India

‘വാട്ട്സ് ഹാപ്പനിങ്ങ് ഹിയർ’ | അഷറഫ് മടിയാരി

രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം പാർലിമെന്റിൽ നടത്തിയ പ്രസംഗത്തിൽ പല തവണ ആവർത്തിച്ച ഒരു ചോദ്യമാണിത്. വാട്ടിസ് ഹാപ്പനിങ്ങ് ഹിയർ അതെ ഇവിടെ എന്താണ് നടന്നുകൊണ്ടിരിക്കുന്നത്.

ഇന്ത്യയുടെ മതേതരത്വവും അഖണ്ഡതയും നില നിന്നു കാണണം എന്നാഗ്രഹിക്കുന്നു പൊതു ജനങ്ങൾ ഏതാനും വർഷങ്ങളായി ചോദിച്ചു കൊണ്ടിരിക്കുന്ന ചോദ്യമാണിത്. അഭിനന്ദനങ്ങൾ രാഹുൽ ജീ.

ഇങ്ങിനെ സംസാരിക്കാൻ രാഹുൽ ഗാന്ധിയെപ്പോലെയുള്ള നേതാക്കൾക്കെ കഴിയുകയുള്ളൂ. പ്രസംഗത്തിൽ സൂചിപിച്ച ഒരു കാര്യം ഇവിടെ എടുത്തു പറയുകയാണ്. ഒരിക്കലും തമിഴ് നാട് ഭരിക്കാൻ ബി ജെ പിക്ക് കഴിയില്ല എന്ന് തറപ്പിച്ച പറഞ്ഞ രാഹുൽ ഗാന്ധിക്ക് കേരളത്തിലും ബി ജെ പി ക്ക് ഭരണം അടുത്ത കാലത്തൊന്നും സാധ്യമാവില്ല എന്ന് പറയാൻ കഴിയാതെ പോയത് തന്റെ അണികളിലുള്ള ആത്മവിശ്വാസക്കുറവ് കൊണ്ട് മാത്രമായിരിക്കണം. ഇത് തന്നെയായിരുന്നല്ലൊ കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടതിനെ തുടർന്ന് പാർട്ടി നേതൃത്വം ഒഴിഞ്ഞപ്പോഴും അദ്ദേഹം പറഞ്ഞത്.

ബി ജെ പി യെയും അവരുടെ നയങ്ങളെയും വിമർശിക്കാൻ രാഹുൽ ഗാന്ധി തന്നെ വേണമെന്നില്ല, ശശി തരൂരുമാർ മാത്രം മതി. മറിച്ച്‌ ബിജെപിക്ക് ബദലാക്കാൻ എന്ത് കൊണ്ട് കോൺഗ്രസ്സ് പാർട്ടിക്ക് കഴിയുന്നില്ല എന്നതിന്റെ കാരണമാണ് അദ്ദേഹം കണ്ടെത്താൻ ശ്രമിക്കേണ്ടത്. വളരെ ലളിതമായ ആർക്കും പറയാവുന്ന ഉത്തരങ്ങളിലൊന്ന് സ്വതന്ത്ര ഇന്ത്യയിൽ നെഹ്റു ഡൈനാസ്റ്റിയുടെ ചൊൽപടിക്ക് പാർട്ടിയെ നിർത്തിയത് കൊണ്ട് മാത്രമാണ് ഒരു രണ്ടാം നിര നേതാക്കൾ ഉണ്ടാകാതെ പോയത്. പാർട്ടി ദുർബലമായിപ്പോയതിന്റെ കാരണങ്ങളിലൊന്നും ഇത് തന്നെ.

പിൻ സീറ്റ് Driving എപ്പോഴും ഫലപ്രദമായി നടന്ന് കൊള്ളണമെന്നില്ല. 2004 ൽ മൻമോഹൻ സിങ്ങിനെ പ്രധാന മന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിക്കുന്നതിന് പകരം അദ്ദേഹത്തെ പ്രസിഡണ്ട് ആയും ഒരു പക്കാ രാഷ്ട്രീയക്കാരനായിരുന്ന പ്രണാബ് കുമാർ മുഖർജിയെ പ്രധാനമന്ത്രിയാക്കുകയും ചെയ്തിരുന്നുവെങ്കിൽ ഇന്ത്യാ രാജ്യത്തിനും വിശിഷ്യാ കോൺഗസ്റ്റ് പാർട്ടിക്കും ഇന്ന് ഈ കാണുന്ന ഗതികേട് ഉണ്ടാകുമായിരുന്നില്ല.

ഗാന്ധി കുടുംബത്തിലെ അംഗങ്ങൾ മാത്രമെ പാർട്ടിയുടെ തലപ്പത്ത് വരാൻ പാടുള്ളൂ എന്ന നിർബന്ധ ബുദ്ധി ഒന്ന് കൊണ്ട് മാത്രമാണ് ശരത് പവാർ, പി എ സാംഗ്മ, മമതാ ബാനർജി തുടങ്ങി, ലിസ്റ്റ് ഇനിയും നിളും, ഒട്ടനവധി തലയെടുപ്പും കഴിവും പ്രാപ്തിയുമുള്ള നേതാക്കളെ പാർട്ടിക്ക് നഷ്ടപ്പെടേണ്ടി വന്നത്.

പണ്ട് ആനപ്പുറത്തിരുന്ന തഴമ്പിനെ ഇപ്പോഴും ലാളിക്കുന്ന കോൺഗ്രസ് പാർട്ടിക്ക് രക്ഷപ്പെടേണമെങ്കിൽ ആദ്യം ചെയ്യേണ്ടത് പാർട്ടിയെ കഴിവുറ്റ നേതൃത്വത്തിന് കീഴിൽ കൊണ്ട് വരിക എന്നതാണ്. രാഹുൽ ഗാന്ധി കഴിവുള്ള നേതാവാണ് എന്ത് കൊണ്ട് അദ്ദേഹത്തിനിത് കഴിയുന്നില്ല ? തീർച്ചയായും രാഹുൽ ഗാന്ധി എന്തൊ ഭയക്കുന്നുണ്ട്.

പാർലമെന്റിലെ അദ്ദേഹത്തിന്റെ ശബ്ദം ലോകം മുഴുവൻ കേൾക്കും എന്നത് നേരാണ്, പക്ഷെ ശരിക്കും കേൾക്കേണ്ടത് ഉത്തർ പ്രദേശിലെയും മറ്റ് ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലേയും അവകാശങ്ങൾ നിഷേധിക്കപ്പെട്ട ദുരിതമനുഭവിക്കുന്ന ജനങ്ങളാണ്.

അതിന് പാർലമെൻറിൽ പ്രസംഗിച്ചത് കൊണ്ടൊ ട്വിറ്ററിൽ പ്രസ്ഥാവന നടത്തിയത് കൊണ്ടൊ മാത്രം പോര ഓരൊ സംസ്ഥാനത്തും ഓരൊ പ്രിയങ്ക ഗാന്ധിയെയെങ്കിലും ഉണ്ടാക്കിയെടുക്കുകയും ഇപ്പോഴും കോൺഗ്രസ്സിനൊപ്പം നിൽക്കുന്ന മുതിർന്ന നേതാക്കളെ വിശ്വാസത്തിലെടുക്കുകയും അവരുടെ നിർദേശങ്ങളും വിമർശനങ്ങളും സമചിത്തതയോട ഉൾക്കൊള്ളകയും ചെയ്യുകയാണ് വേണ്ടത്.

തനിക്ക് മുകളിൽ വേണ്ട തനിക്ക് താഴെയെങ്കിലും രണ്ടാം നിര നേതാക്കൾക്ക് വളർന്നു വരാനുള്ള സാഹചര്യമൊരുക്കി ചത്ത് കിടക്കുന്ന പാർട്ടിയെ പുനരുജ്ജീവിപ്പിക്കുകയാണ് ചെയ്യേണ്ടത്. അതിന് മമ്മൂട്ടി പറഞ്ഞത് പോലെ കുറച്ച് കൂടി സെൻസും സെൻസിബിലിറ്റിയും കൂടിയേ തീരൂ.

ബി ജെ പി വന്ന വഴി എല്ലാവർക്കും അറിയാവുന്നതാണ്. ഏറിയാൽ അടുത്ത അഞ്ച് വർഷങ്ങൾ കൂടി അപ്പൊഴെക്കും രാഹുൽ ഗാന്ധി പറഞ്ഞതിലും കൂടുതൽ ഇന്ത്യകൾ ഉണ്ടായിരിക്കും.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x