Art & LiteratureFeature

കല അധ്വാനത്തിലൂടെ വികസിപ്പിച്ചെടുത്ത ജീവനോപാധിയാണ്; ന്യായമായ പ്രതിഫലം നൽകുക

പ്രിൻസ് പായികാട്ട്

“കല ഒരു ദൈവാനുഗ്രഹമാണ്.
നാളെ നമ്മുടെ കൈ തളർന്നു പോയാൽ തീർന്നു.
എഴുത്ത് പറഞ്ഞു കൊടുത്ത് എഴുതിക്കാം.!
നാവ് തളർന്നാൽ അതും തീർന്നു.
ഒറ്റ ദിവസത്തെ കടുത്ത പ്രഷർ മതി … നമ്മെ നമ്മളല്ലാതാക്കാൻ.

പിന്നെ ! ചെയ്യുന്ന എല്ലാ പ്രവർത്തിയിലും പ്രതിഫലം മോഹിക്കുന്ന പ്രവണത ഒരിക്കലും നമുക്ക് സ്വസ്തത തരില്ല. നമ്മുടെ സുഹൃത്തുക്കളിൽ നിന്നു മാത്രമല്ല കുടുംബത്തിൽ പോലും നമ്മൾ ഒറ്റപ്പെട്ടു പോകും. അതിനർത്ഥം നമ്മുടെ വ്യക്തിത്വത്തിന്റെ ആത്മാവ് നഷ്ടപെടുക എന്നതാണ്.

What good is it if the whole world is gained and the soul is lost?”

ഓസിന് വരയ്ക്കില്ല എന്നു പറഞ്ഞതിന് ഒരു ‘ആവശ്യക്കാരൻ ആസ്വാദകൻ’ പ്രാകിയ പ്രാക്കാണ് മുകളിൽ ഉള്ളത്.

അദ്ദേഹത്തോട് വ്യക്തിപരമായ ദേഷ്യമോ വൈരാഗ്യമോ എനിക്കില്ല. ഇതിപ്പോൾ പങ്കുവെയ്ക്കുന്നത് ഇതേ മനോഭാവമുള്ള മറ്റനേകം ‘ആവശ്യക്കാർക്ക്’ ഉപകാരപ്പെടും എന്നുമാത്രം കരുതിയാണ്.

ദൈവവും രോഗവും സുഹൃത്ബന്ധവും കുടുംബവും ആത്മാവും ബൈബിൾ വചനങ്ങളും പിന്നൊരു “പിന്നെ?!” യും ഒക്കെച്ചേർന്ന് അവിയലായതുകൊണ്ട് സംഗതിയെ വിഘടിപ്പിച്ച്, തരം തിരിച്ചു മറുപടി പറയേണ്ടതുണ്ട്.

1. “കല ഒരു ദൈവാനുഗ്രഹമാണ്.” അല്ല. കല, മറ്റേതിനേയും പോലെ, അഭ്യസിച്ചു വളർത്തിയെടുക്കുന്ന ഒരു കഴിവാണ്. ഏതൊരാൾക്കും, വീണ്ടും പറയുന്നു, ഏതൊരാൾക്കും, പരിശീലിക്കാവുന്ന, വികസിപ്പിച്ചെടുക്കാനാവുന്ന ഒന്നാണ് കല.

അതൊരു ജീവനോപാധിയും കൂടിയാണ്. കല ദൈവാനുഗ്രഹം എന്നു പറയുന്നതിൽ അപാരമായ കുടിലതയുണ്ട്. തനിക്ക് ചിലവില്ലാതെ ദാനമായി കിട്ടിയതിന് താനും കൂലി ചോദിക്കരുത് എന്നതാണ് അത്. അഥവാ ചോദിച്ചാൽ ദൈവശിക്ഷ കിട്ടും.

മറ്റൊരുവൻ തരുന്ന പിച്ചയാണ് കലാസൃഷ്ടിക്കുള്ള വില എന്ന ന്യായമാണ് അത് മുന്നോട്ടുവെക്കുന്നത്.

