കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ കിട്ടുന്ന വാട്ട്സ് ആപ്പ് സംശയം ആണിത്. കുറേ പേര് സ്വയം ആൻ്റിബയോട്ടിക്കുകൾ വാങ്ങി കഴിക്കുന്നു. ചിലർ ആൻ്റി വൈറൽ മരുന്നിന് വേണ്ടി പരക്കം പായുന്നു.
അൽപ്പ നാൾ മുൻപ് വരെ, ആവി പിടുത്തം, നാട്ടുവൈദ്യങ്ങൾ പോലുള്ള ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത വിദ്യകളായിരുന്നു വ്യാജ സന്ദേശങ്ങളായി പ്രചരിച്ചിരുന്നതെങ്കിൽ നിലവിൽ മോഡേൺ മെഡിസിൻ മരുന്നുകളുടെ യുക്തിരഹിതവും അശാസ്ത്രീയവുമായ പ്രയോഗവും സ്വയം ചികിത്സാ നിർദ്ദേശങ്ങളുമാണ് സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചരിക്കുന്നത്. രണ്ടും അനഭലഷണീയ പ്രവണതകളാണ്.
ശരിക്കും കോവിഡ് വന്നാൽ എന്തു മരുന്നാണ് കഴിക്കേണ്ടത്?
എല്ലാവർക്കും അറിയുന്ന പോലെ ബഹു ഭൂരിപക്ഷം കോവിഡ് അണുബാധകളും ചെറിയ ചെറിയ ലക്ഷണങ്ങളോടെ കടന്നു പോകും. പനി, തൊണ്ട വേദന, വരണ്ട ചുമ, ശരീര വേദന, ക്ഷീണം, മണം / രുചി ഇല്ലായ്മ, വയറിളക്കം എന്നീ ലക്ഷണങ്ങൾ ആണ് 95% രോഗികളും കാണിക്കുക. ഇവർക്ക് ലക്ഷണങ്ങൾക്കനുശ്രുതമായി മരുന്നായി ആകെ വേണ്ടത് പാരസെറ്റമോൾ മാത്രം ആയിരിക്കും. ചില സന്ദർഭങ്ങളിൽ മാത്രം മറ്റു ചില മരുന്നും. ഉദാ: ചുമ അധികം ഉണ്ടെങ്കിൽ സെട്രിസിൻ പോലത്തെ അലർജിക്കെതിരായ ഗുളികകളോ അവ അടങ്ങിയ ചുമ മരുന്നോ നിർദ്ദേശിക്കപ്പെട്ടേക്കാം. കൂടെ അവശ്യം വേണ്ടത് നല്ല വിശ്രമം, നന്നായി വെള്ളം കുടി, നല്ല ഭക്ഷണം. ഇത്രയേ ആവശ്യമുള്ളൂ.
അപ്പോൾ അസിത്രോമൈസിൻ?
അസിത്രോമൈസിൻ വളരെ വിലപ്പെട്ട ഒരു ആൻ്റിബയോട്ടിക് ആണ്. ചില ബാക്ടീരിയകളെ നശിപ്പിക്കാൻ ഈ മരുന്നു തന്നെ വേണം. പക്ഷേ കോവിഡ് വൈറസിനെ അസിത്രോമൈസിൻ നശിപ്പിക്കില്ല. കോവിഡ് അണുബാധയിൽ നടത്തിയ പഠനങ്ങളിൽ എല്ലാം തന്നെ ഈ ആൻ്റിബയോട്ടിക് കൊണ്ട് ഗുണം ഉണ്ടാവില്ല എന്നാണ് കണ്ടത്. അതുകൊണ്ട് പനിയും ചുമയും തുടങ്ങുമ്പോഴേക്കും അസിത്രോമൈസിൻ വാങ്ങി കഴിച്ചു തുടങ്ങേണ്ട. കോവിഡിനോടൊപ്പം ബാക്ടീരിയൽ രോഗബാധ സംശയിക്കുന്ന ഘട്ടത്തിൽ ചികിത്സകർ നിർദ്ദേശിച്ചാൽ മാത്രമേ അത് കഴിക്കേണ്ടതുള്ളൂ. ദുരുപയോഗം ഭാവിയിൽ ആൻ്റിബയോട്ടിക്കുകൾക്കെതിരേ പ്രതിരോധ ശക്തി വികസിപ്പിക്കാൻ ബാക്ടീരിയകളെ സഹായിക്കുകയേ ഉള്ളൂ.
ഹൈഡ്രോക്സി ക്ലോറോ ക്വിൻ ?
കോവിഡിന്റെ തുടക്കകാലങ്ങളിൽ ഉപയോഗിച്ചിരുന്നെങ്കിലും പഠനങ്ങളെ അതിജീവിക്കാൻ ഈ മരുന്നിനും കഴിഞ്ഞിട്ടില്ല. ഇന്ന് കോവിഡ് ചികിൽസയിൽ ഹൈഡ്രോക്സി ക്ലോറോക്വിന് ഒരു റോളും ഇല്ല.
ഐവർമെക്റ്റിൻ
ഒറ്റപ്പെട്ട ചില പഠനങ്ങളിൽ ഗുണമുണ്ടാകാം എന്ന് കണ്ടിട്ടുണ്ട്. ഇന്ത്യയിൽ ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ദില്ലിയുടേയും കേരള സർക്കാറിന്റേയും ഗൈഡ്ലൈനുകളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. എന്നാൽ WHO, CDC തുടങ്ങിയ അന്തർദേശീയ ഗ്രൂപ്പുകളൊന്നും അംഗീകരിച്ചിട്ടില്ല. വളരെ ചെറിയ ലക്ഷണങ്ങൾക്കു വേണ്ടി കോവിഡ് ടെസ്റ്റ് പോസിറ്റീവാകുന്ന എല്ലാവരും ഐവർമെക്റ്റിൻ കഴിക്കുന്നത് നല്ല പ്രവണതയാവില്ല.
ഫാവിപിറാവിർ
തുടക്കകാലങ്ങളിൽ വളരെ പ്രതീക്ഷ ഉണ്ടായിരുന്ന ഒരു ആന്റി വൈറൽ മരുന്ന്. കോവിഡ് രോഗികളിൽ നടത്തിയ പഠനങ്ങളിലൊന്നും വലിയ ഗുണം കണ്ടെത്താൻ കഴിയാത്തതിനാൽ അന്തർദേശീയ തലത്തിലുള്ള ഗൈഡ് ലൈനുകളിൽ നിന്ന് പുറത്തായി. കേരള സർക്കാർ ഗൈഡ് ലൈനിൽ മോഡറേറ്റ് ഗണത്തിൽ വരുന്ന രോഗികൾക്ക് നൽകാവുന്നതായി പറയുന്നു. മോഡറേറ്റ് എന്നു പറയുമ്പോൾ ശ്വാസം മുട്ട് അനുഭവപ്പെടുക, ഓക്സിജന്റെ അളവ് കുറയുക തുടങ്ങിയ ഉണ്ടെങ്കിൽ മാത്രം. ഒത്തിരി ഗുളികകൾ ഒന്നിച്ചു കഴിക്കണമെന്നതും, വിലക്കൂടുതലുമാണ് മറ്റു നെഗറ്റീവ് കാര്യങ്ങൾ .
റെംഡെസിവിർ
കോവിഡ് കാലത്ത് ഏറ്റവും കൂടുതൽ ചർച്ച നടക്കുന്ന ആന്റി വൈറൽ മരുന്ന്. ലഭ്യത ഇല്ലായ്മയെ കുറിച്ചും കരിഞ്ചന്തയിൽ വിൽക്കുന്നതിനെ കുറിച്ചുമൊക്കെ നിരവധി വാർത്തകൾ കേൾക്കുന്നു. സ്വന്തക്കാർക്ക് കോവിഡ് വന്നവർ ഈ മരുന്നിനായി ഓടി നടക്കുന്നു. അത്രയ്ക്കൊരു ജീവൻ രക്ഷാ മരുന്നാണോ റെംഡെസിവിർ?
