Kerala

വടക്കാഞ്ചേരിയിലെ ബസ്സപകടം; സർക്കാർ ഇടപെടൽ അപഹാസ്യം

മണ്ടൻമാരുടെ ഭരണകൂടം…

വടക്കാഞ്ചേരിയിലെ ബസ്സപകടത്തിന് ശേഷം സർക്കാർ നടത്തുന്ന ഇടപെടൽ എത്ര അപഹാസ്യമാണെന്ന് നോക്കൂ…

ബസ്സിന്റെ കളർ മാറ്റണം,
ബസ്സിനത്തെ സംഗീതം ഒഴിവാക്കണം,
ബസ്സിനകത്തെ വെളിച്ചം ഒഴിവാക്കണം,
രാത്രി യാത്ര ഒഴിവാക്കണം…

നാടു നീളെ ഉദ്യോഗസ്ഥരുടെ പരിശോധനയാണ്, ടൂറിസ്റ്റ് ബസ്സുടമകളെല്ലാം കോടീശ്വരൻമാരല്ല, ബാങ്ക് ലോണെടുത്ത് ഒരു ഏർപ്പാട് നടത്തുന്നവരാണ് പലരും. വിനോദയാത്രയുടെ സീസണാണിത്. അവരുടെ കഞ്ഞിയിൽ മണ്ണ് വാരിയിടുകയാണ് ഭരണ കൂടം.

കളറും പാട്ടും ബസിനകത്തെ വെളിച്ചവുമല്ല അപകടമുണ്ടാക്കുന്നത്, റോഡിന്റെ പ്രശ്നങ്ങളും അമിത വേഗതയും ഡ്രൈവർമാരുടെ മദ്യപാനവും മറ്റുമാണ്. ആ പ്രശ്നത്തിലേക്ക് കടക്കാതെ ഇരുമ്പുലക്ക് വിഴുങ്ങിയതിന് ചുക്കുവെള്ളം കുടിക്കുകയാണ് സർക്കാർ.

ടൂറ് പോകുന്നത് ആഘോഷിക്കാനാണ്, പാട്ടും വെളിച്ചവുമൊക്കെ അതിന്റെ ഭാഗമാണ്, കേരളത്തിൽ മാത്രമല്ല ലോകം മുഴുവനും ആടിയും പാടിയുമൊക്കെയാണ് മനുഷ്യർ ടൂറ് പോകുന്നത്. കേരളത്തിൽ യാത്ര ചെയ്യാൻ രാത്രിയുടെ ഇരട്ടി സമയം വേണം പകലിൽ, ആമാതിരി ട്രാഫിക്കാണ്. രാത്രി നിരോധനം ടൂറിസ്റ്റ് ബസ്സകൾക്ക് മാത്രം മതിയോ..?

രാത്രി വണ്ടിയോടിക്കുന്ന KSRTC/പ്രൈവറ്റ് ബസുകളിലും ലോറിയിലും കാറിലുമുള്ള ഡ്രൈവർമാർക്ക് വരാത്ത ഉറക്കം ടൂറിസ്റ്റ് ബസ്ഡ്രൈവർമാർക്ക് മാത്രം വരുമോ…? ആ വാഹനങ്ങളിലുള്ളവരുടെ ജീവന് സർക്കാർ വില കൽപിക്കുന്നില്ലേ…?

1812 കിലോമീറ്ററാണ് കേരളത്തിലെ നാഷണൽ ഹൈവേ, 50 പോലിസ് വണ്ടികൾ 36 കിലോമീറ്റർ ഡിസ്റ്റൻസിൽ പരിശോധിച്ചാൽ കേരളത്തിലെ നാഷണൽ ഹൈവേ മുഴുവനും നിയന്ത്രണത്തിൽ നിർത്താനാകും. കേരളത്തിൽ 471 പോലീസ് സ്റ്റേഷനുകളുണ്ട്. ഇവിടെയെല്ലാം നൈറ്റ് പട്രോളിംഗുമുണ്ട്. പരിശോധനയില്ലാത്തതല്ല പ്രശ്നം. എന്ത് പരിശോധിക്കണം എന്നറിയാത്തതാണ്, അത് പറഞ്ഞു കൊടുക്കാൻ അറിയുന്ന തലയിൽ ആൾപ്പാർപ്പമുള്ളവർ ഇല്ലാത്തതാണ് പ്രശനം.

സീറ്റ് ബെൽറ്റും ബുക്കും പേപ്പറും നോക്കുന്ന പരിപാടിയാണ് പോലിസ് ചെയ്തു കൊണ്ടിരിക്കുന്നത്. നമ്പരടിച്ചാൽ ഒരു വാഹനത്തിന്റെ എല്ലാ വിവരവും സാധാരണക്കാരന് പോലും കിട്ടുന്ന കാലത്ത് എന്തിനാണ് ബുക്കും പേപ്പറും അന്വേഷിക്കുന്നത്…? കൈക്കൂലിയല്ലാതെ മറ്റെന്തെങ്കിലും ഉദ്ധേശമുണ്ടോ…?

വാഹനത്തിന് പുറത്ത് അമിതമായി ലൈറ്റ് ഉപയോഗിക്കുന്ന എത്ര വാഹനങ്ങളാണ് നമ്മുടെ മുന്നിലൂടെ കടന്ന് പോകുന്നത്, അത്യാവശ്യം വേണ്ട ലൈറ്റുകൾ ഇല്ലാത്ത, ബ്രൈക്ക് ലൈറ്റ് പോലും ഇല്ലാത്ത എത്ര വാഹനങ്ങളാണ് കടന്നു പോകുന്നത്. പോലിസ് പരിശോധിച്ച് കനത്ത ഫെനടിച്ചാൽ ഒരാഴ്ച കൊണ്ട് ഈ പ്രശ്നം പരിഹരിക്കില്ലേ…?

ഹൈവേകളിൽ പാർക്കിംഗ് ലൈറ്റിടാതെ നിർത്തിയിടുന്ന എത്ര വാഹനങ്ങളെ നാം കാണുന്നുണ്ട്, ഭാഗ്യം കൊണ്ടല്ലേ ഓരോ ദിവസവും നിരവധി പേർ രക്ഷപ്പെടുന്നത്. പോലീസ് ഫൈനടിച്ചാൽ തീരുന്ന പ്രശ്നമല്ലേയിത്…?

ഓരോ പോലീസ് ചെക്കിംഗിലും ഡ്രൈവർമാർ മദ്യപിച്ചിട്ടുണ്ടോ എന്നറിയാനുള്ള പരിശോധന നടത്തിയാൽ, മദ്യപാനികൾക്ക് കടുത്ത ശിക്ഷ നൽകിയാൽ ആരാണ് മദ്യപിച്ച് വണ്ടിയോടിക്കാൻ ധൈര്യപ്പെടുക…? ‘

ടൂറിസ്റ്റ് ബസുകളും ലോറികളും ഉൾപ്പടെ ഹെവി ഡ്രൈവർമാരെയും അവരുടെ ഡ്യൂട്ടി സമയവും ഉടമകൾ അപ് ലോഡ് ചെയ്യേണ്ട വിധം ഒരാപ്പുണ്ടാക്കിയാൽ തുടർച്ചയായ ഡ്യൂട്ടിയുടെ പ്രശ്നം പരിഹരിച്ചു കൂടെ..? ഡ്രൈവർമാർ ഉറങ്ങിപ്പോകുന്നതു കാരണം ഏറ്റവും കൂടുതൽ അപകടമുണ്ടാക്കുന്നത് ട്രക്കുകളല്ലേ..?

നിലവിലുള്ള സാഹചര്യങ്ങളും സംവിധാനങ്ങളും വെച്ച് പരിഹരിക്കാൻ കഴിയുന്ന പ്രശ്നങ്ങളേ നമുക്കുള്ളൂ, നമുക്കില്ലാത്തത് വകതിരിവുള്ള രാഷ്ട്രീയ നേതൃത്വമാണ്. ജീവിതത്തിൽ എന്തെങ്കിലുമൊക്കെ പ്രൊഡക്റ്റീവായി ചെയ്തു പരിചയമുള്ളവരാണ് ഭരിക്കേണ്ടത്, അവർക്ക് ആശയങ്ങളും അത് നടപ്പിലാക്കാനുള്ള വിൽപവറുമുണ്ടാകും. തല്ലിപ്പൊളിച്ചും കാലുവാരിയും പെട്ടി പിടിച്ചും മൂട് താങ്ങിയും അധികാരത്തിൽ കയറിപ്പറ്റിയവർക്ക് അതിൽ കടിച്ചു തൂങ്ങുന്നതിനപ്പുറം, കയ്യിട്ടു വാരുന്നതിനപ്പുറം ഒരു ലക്ഷ്യവുമുണ്ടാകില്ല.

അതിന്റെ ദുരിതമാണ് ഏത് മുന്നണി ഭരിച്ചാലും നമ്മൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത്.

-ആബിദ് അടിവാരം

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x