കെട്ടിയിട്ട എഴുത്തുകൾ | കെ. പി പുറ്റെക്കാട്
കൊറോണ കാലവും കല്യാണ കാലവും കഴിഞ്ഞ്, നാട്ടിലെ പെട്രിയാർക്കിയുടെ പിടിയിൽ നിന്നും കഴിച്ചിലാവാൻ വേണ്ടിയാണ് തിരിച്ച് ഡൽഹിയിലേക്ക് വണ്ടി കേറുന്നത്.
തിരിച്ചെത്തിയത് ഏറെ അപരിചിതമായൊരു ഡൽഹിയിലേക്കാണ്. ഇനിക്ക് ഡൽഹിയെന്നു പറഞ്ഞാൽ ജാമിഅഃയും അതിന്റെ ഇട്ടാവട്ടവും ആണെല്ലോ. കാക്കത്തൊള്ളായിരം ഗല്ലികളുടെ ജാമിയ നഗർ.
ഇന്റെ കാല്പനികതയുടെ പറുദീസ. ബാബയും ഇമാമിന്റെ മോനും ചേ-യും എല്ലാം ഉള്ള ഇന്റെ ദുനിയാവ്. തിരിച്ചു വരവിൽ ഗല്ലികൾക്കും ബട്ലാ ഹൗസിനും ഒന്നും ഒരു ജീവൻ ഇല്ലാത്ത പോലെ. ഇനിക്കൊരു ആത്മാവ് ഇല്ലാത്തപോലെയും.
ഇന്റെ ഓർമകളുടെ ഈ അണ്ഡകടാഹം ഇനിക്കൊരു തടവറയായി തോന്നി തുടങ്ങി. ഒരു ഭാഗത്ത്, അഡ്മിഷൻ ഒന്നും റെഡിയാവാതെ, ഒരു അഡ്രസ്സും ഇല്ലാത്ത ജീവിത യാഥാർഥ്യം ഇന്നെ നോക്കി കൊഞ്ഞളം കുത്തുന്നു.
മറുഭാഗത്താണ്, ഇനിക്ക് ഏറ്റവും വെല്യ നഷ്ടം സംഭവിച്ചിരിക്കുന്നത്. ഇന്റെ ബാബയെ കാണാനില്ല. തീവണ്ടി ഇറങ്ങി ഓട്ടോയിൽ റൂമിലേക്ക് വരുമ്പോ പ്രോക്ടർ ഓഫീസിന്റെ ഓരത്ത് കാണാൻ ഇന്റെ കണ്ണുകൾ കൊതിച്ചത് ബാബയെയാണ്. അസ്തമയ സൂര്യന്റെ ചെറുവെയിലിൽ പത്രവായനയിൽ മുഴുകി ഇരിക്കാറുള്ള ഇന്റെ ബാബയെ.
പക്ഷേ, അവിടെ എവിടെയും കണ്ടില്ല. തിരിഞ്ഞും മറിഞ്ഞും നോക്കിയെങ്കിലും കണ്ടില്ല. കാഴ്ച വറ്റുന്നത് വരെ നോക്കിയെങ്കിലും കണ്ടില്ല. “ബാബക്ക് കൊറോണയെ അതിജീവിക്കാൻ കഴിഞ്ഞില്ലെ?” യാ അല്ലാഹ്, അങ്ങനെയൊന്നുമുണ്ടാവാതിരിക്കട്ടെ. ആമീൻ… മനസ്സിലേക്ക് ആദ്യം പാഞ്ഞു വെരാ, ചീത്ത ചിന്തകൾ ആണെല്ലോ. ഇതുപോലത്തെ.
എങ്ങനെ ഇങ്ങനെ ചിന്തിക്കാൻ ഞമ്മക്ക് കഴിയുന്നു എന്നോർത്ത് ഒരിക്കല്ലെങ്കിലും സ്വയം കുറ്റപ്പെടുത്താത്ത, സ്വയം ലജ്ജ തോന്നാത്ത മനുഷ്യന്മാരുണ്ടോ..!
ബാബയെ കാണാത്തത് ഒരു വെല്യ സങ്കടമായി ഉള്ളിൽ കേറി കൂടി. ഒന്നിലും ഒരിതില്ല. ആ ശൂന്യത ദിവസം പോവും തോറും കൂടി കൂടി വന്നു. ബാബ തീർത്ത വിടവ്. കോറോണയിൽ നീണ്ടു പോവുന്ന പി എച്ച് ഡി സ്വപ്നം.
എല്ലാം കൂടെ യാഥാർഥ്യം കേറിവന്ന് ഇന്നെയൊരു വെല്യ കുണ്ടിലേക്ക് തള്ളിയിടുന്ന പോലെ. സമയം നീങ്ങുന്നില്ല. പുറത്തിറങ്ങാൻ പറ്റുന്നില്ല. ഒന്നും ചെയ്യാൻ തോന്നുന്നില്ല. ഉള്ളിലേക്ക് ചുരുങ്ങി. ആരോടും മിണ്ടാതെ. ഒന്നും വായിക്കാതെ. ഒന്നും എഴുതാതെ ദിവസങ്ങൾ കടന്നു പോയി.
ഇടക്ക് വൈകുന്നേരങ്ങളിൽ ജാമിഅഃയെക്ക് നടക്കും. ഗഫാർ മൻസിലിന്റെ ഉള്ളിലെ ഗല്ലികളിലൂടെ. ആരും കാണാതെ. പ്രോക്ടർ ഓഫീസിന്റെ അവിടേക്ക്. ബാബ വന്നൊന്നു നോക്കാനായി മാത്രം.
ദിവസങ്ങൾ ആഴ്ചകളായി. ആഴ്ചകൾ മാസങ്ങളായി. നാട്ടിന് വന്നിട്ടിപ്പോ ആറുമാസം കൈയാറായി. എന്നിട്ടും ബാബയെ മാത്രം കാണാനില്ല. തെരഞ്ഞു പോവാൻ ബാബയുടെ വീട് എവിടെന്നു ഇനിക്ക് അറിയൂല്ലല്ലോ. ആരോട് ചോദിക്കുമെന്നുമറിയൂല..
എന്നാലും അവസാനമായി ഒരു നോട്ടം തരാതെ ബാബ പോവുമോ? അല്ലെങ്കിൽ, കൊറോണ വന്ന് ബാബ തെരുവിൽ കെടന്ന് മരിച്ചു പോയി കാണുമോ? ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ജാമിഅഃയെന്ന മൂപ്പരെ ദുനിയാവിൽ നിന്നും ഇത്രയും ദിവസം മാറിനിൽക്കാൻ പറ്റുമോ?!
എന്തെങ്കിലും അവശേഷിപ്പിക്കാതെ ബാബക്ക് ജാമിഅ വിട്ട് പോവാൻ പറ്റുമോ? ഇനിക്ക് തോന്നുന്നില്ല. എന്തെങ്കിലും ഉണ്ടാവും. അതുറപ്പാണ്. മനസും അങ്ങനെ തന്നെ പറയുന്നു. ആർക്കറിയാം, എന്താണ് ബാബക്ക് സംഭവിച്ചതെന്ന്.
കൊറോണ വന്ന് ബാബ മരിക്കുന്നത് ഞാൻ ഇന്നലെ പുലർച്ചക്ക് സ്വപ്നം കണ്ടു. ചികിത്സ ലഭിക്കാതെ ശ്വാസം മുട്ടി മരിക്കുന്ന ബാബയുടെ മുഖം കണ്ടാണ് ഞാൻ ഞെട്ടി ഉണരുന്നത്. തൊണ്ട വരണ്ടിരിക്കുന്നു. വെള്ളം കുടിച്ച്. വുളു എടുത്ത് സുബഹി നിസ്കരിച്ച്, ബാബക്ക് ഒന്നും വെരുത്തല്ലെയെന്നു പടച്ചോനോട് ഉള്ള് പൊട്ടി പ്രാർത്ഥിച്ചു.