തുടക്കകാലത്ത് ശാസ്ത്ര ലോകം പ്രതീക്ഷ വെച്ച പോലെ ട്രയലുകളിൽ ഗുണം പ്രകടിപ്പിക്കാൻ റെംഡെസിവിറിന് കഴിഞ്ഞിട്ടില്ല. പല വലിയ പരീക്ഷണങ്ങളിലും ഈ വിലകൂടിയ മരുന്ന് പരാജയപ്പെട്ടു. ഒടുവിൽ ചില പ്രത്യേക ഗണത്തിൽ പെട്ട രോഗികൾക്ക് കൊടുത്താൽ ഗുണമുണ്ടായേക്കാം എന്നാണ് അനുമാനം. ശ്വാസതടസ്സം അനുഭവപ്പെടുന്ന, ഓക്സിജൻ അളവു കുറവുള്ള എന്നാൽ വെന്റിലേറ്റർ സഹായമില്ലാതെ നിലനിൽക്കാൻ കഴിയുന്ന രോഗികൾക്ക് രോഗം വന്ന് ആദ്യത്തെ ആഴ്ച്ച റെംഡെസിവിർ കൊടുത്താൽ ഗുണമുണ്ടാകാം എന്നാണ് പ്രതീക്ഷ. അതിനാൽ കോവിഡ് സ്ഥിരീകരിക്കുമ്പോൾ തന്നെ റെംഡെസിവിറിനു വേണ്ടി തിരഞ്ഞു നടക്കേണ്ട ആവശ്യം ഇല്ല. ഈ മരുന്ന് ലഭ്യമല്ല എന്നോർത്ത് സങ്കടപ്പെടേണ്ട കാര്യവും ഇല്ല.
വിറ്റാമിൻ സി, സിൻക്, കാൽസ്യം
ഇവക്കൊന്നും കോവിഡ് വൈറസിനെ നേരിട്ട് തുരത്താനുള്ള കഴിവില്ല. അതുകൊണ്ട് ഇവ കഴിക്കണമെന്ന് നിർബന്ധമില്ല. അസുഖമുള്ള ദിവസങ്ങളിൽ ഇവ കഴിക്കുന്നതു കൊണ്ട് ശരീരത്തിന് കേടുണ്ടാകാനും സാദ്ധ്യതയില്ല. സമീകൃതാഹാരം, പഴങ്ങൾ, പച്ചക്കറികൾ, വെള്ളം ഇവക്കു പകരമാവില്ല വിറ്റാമിൻ ഗുളികകൾ എന്നു മാത്രം ഓർക്കണം.
കോവിഡിൽ ഗുണം ഉണ്ടെന്ന് തെളിവുള്ള മരുന്നുകൾ ഏതൊക്കെ ആണ്?
വൈറസിനെ ലക്ഷ്യമാക്കി അവയെ നശിപ്പിക്കൽ മാത്രമല്ല ചികിത്സയുടെ ലക്ഷ്യം.
വൈറസ് ബാധ ശരീരത്തിൽ വിവിധ അവയവങ്ങളിൽ ഉണ്ടാക്കുന്ന ആഘാതങ്ങൾ വിലയിരുത്തുകയും, ഉചിതമായ ചികിത്സാ നടപടികളിലൂടെ അതിനെ പരിഹരിക്കലുമാണ് പ്രധാനം.
അത് Heparin ആകാം , Oxygen therapy ആകാം , ആഘാതം കുറക്കാൻ ഉചിതമായ സമയത്ത് steroids ഉപയോഗിക്കുന്നതാവാം, വളരെ ഗുരുതരമാകുന്ന അവസ്ഥയിൽ ജീവൻ രക്ഷാ നടപടികളാവാം.
മൂന്ന് ചികിത്സാ രീതികൾ ആണ് കോവിഡിൻ്റെ കാര്യത്തിൽ കാലത്തേയും പരീക്ഷണങ്ങളേയും അതിജീവിച്ചത്.