വലിയ കലാകാരന്മാർ ‘ഒക്കെയും ദൈവാനുഗ്രഹം, എല്ലാം ഈശ്വരകൃപ, ജഗദീശ്വരന് നന്ദി’ എന്നൊക്കെപ്പറയുമ്പോൾ അവനവന്റെ പ്രയത്നത്തെയും അന്വേഷണത്തെയും മാത്രമല്ല തള്ളിപ്പറയുന്നത്. വളർന്നുവരുന്ന കലാകാരന്മാരെ, ദൈവാനുഗ്രഹത്തിന് പ്രതിഫലം ഇച്ഛിക്കരുത് എന്ന ഈ കുടിലതന്ത്രത്തിലേക്ക് തള്ളിവിടുകയും അതുവഴി ക്രമേണ മത്സരമില്ലാത്ത സർവ്വാധിപത്യം നേടിയെടുക്കുകയുമാണ് അവർ ചെയ്യുന്നത്.

കലയിൽ നിന്ന് അതിജീവനം സാധ്യമല്ലാതെ വരുമ്പോൾ കലാവിദ്യാർത്ഥികൾ അത് പാതിവഴിയിൽ ഉപേക്ഷിക്കുകയും മറ്റു ജോലികളിലേക്ക് തിരിഞ്ഞു പോവുകയും ചെയ്യും.

ആവശ്യക്കാരൻ മനസ്സിലാക്കേണ്ടതെന്തെന്നാൽ, ഏതൊരു കലാ അഭ്യസനവും ഏറെ ചിലവുള്ളതും ഏറെ സമയം എടുക്കുന്നതും പ്രത്യേകതരം കഴിവുകളെ ചിട്ടയോടെ പരിപോഷിപ്പിച്ചെടുക്കുന്നതുമാണ്.

വേറൊരുത്തന് ആസ്വാദ്യകരമായ രീതിയിൽ കല അവതരിപ്പിക്കുന്നവന്റെ കഴിവിന് പിന്നിൽ വർഷങ്ങളോളം ഉള്ള പരിശീലനമുണ്ട്. അത് ദൈവാനുഗ്രഹമായി ഠപ്പേന്ന് കിട്ടിയതല്ല. കിട്ടുകയുമില്ല.

ജന്മനാൽ കിട്ടുന്ന ഒരേയൊരു കഴിവ് വിശക്കുമ്പോൾ കരയുക എന്നതു മാത്രമാണ്.

ഒരു ‘പടം’ വരയ്ക്കാനാണോ കാശു ചോദിക്കുന്നത് എന്നു ആശ്ചര്യപ്പെടുന്നവരാണ് ഏതാണ്ട് എല്ലാവരും. ആഴ്ചയിൽ ഒരു തവണയെങ്കിലും ഇത് ഞാൻ കേൾക്കാറുമുണ്ട്.

ആ ചോദ്യം പതിനാലു മുറികളുള്ള രണ്ടുനിലക്കെട്ടിടം പെയിന്റടിക്കാനാണോ കാശുവാങ്ങുന്നത് എന്ന് ഒരു പെയിന്റ് ജോലിക്കാരനോടോ, അല്ലെങ്കിൽ നൂറ്റി ഇരുപത് കിലോമീറ്റർ അപ്പുറത്തുള്ള എയർപോർട്ട് വരെ പോകുന്നതിനാണോ കാശുവാങ്ങുന്നത് എന്ന് ഒരു ടാക്സി ഡ്രൈവറോടൊ ചോദിക്കുന്നതു പോലെ തന്നെ ബാലിശമാണ്.

മറ്റേതൊരു തൊഴിലിനേയും പോലെ തന്നെ വിഷയ വൈദഗ്ധ്യവും സമയവും സാമഗ്രികളും ആവശ്യമുള്ള ഒന്നാണ് കല.

അത്യാവശ്യം കൊള്ളാവുന്ന സാധന സാമഗ്രികൾക്കൊക്കെ തീവിലയാണ്. ഇപ്പോൾ ഒക്കെ കംപ്യുട്ടറിലല്ലേ, ഇതിനിപ്പോ എന്താണിത്ര ചിലവ് എന്നു ചോദിക്കുന്നവരുണ്ട്. അവർ മനസ്സിലാക്കാൻ.

ഗ്രാഫിക് കംപ്യുട്ടർ – 1,20,000 – 2,00,000
UPS- 7,000 – 10,000
HD മോണിറ്റർ – 20,000 – 30,000
Wacom Intuos- 35,000/-
Adobe CC വാർഷിക സബ്‌സ്‌ക്രിപ്‌ഷൻ – 40,000
സ്കാനർ – 10,000 – 20,000

അല്ലെങ്കിൽ,
iPad Pro- 1,50,000
ആപ്പിൾ പെൻസിൽ – 10,900
ആപ്പിൾ കെയർ ഇൻഷുറൻസ് – 17,900
പ്രൊക്രിയേറ്റ് – 750
Adobe CC വാർഷിക സബ്‌സ്‌ക്രിപ്‌ഷൻ – 40,000

ഇത്രയെങ്കിലുമാണ് ഒരു ആർട്ടിസ്റ്റിന്റെ അത്യാവശ്യം വേണ്ട ഹാർഡ്‌വെയർ സോഫ്റ്റ് വെയർ മുതൽമുടക്ക്.

ഓരോ സോഫ്ട്‍വെയറിലും വേണ്ട പരിശീലനവും വൈദഗ്ദ്യം നേടലും വളരെ ചിലവുള്ള ഒന്നാണ്. ഇതിനും പുറമേയാണ് വിഷയത്തിലുള്ള അറിവും സാങ്കേതികമായ പരിചയവും വേണ്ടിവരുന്നത്. ചിത്രകലയിൽ കുറഞ്ഞത് അഞ്ചുകൊല്ലമെങ്കിലുമാണ് പ്രധാനവിഷയങ്ങളിൽ അക്കാദമികമായ പരിശീലനം വേണ്ടിവരുന്നത്.

ഇങ്ങനെയൊക്കെയാണ് കാര്യങ്ങൾ. അതുകൊണ്ട് എന്താണിത്ര ചിലവ് എന്നു ചോദിക്കരുത്.

2. “നാളെ നമ്മുടെ കൈ തളർന്നുപോയാൽ തീർന്നു. എഴുത്ത് പറഞ്ഞുകൊടുത്ത് എഴുതിക്കാം. നാവു തളർന്നാൽ അതും തീർന്നു.”സംഗതി ‘പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും‘ കണ്ടതിന്റെ ഹാങ്ങ് ഓവറിൽ പറഞ്ഞതാണെങ്കിലും വളരെ ശരിയാണ്.

വര ജീവനോപാധിയായിക്കാണുന്ന ഒരാൾക്ക് അയാളുടെ കൈ തളർന്നുപോയാൽ തീർന്നു. അങ്ങിനെ കൈ തളർന്നുപോകുമ്പോൾ ഉപകാരപ്പെടാൻ കൂടിയാണ് ആരോഗ്യമുള്ളപ്പോൾ ചെയ്യുന്ന പണിക്ക് കൂലി ചോദിക്കുന്നത്.

കൈ തളർച്ച ഇല്ലാത്തപ്പോൾ എടുക്കുന്ന പണിക്ക് കാശുതരാത്ത നിങ്ങളെങ്ങനെയാണ് തളർന്നുകിടക്കുമ്പോൾ കാശു തരുന്നത്?! മറ്റു മനുഷ്യർ എങ്ങനെങ്കിലും ഒന്നു ഇരന്നു കണ്ടാലേ മോക്ഷം കിട്ടൂ ഇത്തരക്കാർക്ക്.

3. “ഒറ്റ ദിവസത്തെ കടുത്ത പ്രഷർ മതി നമ്മെ നമ്മളല്ലാതാക്കാൻ. പിന്നെ?”പിന്നെന്താ?! ഇല്ലാതായാൽ എടുത്തു കുഴിച്ചിടും. അല്ലെങ്കിൽ കത്തിക്കും. അത്ര തന്നെ. അതിനും കാശുവേണം. അല്ലാതെ ദൈവാനുഗ്രഹമുള്ള മനുഷ്യനായിരുന്നു എന്നു പറഞ്ഞൊരു ശീട്ടു കൊടുത്താലൊന്നും മരണാനന്തര ചടങ്ങുകൾ നടക്കില്ല.

പിന്നെ പ്രഷർ. അത്യാവശ്യം മേലനങ്ങി പണിയെടുത്താൽ പ്രഷർ നിയന്ത്രിക്കാം. അതിന് പണിയെടുക്കണം. അല്ലാതെ തുരന്നു തിന്നരുത്.

4. “ചെയ്യുന്ന എല്ലാ പ്രവർത്തിയിലും പ്രതിഫലം മോഹിക്കുന്ന പ്രവണത ഒരിക്കലും നമുക്ക് സ്വസ്തത തരില്ല.” ചെയ്യുന്ന എല്ലാ പ്രവൃത്തിയിലും പ്രതിഫലം എന്നത് ശരിയായ പ്രയോഗമാണോ?! ഒരാൾ വേറൊരാളെക്കൊണ്ട് അയാളുടെ ആവശ്യത്തിനായി ചെയ്യിക്കുന്നത് എന്നതല്ലേ ശരി?!

അപ്പോൾ ചെയ്യുന്ന ജോലിക്ക് പ്രതിഫലം വാങ്ങുന്നതാണോ വാങ്ങാത്തതാണോ സ്വസ്ഥത തരുന്നത്?! അതോ എനിക്ക് സ്വസ്ഥത കിട്ടണമെങ്കിൽ ഞാൻ തന്റെ പറമ്പ് വെറുതേ കിളച്ചു തരണമെന്നാണോ പറയുന്നത്?! സൗകര്യമില്ല.

5. “നമ്മുടെ സുഹൃത്തുക്കളിൽ നിന്നു മാത്രമല്ല കുടുംബത്തിൽ പോലും നമ്മൾ ഒറ്റപ്പെട്ടു പോകും.” ഭയങ്കരം! ഇമ്മാതിരി പാരസൈറ്റുകൾ സുഹൃത്തുക്കളായും കുടുംബക്കാരായും ഉള്ളതിലും നല്ലത് അലക്കുകല്ലുകളോട് കൂട്ടുകൂടുന്നതാണ്.

6. “അതിനർത്ഥം നമ്മുടെ വ്യക്തിത്വത്തിന്റെ ആത്മാവ് നഷ്ടപെടുക എന്നതാണ്.”എന്തോന്ന്?! വ്യക്തിത്വത്തിന്റെ ആത്മാവാ?! അതു നഷ്ടപ്പെടുമെന്ന്! ഒരുത്തന് വേണ്ടി ഉഴച്ചിട്ട് പ്രതിഫലം കിട്ടിയില്ലെങ്കിലാണ് ബ്രോ വ്യക്തിത്വം തന്നെ നഷ്ടപ്പെടുന്നത്.

ഈ പണി നിർത്തി മണ്ണുവെട്ടാൻ പൊയ്ക്കൂടേ എന്ന് ആരേലും ചോദിക്കും. അങ്ങനെയാണ് വ്യക്തിത്വവും, അസ്തിത്വവും നഷ്ടപ്പെടുന്നത്. ആത്മാവിന്റെ മണ്ണാങ്കട്ട!

7. “What good is it if the whole world is gained and the soul is lost?” ഇതാണ് ഈ മൊയന്തുകളെക്കൊണ്ടുള്ള പ്രധാന കുഴപ്പം. അപ്പഴേക്കും നമ്മുടെ മതവും ജാതിയും കണ്ടുപിടിച്ച് കുറച്ച് മതഭാഷണം ഇടയിൽക്കൂടെ കുത്തിക്കയറ്റും.

ഞാനൊരു ക്രിസ്ത്യാനിയാണ് എന്നു കണ്ടുപിടിച്ചാണ് ബൈബിൾ വചനങ്ങൾ കുടഞ്ഞിട്ടത്. എന്റെ പൊന്നുഭായീ, ഒരുത്തൻ കലാകാരനാകുന്നതു തന്നെ ജാതി, മത, വർണ്ണ, വർഗ്ഗത്തിനപ്പുറത്തേക്ക് വളർന്ന് മനുഷ്യനാകുമ്പോഴാണ്.

അവിടെയാണ് ഭായി കൊണ്ടുവന്ന് ജാതിത്തൈ നട്ടത്. എനിക്കു തിരിച്ചു ചോദിക്കാനുള്ളത് ഇതാണ്. What good is it if the whole work is gained and the income is lost?

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x