കളിക്കാൻ പോവാൻ തോന്നിയില്ല. കുറച്ചു ദിവസമായി തിരിക്കെ കിട്ടിയ ഉഷാറൊക്കെ പോയത് പോലെ. ചുണ്ട് എത്ര വെള്ളം കുടിച്ചിട്ടും വരണ്ട് തന്നെയിരിക്കുന്നു. വീണ്ടും കുറെ വെള്ളം കുടിച്ചു. ഉറക്ക് ശെരിക്കും മാറാതെ പോലെ തോന്നിയൊണ്ട് ഒന്നൂടെ കെടന്നു. കൊയങ്ങി ഒറങ്ങി.
പത്തുമണിക്ക് മുന്നേഎണീറ്റെങ്കിലും, മനസിനൊരു സമാധാനവും കിട്ടുന്നില്ല. ഉള്ളിലിരുന്നു മടുത്തപ്പോ വെറുതെ നടക്കാനിറങ്ങി. ചെവിട്ടിൽ ഇയർ ഫോൺ കുത്തി, ഊമ്പായിന്റെ ഗസലും കേട്ട് നടന്നു. ഒരു ഗല്ലിയിൽ നിന്ന് അടുത്ത ഗല്ലിയിലേക്ക്.
നൂർ നഗറിൽ വെച്ച് മുന്നി ഹൗസ് ടീമിനെ കണ്ടെങ്കിലും, അർഷിൽ നിന്നും ചായ കുടിക്കാൻ ഉള്ള നൗഷാദ് ഭായിന്റെ ക്ഷേണം നിരസിച്ചു കൊണ്ട് മുന്നോട്ട് നടന്നു. പന്നി കാടിന്റെ മതിലിനോട് ചേർന്ന്. പന്നികാടിനെ ഒരു വട്ടം ചുറ്റണം, റൂമിലേക്ക് കേറണം. അതായിരുന്നു പ്ലാൻ.
ജാമിഅഃന്റെ അവിടേക്ക് പോവാൻ തോന്നുന്നില്ല. ബാബ ഇല്ലാതെ ഒഴിഞ്ഞിരിക്കുന്ന ആ സ്ഥലം കാണാൻ തോന്നുന്നില്ല. ചെലപ്പോ വെളുപ്പിന് കണ്ട ദുഃസ്വപ്നം വീണ്ടും കേറിവെരും മനസ്സിക്ക്.
പോവേണ്ടെന്നു കരുതി, മെയിൻ റോഡിൽ നിന്നും ഗഫാർ മൻസിൽ റോഡിലേക്ക് തിരിഞ്ഞു.
വി സി ഓഫീസിന്റെ മതിലിനോട് ചേർന്നുള്ള ഫുട് പാത്തിൽ കേറി നടന്നു. ഗസലിന്റെ വരികളിലൂടെ സഞ്ചരിക്കുമ്പോ, പെട്ടെന്ന് കണ്ണ് പുറത്തുള്ളൊരു കാഴ്ചയിൽ പതിഞ്ഞു. വി സി ലോണിൽ നിന്നും റോഡിലേക്ക് വളർന്നു നിൽക്കുന്ന ബോഗൻവില്ലയുടെ കൊമ്പിൽ ഒരു കടലാസ് കഷ്ണം പൊതിഞ്ഞ നിലയിൽ കറുത്ത നൂലിൽ തൂങ്ങി കിടക്കുന്നു.
പുതിയൊരു സാധനം കണ്ട ആശ്ചര്യത്തിൽ ഞാൻ അത് പൊട്ടിച്ചെടുത്തു. ആവേശത്തിൽ പൊതി തുറന്ന് നോക്കിയപ്പോ, ഉള്ളിൽ ഫുള്ളും അറബിയിലോ ഉറുദുല്ലോ എന്തൊക്കൊ എഴുതിയിരിക്കുന്നു. വൃത്തിയായിട്ടേല്ല. കുത്തിക്കുറിച്ചാണ് ഇട്ടിരിക്കുന്നത്.
രണ്ട് ഭാഷയും നല്ലം പോലെ എഴുതിയാൽ പോലും തിരിയാത്തൊണ്ട്, ഞാൻ ആ കുറിപ്പ് പോക്കറ്റിലേക്ക് വെച്ചു. കുറച്ചൂടെ മുന്നിലേക്ക് നടന്നപ്പോ വീണ്ടും ഒന്ന് രണ്ട് കെട്ടിയിട്ട എഴുത്തുകൾ കൂടെ കണ്ണിൽ പെട്ടു. നൂല് വലിച്ച് പൊട്ടിച്ച് എഴുത്ത് കീശയിലേക്ക് ഇട്ടു.
വേഗം റിയാസ്കനെ പോയി കാണണം. മൂപ്പർക്ക് അറിയാത്ത ഭാഷയുണ്ടോ?! എന്തായാലും മൂപ്പർക്ക് തിരിയും. ഫിറോഷാ കോട്ല്ലയിലെ ജിന്നിന്റെ പള്ളിയിൽ പോയി ജിന്നിന് മനുഷ്യന്മാർ എഴുതുന്ന കത്തുകൾ വായിച്ചിട്ടുള്ള ആളാണ്.
അത് കൊണ്ട് തന്നെ ഇത് കാണിച്ചു കൊടുത്തിട്ട്, വായിപ്പിക്കാൻ ഇനിക്ക് മൂപ്പര് തന്നെയെല്ലേയുള്ളൂ. തിരിച്ച് നൂർ നഗറിലേക്ക് നടന്നു. റിയാസ്കനെ കണ്ടു. എഴുത്ത് കയ്യിൽ കൊടുത്തപ്പോ മൂപ്പർക്കും അധികം ഒന്നും തിരിഞ്ഞില്ല. പക്ഷേ, പറഞ്ഞു കേട്ടപ്പോ മൂപ്പർക്കും ആവേശമായി.
അപ്പൊത്തന്നെ ഞങ്ങൾ രണ്ടാളും, ആരിഫിന്റെ സൈക്കിൾ എടുത്ത് കെട്ടിയിട്ട എഴുത്തുകൾ കണ്ടെത്തിയ സ്ഥലത്തേക്ക് ആഞ്ഞു ചവിട്ടി. ജാമിഅഃന്റെ ഗഫാർ മൻസിൽ ഭാഗത്തേക്കുള്ള മതിലിന്റെ അടുത്ത് സൈക്കിൾ നിർത്തി. റിയസ്ക്ക സൈക്കിൾ പിടിച്ച് പതുക്കെ നടന്നു. ഞാൻ കെട്ടിയിട്ട എഴുത്തുക്കൾക്കായി മുക്കുംമൂലയും തിരഞ്ഞു. പതുക്കെ ഓരോ മരക്കൊമ്പും സൂക്ഷിച്ചു നോക്കി മുന്നോട്ട് നടന്നു.
ഒന്നെല്ല, ഒരായിരം എഴുതുകളാണ് നൂലിൽ ബന്ധിപ്പിച്ച രീതിയിൽ ഇനിക്ക് കണ്ടെത്താൻ പറ്റിയത്. ഓരോന്നും വലിച്ച് പൊട്ടിച്ച് ഞമ്മള് മുന്നോട്ട് നടന്നു. നേരത്തെ നടന്നപ്പോ ഇത്രയേറെ എഴുത്തുകൾ എന്തേ ഇന്റെ കണ്ണിൽ പെട്ടില്ല..!
എഴുത്തുകൾ കൊണ്ട് ഇന്റെ കീശ നെറഞ്ഞു. ഒരെണ്ണം പോലും വിട്ടുപോവാതെ എല്ലാം ഞാൻ പൊട്ടിച്ചെടുത്തു. വല്ലാത്ത ഭാരം. കെട്ടിയിട്ട എഴുത്തുകൾക്ക് എന്താണിത്ര ഭാരം?! റിയാസ്കന്റെ പോക്കറ്റിൽ ഇടാൻ കൊറച്ച് എഴുത്തുകൾ കൊടുക്കാൻ വേണ്ടി തിരിഞ്ഞു നോക്കിയപ്പോ, മൂപ്പരെ കാണുന്നില്ല. എവിടെ പോയി പറയാതെ? പറയാതെ പോവാത്തതാണെല്ലോ. പിന്നെന്തേ?!
എഴുത്തുകൾ താങ്ങിയെനിക്ക് ഒരടി മുന്നോട്ട് നടക്കാൻ പറ്റാത്തത്ര കനം. തളർന്നിരുന്നു. ആ വഴിയരിക്കിൽ ഞാൻ കൊയങ്ങി വീണു. പാതി ബോധത്തിൽ ആഴ്ന്നപ്പോ ബാബ വന്ന് എണീപ്പിച്ചു. ബാബ ഇന്നോട് നടക്കാൻ പറഞ്ഞു.
ഞാൻ മൂപ്പരെ പിന്നിൽ അനുസരണയുള്ള കുട്ടിയെ പോലെ നടന്നു. ഒരുപാട് ദൂരം ഞമ്മള് നടന്നു. ഹാജി കോളനിയും കഴിഞ്ഞ് ഞമ്മള് സുഖ്ദേവ് വിഹാർ കഴിഞ്ഞ് വളഞ്ഞ് വീണ്ടും ജാമിഅയിലേക്ക്. എഞ്ചിനീയറിംഗ് ന്റെ ഗേറ്റ് തൊട്ട് ഫുള്ളും കെട്ടിയിട്ട എഴുത്തുകൾ. ആത്മഹത്യ ചെയ്ത ആളെപ്പോലെ തൂങ്ങി കിടക്കുന്നു.
പല നിറത്തിലുള്ള ഒരായിരം എഴുത്തുകൾ. ഓരോന്നും പറിച്ച് പറിച്ച് ഞമ്മള് മുന്നോട്ട് നടന്നു.
ജാമിഅഃയുടെ ഓരോ മതിലിമിലും ഈ എഴുതുകളാണ്. കൊറെയേറെ എഴുത്തുകൾ. ഓരോന്നും ഞാൻ ആവേശത്തിൽ പറിച്ച് കീശ നിറക്കുമ്പോ ബാബ ചിരിക്കുന്നു.
അവസാനം, എല്ലാ എഴുത്തും ശേഖരിച്ചെന്നു ഒറപ്പ് വെരുത്തി ഞാനും ബാബയും ബട്ലാ ഹൗസിലെ ഖബ്ർസ്താനിലേക്ക് കേറി. അവിടെ ഒരു ഒഴിഞ്ഞ സ്ഥലത്ത് വെച്ച് ഞാൻ കീശ കൊടഞ്ഞു. കുന്നിന്റെ എത്ര ഉയരത്തിൽ നെറച്ചും കെട്ടിയിട്ട എഴുത്തുകൾ.
ബാബ ഓരോരോന്ന് എടുത്ത് വായിച്ചു തന്നു.
പ്രതിഷേധത്തിന്റെ കവിതകൾ ആയിരുന്നു അതെല്ലാം.
മതം നോക്കി ദേശീയത നിർണ്ണയിക്കാൻ വന്നവർക്ക് നേരെ ബാബ ഓരോ എഴുത്തിലും നിറയോയിച്ചു. ജാമിഅഃയിൽ കേറി ലൈബ്രറിയിൽ വായിച്ചുകൊണ്ടിരിക്കുന്ന മൂപ്പരെ കുട്ടികളെ തല്ലിയവരെ ബാബ എത്ര വട്ടം വരികൾ കൊണ്ട് തിരിച്ചു തല്ലി.
കൂട്ട് നിന്ന വി സിക്കും പരിവാരങ്ങൾക്കും നേരെ ബാബ ശാപവാക്കുകൾ ചൊരിഞ്ഞു. രണ്ട് മൂന്ന് എഴുത്തുകൾ മൂപ്പര് വായിച്ചു തന്നപ്പോയെനിക്ക്, ഒറ്റക്ക് വായിക്കാനുള്ള ആവത് വന്നു.
ഞാൻ ആവേശത്തോടെ ഓരോ എഴുത്തും പൊട്ടിച്ച് വായിച്ചു. വിപ്ലവം തുള്ളുമ്പുന്ന വരികൾ. പ്രതിഷേധത്തിന്റെ, പ്രതിരോധത്തിന്റെ ഈരടികൾ. അധികാരത്തിൽ അഹങ്കരിച്ച ഫിറോൻമാർക്കുള്ള താകീത്. അങ്ങനെ എന്തെല്ലാം.
ബാബയെ കെട്ടിപിടിച്ച് ഒരുമ്മ കൊടുത്തു. ഇന്റെ ബാബയൊരു മരണമില്ലാത്ത കവിയായി മാറിയിരിക്കുന്നു. കെട്ട് പൊട്ടിച്ചുള്ള ഈ വായന ഒരുപാട് നേരം നീണ്ടു. ബാബ ആരോ കൊത്തിവെച്ച ഒരു ഖബറിൽ കേറി കെടന്നുറങ്ങിയിരുന്നു. ഓരോന്നും വായിച്ച് മനപാഠമാക്കിയെന്ന് തോന്നിയപ്പോ ഞാൻ ബട്ലാ ഹൗസിൽ പോയി കൊറേ നൂല് വാങ്ങി കൊണ്ട് വന്നു.
ഓരോ കെട്ടിയിട്ട എഴുത്തും ഞാൻ തുറന്നിട്ട എഴുതുകളാക്കി നൂലിൽ കോർത്തു. ക്ഷീണം അറിയുന്നില്ലെനിക്ക്. ദാഹവും തോന്നുന്നില്ല. ബാബയെ കണ്ടല്ലോ. എഴുത്തുകൾ വായിച്ചെല്ലോ. അത് മതി. അതിലും വെല്യ വേറെന്തു സന്തോഷം ഈ ദുനിയാവിൽ.
ഓരോ എഴുത്തും തുറന്ന് നൂലിൽ കോർത്തെന്നു ഒറപ്പ് വെരുത്തി ഞാൻ എല്ലാം പൊറുക്കി ചക്കിലാക്കി എണീറ്റു. ജാമിഅഃയുടെ നേരെ നടന്നു. നേരം പുലരും മുന്നേ. സുബഹി ബാങ്ക് കൊടുക്കും മുന്നേ ഞാൻ എല്ലാ എഴുതുകളും ജാമിഅഃയുടെ ഓരോ മതിലിമിലും കെട്ടി തൂക്കി.
പ്രതിഷേധത്തിന്റെ തീയിൽ ബാബയുടെ വരികൾ കെടന്നു കത്തി. ആ തീ ചുറ്റുമുള്ള പ്രദേശങ്ങളിലേക്ക് കത്തിപിടിച്ചു.
അധികാരത്തിന്റെ നൂറ് സിംഹാസനങ്ങൾ വെന്തെരിഞ്ഞു. ബാബയുടെ കവിതകൾ ചൊല്ലി കർഷകർ അധികാര കളകൾ കൊഴിത്തെറിഞ്ഞു . അടിച്ചർത്തപ്പെട്ടവരുടെ ഒച്ച ഉച്ചത്തിൽ മുയങ്ങി. ദേശാത്തിർത്തികൾ പൊളിഞ്ഞു വീണു. ബാബ തെളിച്ച ഇഷ്‌ഖിന്റെ നൂർ ദുനിയാവ് ആകെ നെറഞ്ഞു.
ഇന്ന് രാവിലെ സുബ്ഹിക്ക് എണീറ്റ് ബട്ലാ ഹൗസിലെ ഖബ്ർസ്ഥാനിൽ പോയി നോക്കി. ഇന്നലെ രാത്രി ബാബ കെടന്ന ഖബറിൽ ആരോ മണ്ണ് വാരിയിട്ട് മൂടിയിരിക്കുന്നു. ഒരു ചുവന്ന റോസാ പൂവ് ബാബയുടെ തല ഇരുന്ന ഭാഗത്ത് വിടർന്നു നിൽക്കുന്നു…
മൂപ്പരെ പ്രണയം പോലെ അതും ചോന്ന് തുടുത്ത് നിൽക്കുന്നു. ജാമിഅഃ പൂട്ടിയിട്ട് തന്നെ കിടക്കുന്നു. ലൈബ്രറിയിലെ പുസ്‌തകങ്ങൾ കെട്ടിയിട്ട എഴുത്തുക്കളെ പോലെയിരുന്നു വെറുതെയിരുന്ന് ചിതൽ അരിക്കുന്നു.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS
Great story