- സ്റ്റിറോയ്ഡ്
ഗുരുതര ലക്ഷണങ്ങൾ ഉള്ള കോവിഡിൽ നിർബന്ധമായും കൊടുക്കേണ്ട മരുന്ന്. ശ്വാസം മുട്ടും ഓക്സിജൻ അളവിൻ്റെ കുറവും ഉണ്ടെങ്കിൽ സ്റ്റിറോയ്ഡ് നൽകി തുടങ്ങുന്നു. എല്ലാ ദേശീയ അന്തർ ദേശീയ ഗൈഡ് ലൈനുകളിലും ഉൾപ്പെടുത്തിയിരിക്കുന്നു. - ഹെപാരിൻ
കോവിഡ് സങ്കീർണതകളുടെ ഒരു പ്രധാന കാരണം രക്തം കട്ട പിടിക്കാനുള്ള സാഹചര്യം ഉണ്ടാക്കുന്നതാണെന്ന കണ്ടെത്തലിൽ നിന്നും ഉരുത്തിരിഞ്ഞു വന്ന ചികിത്സ. ഗുരുതര ലക്ഷണങ്ങൾ ഉള്ള കോവിഡിൽ ഉൾപ്പെടുത്തിയിരിക്കുന്നു. മരുന്ന് പരീക്ഷണങ്ങളിൽ ഗുണപ്രദമാണെന്നു തെളിഞ്ഞതാണ്.
- ഓക്സിജൻ തെറാപ്പി
കോവിഡ് രോഗത്തിൻ്റെ ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്ന് ശരീരത്തിൽ ഓക്സിജൻ നില നിർത്താൻ പറ്റാതെ പോകുന്നതാണെന്നു അറിയാമല്ലോ. അതുകൊണ്ട് തന്നെ പല തരത്തിലുള്ള ഓക്സിജൻ ചികിത്സയിലൂടെ അളവ് നില നിർത്താൻ ശ്രമിക്കുക എന്നതാണ് കോവിഡ് ചികിത്സയിലെ ഏറ്റവും പ്രധാന ഭാഗം. ഇതും കോവിഡ് വന്നവരിൽ ആകെ ഒരു ശതമാനത്തിൽ താഴെ മാത്രമേ വേണ്ടി വരൂ എന്നോർക്കണം.
ഫോട്ടോ ആയി പ്രചരിക്കുന്ന ചില കുറിപ്പടികൾ പ്രകാരം ജനങ്ങൾ മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്ന് വാങ്ങി കഴിക്കുന്നത് ഗുണം ചെയ്യണമെന്നില്ല എന്ന് മാത്രമല്ല ദോഷകമാവുകയും ചെയ്യാം. ഉദാഹരണത്തിന് അസിത്രോമൈസിൻ, ഡോക്സിസൈക്ളിൻ കാൽസ്യം ഇവയൊക്കെ ഒരുമിച്ച് കഴിക്കുമ്പോൾ വയറിൽ കടുത്ത അസ്വസ്ഥത ഉണ്ടാവാം.
നിങ്ങൾ ചെയേണ്ടതും ചെയ്യരുതാത്തതും എന്തൊക്കെ ?
ആധികാരിക ഉറവിടങ്ങളിൽ നിന്നുള്ള നിർദ്ദേശങ്ങൾ മാത്രം അനുസരിക്കുക.
സംശയ നിവാരണത്തിനായി ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ പ്രവർത്തകരുടെയും സഹായം തേടുക.
DISHA, തദ്ദേശീയ ആരോഗ്യ പ്രവർത്തകർ എന്നിവരുമായി നിങ്ങളുടെ ആശങ്കകൾ പങ്കു വെച്ച് പരിഹാരം കാണാൻ ശ്രമിക്കുക.
ഉറവിടമില്ലാത്ത, ആധികാരികമെന്ന് ഉറപ്പു വരുത്താത്ത ഒരു സന്ദേശവും വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യാതിരിക്കുക.
ഗൃഹചികിത്സയിൽ കഴിയുന്നവരും, മറ്റു രോഗാവസ്ഥകൾ ഉള്ളവരും സൗജന്യമായി ടെലി മെഡിസിൻ കൺസൾട്ടേഷനായി സർക്കാരിന്റെ ഇ-സഞ്ജീവനി പോർട്ടലിനെ ആശ്രയിക്കണം. നിലവിൽ ഒട്ടുമിക്ക സ്വകാര്യ ആശുപത്രികളിലും ടെലി മെഡിസിൻ സൗകര്യങ്ങൾ ഉണ്ട്. ഫീസ് നൽകി അതും പ്രയോജനപ്പെടുത്താവുന്നതാണ്.
ഇത്തരുണത്തിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരും ശാസ്ത്രീയമായ / യുക്തിസഹമായ ചികിത്സ തങ്ങളുടെ രോഗികൾക്ക് കിട്ടുന്നുവെന്ന് ഉറപ്പാക്കണം.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS