Middle East

അറബികൾ വിദ്യാസമ്പന്നരല്ലെന്നോ? ; സന്തോഷ് ജോർജ് കുളങ്ങരയുടെ മൂഢധാരണകൾ

ഒന്നോ രണ്ടോ ദിവസം ഒരു രാജ്യത്തിലൂടെ സഞ്ചരിച്ചാൽ അവിടത്തെ ഏതാനും കാഴ്ചകളെ കുറിച്ച് സംസാരിക്കാൻ സാധിക്കുമെന്നല്ലാതെ ആ രാജ്യത്തിന്റെ സാമ്പത്തിക-സാമൂഹിക- വിദ്യാഭ്യാസമടക്കമുള്ള കാര്യങ്ങളെ സമ്പൂർണ്ണമായി വിലയിരുത്താനാകുമെന്ന മൂഢ ധാരണയൊന്നും ആർക്കുമുണ്ടാകില്ല.

അങ്ങനെ വിലയിരുത്തുന്നത് സന്തോഷ് ജോർജ് ആണെങ്കിലും ശരി.

അപ്പോൾ പിന്നെ ‘മലയാളിക്ക് എങ്ങനെയാണോ ബാംഗാളി, അങ്ങനെയാണ് അറബികൾക്ക് മലയാളികൾ ‘ എന്ന കണ്ടുപിടുത്തം ശുദ്ധ അസംബന്ധമല്ലാതെ മറ്റെന്താണ് ?.

‘ഗൾഫിൽ വിദ്യാസമ്പന്നരില്ല. അതുകൊണ്ടാണ് വിദ്യാസമ്പരായ മലയാളികൾ അവിടെ ജോലി ചെയ്യുന്നതെന്ന’ ജോർജിന്റെ വിലയിരുത്തൽ യാതൊരു നിലയും നിലവാരവുമില്ലാത്ത നിരീക്ഷണമായിപ്പോയി.

യഥാർഥത്തിൽ വിദ്യാഭ്യാസം വ്യവസായമായി മാറിയ കേരളത്തിൽ നിന്ന് പഠനത്തിനായി വിദ്യാർഥികൾ പുറത്തു പോകുന്നതും, പ്രയാസപ്പെട്ട് പഠിച്ചവർ തന്നെ തൊഴിലില്ലാതെ തെക്കു – വടക്കു നടക്കുന്നതും കാരണമാണ് കുറെ പേർ വിദേശത്തെത്തിയത്. അല്ലാതെ അറബികളെ സഹായിക്കാനുള്ള മഹാമനസ്കത കാരണം വിദേശത്തേക്ക് വണ്ടി കയറിയവരല്ല.

‘ഒരു വിദ്യാഭ്യാസവുമില്ലാത്ത എനിക്കുവേണ്ടിയാണ് മലയാളി പണിയെടുക്കുന്നത് ‘ എന്നാണ് അറബി കാണുന്നതെന്ന സന്തോഷ് ജോർജിന്റെ വിലയിരുത്തൽ ആധുനിക ഗൾഫിനെക്കുറിച്ചുള്ള അറിവില്ലായ്മ കൊണ്ടാകാൻ തരമില്ല.

ഗൾഫിൽ വ്യാപകമായി നടക്കുന്ന സ്വദേശിവൽകരണം മുനിസിപ്പാലിറ്റി ക്ലീനിംഗ് വർക്കുകളിലും മീൻ പിടുത്തത്തിലുമല്ല. മറിച്ച്, ആരോഗ്യ-വിദ്യാഭ്യാസ – ഐ. ടി ഉൾപ്പടെയുള്ള ഉന്നത മേഖലകളിലാണ്.

ജോലി നഷ്ടപ്പെട്ട മലയാളി നാട്ടിലെത്തി ധം ബിരിയാണി വിൽക്കുന്ന ദയനീയ കാഴ്ച സന്തോഷ് കുളങ്ങര കാണാത്തത് അദ്ദേഹം നാട്ടിലൂടെ സഞ്ചരിക്കാതെ വിദേശത്ത് മാത്രം സഞ്ചരിക്കുന്നതു കൊണ്ടാകാം.

അതിനാൽ മലയാളികൾ ബംഗാളികളെ കാണുന്ന രീതിയിൽ എന്തെങ്കിലും അപാകതയുണ്ടെങ്കിൽ അത് തിരുത്തുകയാണ് വേണ്ടത്. അല്ലാതെ വിവരവും വിദ്യാഭ്യാസവുമുള്ള ആധുനിക അറബികളെ കാൽ നൂറ്റാണ്ട് മുമ്പുള്ള അവരുടെ സാഹചര്യങ്ങളോട് സമീകരിക്കുകയല്ല.

മലയാളി വിവരമില്ലാത്തവനാണെന്ന് പറയാതെ പറയുന്ന ജോർജ് വാസ്തവത്തിൽ മലയാളിയെ അപമാനിക്കുകയാണ് ഈ സമീകരണത്തിലൂടെ ചെയ്തിരിക്കുന്നത്. അതിനാൽ ‘മാറുന്ന കാലം മാറേണ്ട മലയാളി ‘ എന്ന 24 ചർച്ചയിലെ താങ്കളുടെ നിരീക്ഷണം നിരാശപ്പെടുത്തുന്നതാണെന്ന് അൽപ്പം നിരാശയോടെ തന്നെ പറയേണ്ടി വന്നിരിക്കുന്നു.

അഷ്റഫ് മരുത, റിയാദ്

3 2 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x