മുസ്ലിം സംഘടനകളുടെ ഐക്യാഹ്വാനം ആശാവഹം; സി.പി ഉമർ സുല്ലമി
മുജാഹിദ് സമ്മേളന സ്പെഷ്യൽ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിം സമുദായത്തിന്റെയും കേരളീയ പൊതുസമൂഹത്തിന്റെയും നന്മ ലക്ഷ്യം വെച്ചുകൊണ്ട് മുസ്ലിം സംഘടനകൾ ഐക്യപ്പെടാൻ ആഗ്രഹിക്കുന്നത് ആശാവഹമാണെന്ന് കെ.എൻ എം മർക്കസുദഅവ ജനറൽ സെക്രട്ടറി സിപി ഉമർ സുല്ലമി പറഞ്ഞു.
കേരളീയ സമൂഹത്തിൽ ഐക്യവും സഹവർത്തിത്വവും ലക്ഷ്യം വെച്ചുള്ള സാമുദായിക കോഡിനേഷൻ സംരംഭങ്ങളും സ്വാഗതാർ മാണെന്നും അദ്ദേഹം പറഞ്ഞു.
‘വിശ്വമാനവികതക്ക് വേദ വെളിച്ചം’ എന്ന പ്രമേയത്തിൽ 2024 ജനുവരി 25 മുതൽ 28 വരെ കൊണ്ടോട്ടിക്കടുത്ത് കരിപ്പൂരിൽ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി സംഘടിപ്പിച്ച മുജാഹിദ് സ്പെഷ്യൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമുദായങ്ങളെ തമ്മിലടിപ്പിച്ച് നേട്ടം കൊയ്യാനായി സോഷ്യൽ മീഡിയയിലും അല്ലാതെയും വിദ്വോഷ പ്രചരണം നടത്തുന്നവരെ നിയമപരമായി നേരിടുന്നതിൽ കേരള പോലീസ് വിവേചനപരമായ നിലപാടെടുക്കുന്നതായി കൺവെൻഷൻ കുറ്റപ്പെടുത്തി.
മുസ്ലിം സമുദായത്തെ അധിക്ഷേപിച്ചു കൊണ്ട് വിദ്വേഷം പരത്തുന്നവരെ നിയമപരമായി നേരിടുമെന്നും കൺവെൻഷൻ വ്യക്തമാക്കി.
കെ.എൻ.എം മർക്കസുദഅവ പ്രസിഡണ്ട് ഡോക്ടർ ഇ കെ അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻറ് പ്രൊഫസർ എ അബ്ദുൽ ഹമീദ് മദീനി മുഖ്യ പ്രഭാഷണം നടത്തി.
ഡോക്ടർ അനസ് കടലുണ്ടി, എൻ.എം ജലീൽ , ഫൈസൽ നന്മണ്ട, ഡോക്ടർ ജാബിർ അമാനി, അബ്ദുസ്സലാം പുത്തൂർ ബി.പി.എ ഗഫൂർ , സഹൽ മുട്ടിൽ, കെ പി അബ്ദുറഹ്മാൻ സുല്ലമി, ഗഫൂർ വളപ്പൻ ജിദ്ദ, ഹസൈനാർ അൻസാരി യു.എ.ഇ, സി.അബ്ദുൽ ലത്തീഫ് മാസ്റ്റർ, റുക്സാന വാഴക്കാട് ഫഹീം പുളിക്കൽ എന്നിവർ സംസാരിച്ചു.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS