും പ്രധാനം. നിലനിൽപ് എന്ന് പറഞ്ഞാൽ, ജീവന്റെ നിലനിൽപ്. അതിനെക്കാൾ അപ്പുറം ഒരു പ്രതിസന്ധി അവർക്ക് മുന്നിലില്ല. വല്ലാത്തൊരു പ്രതിസന്ധിയുടെ വക്കിലാണ് നാമുള്ളതെന്നാണ് സർക്കാർ മെഷിനറികളുടെ മുന്നറിയിപ്പുകൾ വ്യക്തമാക്കുന്നത്.
നിയന്ത്രണങ്ങൾ കൈവിട്ട് പോയ നാടുകളിലെ ദുരന്തങ്ങളുടെ നേർക്കാഴ്ചകൾ നാം കണ്ട് കൊണ്ടിരിക്കുകയാണ്. ആ ചിത്രങ്ങൾ നമുക്ക് മുന്നിലും ആവർത്തിച്ച് കൂടാ. പ്രതിദിനം 42000 ആയി കോവിഡ് കേസുകൾ നമ്മുടെ മുന്നിലും ഉയർന്ന് കഴിഞ്ഞു. ഏതാനും ദിവസങ്ങൾ കൂടി ഈ സ്ഥിതി തുടർന്നാൽ സർക്കാർ സംവിധാനങ്ങൾ അപ്രസക്തമാകും. മുഴുവൻ മുന്നൊരുക്കങ്ങളും പാളും.
ഇപ്പോഴുള്ളത് ശക്തമായ ഒരു മുന്നൊരുക്കവും നിയന്ത്രണവുമാണ്. ഇപ്പോഴത്തെ സാഹചര്യം കൈവിട്ട് പോയിക്കഴിഞ്ഞാൽ കാര്യങ്ങൾ അരാജകമാകും. ഇതുവരെ നമ്മെ സുരക്ഷിതരാക്കി നിർത്തിയിരുന്ന ചെറുതും വലുതുമായ സുരക്ഷാ സംവിധാനങ്ങൾ ഒന്നാകെ പൊട്ടിപ്പോയാലുള്ള അവസ്ഥ ആലോച്ചിക്കാൻ പോലും കഴിയാത്തതാണ്.
വ്യാപാരികളും വ്യവസായികളുമടക്കമുള്ള സംരംഭകർ നിലവിലെ അപകടകരമായ സാഹചര്യങ്ങളെ ഉൾക്കൊള്ളേണ്ടതുണ്ട്. പലരും ലോക്ക്ഡൗണിനെതിരെ ബദൽ നിർദേശങ്ങൾ സമർപ്പിക്കുന്നത് കാണുന്നുണ്ട്.
ലോക്ക്ഡൗണിന് പകരം ബദൽ നിർദേശങ്ങൾ വെച്ച് ആളുകളെ കൺഫ്യൂഷൻ ആക്കരുത്. ഒരു ബദൽ പ്രതിരോധവും ഇപ്പോൾ സാധ്യമല്ല. നിലവിലുള്ള കേസുകളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റിയും നിയന്ത്രണ വിധേയമാക്കുക എന്നത് മാത്രമാണ് നമ്മുടെ മുമ്പിലുള്ള പരിഹാരം. അതിന് ലോക്ക്ഡൗൺ അല്ലാതെ ഈയൊരു ഘട്ടത്തിൽ മറ്റൊരു പരിഹാരമില്ല.
മരണപ്പെടുന്ന ഓരോ മനുഷ്യനും നാം ഉൾക്കണ്ഠപ്പെടുന്ന ഈ വിപണിയുടെ കൂടെ ഭാഗമായിരുന്നു. അതിൽ വ്യാപാരികളും ഉപഭോക്താക്കളുമുണ്ട്. ഓരോ മരണവും ഉണ്ടാക്കുന്ന പരിക്ക് മറ്റെല്ലായിടത്തുമുള്ളത് പോലെ വിപണിക്ക് മേൽ കൂടിയാണ്.
കോവിഡിന് സംരംഭകനെന്നോ കസ്റ്റമറെന്നോ വേർതിരിവില്ലല്ലോ? അതിനാൽ സമ്പൂർണമായും സർക്കാർ നൽകുന്ന ലോക്ക്ഡൗൺ നിർദേശങ്ങൾ പാലിക്കുക. പറ്റുമെങ്കിൽ ഒരു പടി കൂടി കടന്ന് നാം കൂടുതൽ സുരക്ഷിതരാകുക. അതാണ് ഈ ഘട്ടത്തിൽ നാം ചെയ്യേണ്ടത്.
മനുഷ്യരുടെ ആഗ്രഹങ്ങളുടെ പട്ടിക എത്ര വേഗമാണ് ചെറുതാകുന്നത്. എന്നെ സംബന്ധിച്ചേടത്തോളം ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം എന്തെന്ന് ചോദിച്ചാൽ കോവിഡിന് മുമ്പത്തേത് പോലെയുള്ള ഒരു സാമൂഹിക സാഹചര്യത്തിൽ ഇനിയും ജീവിക്കുക എന്നതാണ്.
എത്ര വലിയ സാധ്യതകളുടെയും സൗകര്യങ്ങളുടെയും ഇടയിലായിരുന്നു നാം ജീവിച്ചിരുന്നതെന്ന് ആലോചിക്കുന്നത്, ഇത്ര വലിയ നിയന്ത്രങ്ങൾക്കും ആശങ്കകൾക്കും ഒപ്പം സ്വയം ഒതുങ്ങി പരിമിതമായ ഒരു സാമൂഹ്യ ജീവിതം നയിച്ച് കൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ്.
നാം അനുഭവിച്ചിരുന്ന സ്വാതന്ത്ര്യം, നാം ആസ്വദിച്ചിരുന്ന സാമൂഹിക ജീവിതം, നമ്മെ പൊതിഞ്ഞ് നിന്നിരുന്ന ഒരു സുരക്ഷിത ബോധം ഇതൊക്കെ എത്രയും പെട്ടെന്ന് മടങ്ങി വരാൻ നമ്മൾ എല്ലാം ഒന്നിച്ച് ശ്രമിച്ചെ മതിയാകൂ. സർക്കാർ സംവിധാനങ്ങൾക്കൊപ്പം നിന്ന് ഈ മഹാമാരിയെ നമുക്ക് തുരത്താം, തുരത്തിക്കാം.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS